Connect with us

Kerala

നമ്മുടെ നന്മകള്‍ക്ക് ആരും അവകാശ വാദം ഉന്നയിക്കരുത്

മറ്റുള്ളവര്‍ക്ക് നോവാകുന്ന വാക്കുകള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമാപണം നടത്തുകയും തുടര്‍ന്നുള്ള കാലം ആരെയും വേദനിപ്പിക്കാതെ നോക്കുകയും വേണം.

Published

|

Last Updated

നന്മയുടെ വസന്തകാലമായ പരിശുദ്ധ റമസാന്‍ വിട്ട് പിരിയുകയാണ്. പവിത്ര മാസത്തിലെ ധന്യമായ നിമിഷങ്ങള്‍ ഇന്നോ നാളെയോ അവസാനിക്കും. കഴിയുന്ന വിധത്തിലെല്ലാം അതിനെ സ്വീകരിക്കാനും ആദരവ് കല്‍പ്പിക്കാനും നാം ശ്രമിച്ചിട്ടുണ്ട്.

കാരുണ്യം പെയ്തിറങ്ങിയ ദിനരാത്രങ്ങളില്‍ കരുണ തേടി രക്ഷിതാവിലേക്കടുത്തു. പാപം പൊറുക്കാനായി കേണപേക്ഷിക്കുകയും നന്മകളില്‍ വ്യാപൃതരാകുകയും ചെയ്തു. ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കുവേണ്ടി പള്ളികളിലേക്ക് ചുവടുവെച്ചു. തറാവീഹും വിത്റും വിടാതെ നിസ്‌കരിക്കുകയും ചെയ്തു.

കണ്ണും കാതും കൈയും സ്രഷ്ടാവിന്റെ പൊരുത്തത്തിലായി മാത്രം ചെലവഴിച്ചു. തെറ്റുകളില്‍ നിന്ന് അകന്നു നിന്നു. ഹിംസാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ആത്മ സംയമനം പാലിക്കുകയും ചെയ്തു. ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയും ദൈവിക സ്മരണകളിലായി കഴിഞ്ഞു കൂടുകയും ചെയ്തു.

എല്ലാം അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ടാണ്. അവനില്‍ നിന്ന് പാപമോചനം കിട്ടാനും നരക മുക്തി നേടാനുമാണ്. ചെയ്തതൊന്നും മേന്മ പറയാനും മേനി നടിക്കാന്‍ മാത്രവും ഇല്ലെങ്കിലും അവന്‍ സ്വീകരിച്ചനുഗ്രഹിച്ചാല്‍ നമ്മള്‍ രക്ഷപ്പെട്ടു. അതിനായി നമുക്ക് പ്രാര്‍ഥിച്ചു കൊണ്ടിരിക്കാം.

റമസാനില്‍ നാം കൈവരിച്ച വിശുദ്ധിയും ചൈതന്യവും ഒരിക്കലും നഷ്ടപ്പെടുത്തരുത്. വിശുദ്ധ മാസം നമ്മില്‍ നിന്ന് വിട്ട് പിരിയുന്നതോടെ കൂടെ നന്മകള്‍ കൈവെടിയരുത്. പശ്ചാത്തപിച്ചും കണ്ണീര്‍ പൊഴിച്ചും സ്ഫുടം ചെയ്തെടുത്ത ആത്മാവ് പാപക്കറയില്‍ മുങ്ങാതെ നോക്കണം. പരിശ്രമിച്ചും പണിപ്പെട്ടും പെറുക്കിക്കൂട്ടിയ നന്മകള്‍ കട്ട് പോകുന്നതും കൊള്ളയടിക്കുന്നതും നോക്കണം. അതിനായി ആരും അവകാശവാദം ഉന്നയിച്ച് വരുന്ന സ്ഥിതിയുണ്ടാകരുത്.

ഒരിക്കല്‍ നബി (സ) അനുചരരോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ നഷ്ടം സംഭവിച്ചവനാരെന്നറിയാമോ എന്ന് ചോദിച്ചു. അവര്‍ സന്പത്ത് കൈയിലില്ലാത്തവനെന്നും ചരക്കുകളൊന്നും കൈവശമില്ലാത്തവനെന്നും മറുപടി പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു, അവരാരുമല്ല യഥാര്‍ഥത്തില്‍ നഷ്ടം പറ്റിയവര്‍. നബി തുടര്‍ന്നു. കുറേ സത്കര്‍മങ്ങള്‍ ചെയ്ത നല്ല വ്യക്തി പാരത്രിക ലോകത്ത് വരും. പക്ഷേ, അദ്ദേഹം ചീത്ത പറഞ്ഞെന്നും ആരോപണം നടത്തിയെന്നും ആക്രമിച്ചെന്നും പറഞ്ഞ് പലരും വരികയും അവസാനം അദ്ദേഹം നിസ്‌കരിച്ചതും നോന്പനുഷ്ഠിച്ചതും സകാത്ത് നല്‍കിയതും അദ്ദേഹത്തിന് ഉപകാരപ്പെടാതെ പോകുകയും ചെയ്യും. അഥവാ ആ നന്മകള്‍ ആക്രമിക്കപ്പെട്ടവര്‍ക്കും ചീത്ത കേട്ടവര്‍ക്കും ആരോപണ വിധേയര്‍ക്കും വീതിച്ച് നല്‍കപ്പെടും. വീണ്ടും വീണ്ടും പരാതികള്‍ വന്ന് അവസാനം നന്മകള്‍ വീതിച്ച് നല്‍കാനില്ലാതെ വരുന്‌പോള്‍ വരുന്നവരുടെ പാപങ്ങള്‍ ഇദ്ദേഹത്തിന് മേല്‍ ചുമത്തപ്പെടും.

എത്രമാത്രം സങ്കടകരമായ അവസ്ഥയാണ് അത്തരക്കാരുടേതെന്ന് ചിന്തിച്ച് നോക്കൂ. ചെയ്യുന്ന പാപങ്ങള്‍ അല്ലാഹുവുമായി മാത്രം ബന്ധമുള്ളതാണെങ്കില്‍ അവനോട് പൊറുക്കല്‍ ചോദിക്കാം. അവന്‍ പൊറുക്കുന്നവനും മാപ്പാക്കുന്നവനുമാണ്. പക്ഷേ അത് മറ്റുള്ളവരുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ളതാണെങ്കില്‍ അവരും കൂടെ പൊറുക്കാനും വിട്ടുവീഴ്ച ചെയ്യാനും തയ്യാറായാല്‍ മാത്രമേ ദോഷം പൊറുക്കപ്പെടുകയുള്ളൂ. അല്ലെങ്കില്‍ പരലോകത്ത് അവര്‍ നന്മയും കൊണ്ടേ പോകൂ.

മറ്റുള്ളവര്‍ക്ക് നോവാകുന്ന വാക്കുകള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമാപണം നടത്തുകയും തുടര്‍ന്നുള്ള കാലം ആരെയും വേദനിപ്പിക്കാതെ നോക്കുകയും വേണം. മറ്റുള്ളവരുടെ അഭിമാനത്തിനേല്‍പ്പിക്കുന്ന മുറിവ് അത്രമാത്രം ഭീകരമാണ്.

 

---- facebook comment plugin here -----

  -->  

Latest