Connect with us

javaharlal nehru

അല്ല, ചരിത്രത്തിലെ നെഹ്‌റു അങ്ങനെയല്ല

ഗാന്ധിജിയെയും മൗലാനാ അബുല്‍ കലാം ആസാദിനെയും നെഹ്‌റുവിനെയും ആരംഭകാലം മുതല്‍ ശത്രുസ്ഥാനത്ത് നിര്‍ത്തിയവരാണ് ആര്‍ എസ് എസുകാരെന്ന കാര്യം അറിയാത്ത ഒരാളല്ലല്ലോ സുധാകരന്‍. ഹിന്ദു - മുസ്‌ലിം മൈത്രിക്ക് വേണ്ടി വാദിക്കുകയും ഹിന്ദുക്കളും മുസ്‌ലിംകളും ഒരു രാഷ്ട്രമാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്ത ദേശീയ നേതാക്കളെ ആര്‍ എസ് എസുകാര്‍ ഹിന്ദുക്കളുടെ ശത്രുവായിട്ടാണ് ചിത്രീകരിച്ചത്.

Published

|

Last Updated

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്റെ ആര്‍ എസ് എസ് ആഭിമുഖ്യം പരസ്യമായി തന്നെ തുടര്‍ച്ചയായി പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഗാന്ധിജിയെയും മൗലാനാ അബുല്‍ കലാം ആസാദിനെയും നെഹ്‌റുവിനെയും ആരംഭകാലം മുതല്‍ ശത്രുസ്ഥാനത്ത് നിര്‍ത്തിയവരാണ് ആര്‍ എസ് എസുകാരെന്ന കാര്യം അറിയാത്ത ഒരാളല്ലല്ലോ സുധാകരന്‍. ഹിന്ദു – മുസ്‌ലിം മൈത്രിക്ക് വേണ്ടി വാദിക്കുകയും ഹിന്ദുക്കളും മുസ്‌ലിംകളും ഒരു രാഷ്ട്രമാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്ത ദേശീയ നേതാക്കളെ ആര്‍ എസ് എസുകാര്‍ ഹിന്ദുക്കളുടെ ശത്രുവായിട്ടാണ് ചിത്രീകരിച്ചത്. ഖിലാഫത്ത് നിസ്സഹകരണ പ്രക്ഷോഭ കാലത്ത് രൂപം കൊണ്ട ആര്‍ എസ് എസും സ്ഥാപകനായ ഹെഡ്‌ഗെവാറും ഹിന്ദു-മുസ്‌ലിം മൈത്രി മുന്നോട്ട് വെച്ച ഗാന്ധിജിയെയും അബുല്‍ കലാം ആസാദിനെയും നെഹ്‌റുവിനെയും അതിന്റെ പേരില്‍ ആക്ഷേപിച്ചവരാണ്.
ഇന്നിപ്പോള്‍ കോണ്‍ഗ്രസ്സ് നേതാവ് കെ സുധാകരന്‍ ആര്‍ എസ് എസിന്റെ ഹിന്ദുത്വ അജന്‍ഡക്കാവശ്യമായ രീതിയില്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനിക്കുകയാണ്. ബി ജെ പി അനുകൂല രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ്സുകാരെ എത്തിക്കാനുള്ള ചരിത്രവിരുദ്ധവും വഞ്ചനാപരവുമായ നീക്കങ്ങളാണ് സുധാകരന്‍ നടത്തുന്നത്.

കണ്ണൂരില്‍ നടന്ന എം വി ആര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെ സുധാകരന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഒരു മതനിരപേക്ഷ ജനാധിപത്യവാദിക്കും അംഗീകരിക്കാനാകുന്നതല്ല. സുധാകരന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റെന്ന നിലയില്‍ യാതൊരു വിധ രാഷ്ട്രീയ സങ്കോചവുമില്ലാതെ പറഞ്ഞത് ആര്‍ എസ് എസ് ശാഖകള്‍ക്ക് താന്‍ ആളെ അയച്ച് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്. കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസ് ശാഖകള്‍ക്ക് നേരേ സി പി എമ്മിന്റെ ഭാഗത്ത് നിന്ന് എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലായിരുന്നു പോലും സുധാകരന്റെ കുട്ടികള്‍ ശാഖകള്‍ക്ക് കാവല്‍ കിടന്നത്!

1949ല്‍ ബാബരി മസ്ജിദില്‍ ഹിന്ദു മഹാസഭക്കാര്‍ അതിക്രമിച്ച് കയറി വിഗ്രഹങ്ങള്‍ സ്ഥാപിച്ച് അതെല്ലാം സ്വയംഭൂവായതാണെന്ന് പ്രചരിപ്പിച്ചപ്പോള്‍ അന്നത്തെ യു പി മുഖ്യമന്ത്രി ജി വി പന്തിനോട് വിഗ്രഹങ്ങള്‍ പള്ളിക്കകത്ത് നിന്നെടുത്ത് സരയൂവിലെറിയാൻ നെഹ്‌റു കല്‍പ്പിച്ചതാണ്. പക്ഷേ, നെഹ്‌റുവിനെ പോലും ധിക്കരിച്ച് യു പിയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പള്ളി തര്‍ക്കഭൂമിയാക്കി പൂട്ടിയിടുകയായിരുന്നല്ലോ. 1992ല്‍ പള്ളി സംരക്ഷിക്കുന്നതിന് പകരം നരസിംഹ റാവു സര്‍ക്കാര്‍ പള്ളി പൊളിക്കാന്‍ വന്ന കര്‍സേവകര്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കുകയായിരുന്നു! ആ കുറ്റകരമായ ചരിത്രത്തോടൊപ്പം നില്‍ക്കുകയാണ് കെ സുധാകരനെ പോലുള്ള ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍.

ഏറ്റവുമൊടുവില്‍ നെഹ്റുവിനെ ചാരി തന്റെ വര്‍ഗീയ മനസ്സിനെയും ആര്‍ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുന്ന നിലപാടാണ് കെ പി സി സി പ്രസിഡന്റ് എടുത്തത്. “വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ തയ്യാറായ വലിയ മനസ്സാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെ’ന്നാണല്ലോ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. അതും രാജ്യം ജവഹര്‍ലാല്‍ നെഹ്റുവിനെ സ്മരിക്കുന്ന ശിശു ദിനത്തിലാണെന്നതാണ് കൗതുകകരമായ കാര്യം. ആര്‍ എസ് എസിനെ വെള്ള പൂശുന്നതില്‍ എന്ത് മഹത്വമാണ് സുധാകരന്‍ കാണുന്നതെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് പറയാന്‍ കഴിയുമോ.

തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവാണ് ജവഹര്‍ലാല്‍ നെഹ്റു. 1947 ഡിസംബര്‍ ഏഴിന് മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍, ആര്‍ എസ് എസ് ഉയര്‍ത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു, “ആര്‍ എസ് എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്. അത് തീര്‍ച്ചയായും കര്‍ശനമായ നാസി സ്വഭാവമാണ് തുടരുന്നത്.’ മറ്റൊരു കത്തില്‍, ആര്‍ എസ് എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളില്‍ അകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിന്റെ ഫാസിസ്റ്റ് സ്വഭാവത്തെ പറ്റി നെഹ്‌റു മഹാത്മാ ഗാന്ധിജിയെ പോലെ ജാഗ്രത പുലര്‍ത്തിയിരുന്നു.
ഗാന്ധിജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി അഞ്ചിന് മുഖ്യമന്ത്രിമാര്‍ക്കെഴുതിയ കത്തില്‍, “ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കാര്‍ അവരുടെ സെല്ലുകള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. നമ്മള്‍ അതിനെ അടിച്ചമര്‍ത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം’ എന്നാണ് നെഹ്റു എഴുതിയത്. ആര്‍ട്ടിക്കിള്‍ 370നെ എതിര്‍ത്ത് 1953ല്‍ കശ്മീരില്‍ പ്രവേശിക്കവേ ശ്യാമപ്രസാദ് മുഖര്‍ജി അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റു ആയിരുന്നു എന്ന ചരിത്ര വസ്തുത പോലും ഒരു സംസ്ഥാനത്തെ കോണ്‍ഗ്രസ്സിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത് അത്ഭുതകരമാണ്.

കോണ്‍ഗ്രസ്സില്‍ സുധാകരന്റെ മാനസിക നിലയുള്ള ആര്‍ എസ് എസ് പക്ഷപാതികള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. അത്തരക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിയ കോണ്‍ഗ്രസ്സ് നടപടിയില്‍ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നതെന്ന് സുധാകരനെ ന്യായീകരിക്കാനിറങ്ങിയ കോണ്‍ഗ്രസ്സുകാര്‍ പറയാന്‍ ബാധ്യസ്ഥരാണ്. ശ്യാമപ്രസാദ് മുഖര്‍ജിയെയും ഡോ. അംബേദ്കറെയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, ഡോ. അംബേദ്കറെ അവഹേളിക്കുക കൂടിയാണ്. സുധാകരന്‍ ആര്‍ എസ് എസ് പ്രേമം മൂത്ത് എന്തും പറയുന്ന അവസ്ഥയിലാണെന്ന് സംശയിക്കേണ്ടിവരും. തനിക്കു തോന്നിയാല്‍ ബി ജെ പിയില്‍ പോകുമെന്നും ആളെ അയച്ച് ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്തികളെ ജവഹര്‍ലാല്‍ നെഹ്‌റുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാര്‍ഥ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്. അവര്‍ അക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം സുധാകരന്റെ അസംബന്ധങ്ങള്‍ക്ക് മൗനം കൊണ്ട് സമ്മതം നല്‍കലാണ്. ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികള്‍ തങ്ങളുടെ വര്‍ഗീയ അജൻഡക്ക് കളമൊരുക്കിയത്. അന്ന് ആര്‍ എസ് എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്‌റുവാണ്. ആ നെഹ്റുവിനെ ആര്‍ എസ് എസിനോട് മമത കാട്ടിയ നേതാവാക്കി ചിത്രീകരിച്ചാല്‍ സന്തോഷിക്കുന്നത് ആര്‍ എസ് എസ് മാത്രമാണ്. അതാണ് സുരേന്ദ്രനെ പോലുള്ള ബി ജെ പി നേതാക്കളുടെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത്. അങ്ങനെ ഹിന്ദുത്വ വാദികളെ സന്തോഷിപ്പിക്കുന്നതാണോ കോണ്‍ഗ്രസ്സിന്റെ നയം എന്ന് കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയണം.

Latest