International
അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കുമാകില്ല; യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
യുഎസ് കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് ട്രംപ്.

വാഷിങ്ടണ്‍|അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കുമാകില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ സ്വപ്നങ്ങള്‍ എപ്പോഴത്തേക്കാളും മികച്ചതും വലുതുമായെന്നും യുഎസ് കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്ക തിരിച്ചുവന്നു എന്ന വാചകത്തോടെയാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. വലിയ കയ്യടികളോടെയാണു ട്രംപിനെ ഭരണപക്ഷാംഗങ്ങള്‍ വരവേറ്റത്. മുന്‍ സര്‍ക്കാരുകള്‍ നാല് വര്‍ഷം കൊണ്ടോ 8 വര്‍ഷം കൊണ്ടോ ചെയ്ത കാര്യങ്ങള്‍ 43 ദിവസം കൊണ്ടു നമ്മള്‍ ചെയ്തു. നമ്മള്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ടെക്‌സസില്‍ നിന്നുള്ള ഡമോക്രാറ്റ് അംഗം അല്‍ ഗ്രീന്‍ ശ്രമിച്ചു. അല്‍ ഗ്രീനിനെ പുറത്താക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോടു ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സന്‍ നിര്‍ദേശിച്ചു.
വിദേശത്തുനിന്നുള്ള അലുമിനിയം, ചെമ്പ്, സ്റ്റീല്‍ എന്നിവയ്ക്ക് 25 ശതമാനം തീരുവ അമേരിക്ക ചുമത്തി. ഈ തീരുമാനം അമേരിക്കന്‍ തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, രാജ്യത്തിന്റെ ആത്മാവ് സംരക്ഷിക്കുന്നതു കൂടിയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ കര്‍ഷകര്‍ക്കായി പുതിയ വ്യാപാരനയം കൊണ്ടുവരും. വൃത്തിയില്ലാത്ത പല ഉല്‍പ്പന്നങ്ങളും അമേരിക്കയിലേക്കു മറ്റു രാജ്യങ്ങളില്‍നിന്ന് എത്തുന്നുണ്ട്. ഇത് കര്‍ഷകര്‍ക്കു ദ്രോഹമാണ്. ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വരുന്ന പുതിയ താരിഫുകള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളെക്കൂടി ഉന്നമിട്ടുള്ളതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നിരവധി അമേരിക്കക്കാരുടെ ജീവനെടുത്ത ഫെന്റനൈല്‍ ലഹരിമരുന്ന് മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നാണു എത്തുന്നത്. ഈ രണ്ടു രാജ്യങ്ങള്‍ക്കും നല്‍കിയിരുന്ന ഇളവുകള്‍ നിര്‍ത്തുമെന്നും ട്രംപ് വ്യക്തമാക്കി. ചില രാജ്യങ്ങള്‍ അമേരിക്കയ്ക്കു ചുമത്തുന്ന തീരുവ വളരെ വലുതാണ്. ഇനി അവര്‍ക്കെതിരെ യുഎസും തീരുവ ചുമത്തും. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിനുപകരം തീരുവ തുടങ്ങുമെന്നും ട്രംപ് അറിയിച്ചു. മനുഷ്യര്‍ക്കു രണ്ടു തരത്തിലുള്ള ജെന്‍ഡറേ ഉള്ളൂ. പുരുഷനും സ്ത്രീയും, ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വിഭാഗമില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് രൂപീകരിച്ചത് ചരിത്രപരമായ തീരുമാനമാണ്. വ്യവസായി ഇലോണ്‍ മസ്‌കിനെ അതിന്റെ തലവനാക്കി. മസ്‌ക് വളരെ കഠിനാധ്വാനിയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.