Connect with us

election commission of india

ആരോടും പക്ഷപാതിത്വം കാട്ടിയില്ല; 64 കോടി പേര്‍ വോട്ട് ചെയ്തു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് നടപടികളില്‍ യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍.നിയമം ലംഘിച്ച ഉന്നത നേതാക്കള്‍ക്കെതിരെ അടക്കം കേസെടുത്തു. പരാതികളില്‍ നോട്ടീസ് നല്‍കി. പദവി നോക്കാതെ നടപടിയെടുത്തു. വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 64 കോടി പേര്‍ വോട്ട് ചെയ്തു. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താരപ്രചാരകരെ നിയന്ത്രിക്കാന്‍ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളില്‍ 90 ശതമാനവും പരിഹരിച്ചു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി. പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷം അനധികൃതമായി കടത്താന്‍ ശ്രമിച്ച 1,054 കോടി രൂപ പിടിച്ചെടുത്തു. ആകെ പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. 4,391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടി.

വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 24 മണിക്കൂറും സി സി ടി വി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മൂന്ന് തലത്തില്‍ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആകെ വോട്ട് ചെയ്ത 64.2 കോടി പേരില്‍ 31.2 കോടി സ്ത്രീകളായിരുന്നു. പോളിംഗ് ചുമതലയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒന്നര കോടി പേരുടെ പങ്കാളിത്തമുണ്ടായി. രാജ്യത്തിന്റെ മുക്കിലും മൂലയിലുമെത്തി പോളിംഗ് സാധ്യമാക്കി. ജമ്മു കശ്മീരില്‍ നാല് പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന പോളിങ് ഇത്തവണ രേഖപ്പെടുത്തി. മണിപ്പൂരില്‍ സമാധാനപരമായി നടപടികള്‍ പൂര്‍ത്തിയാക്കി. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ വലിയ ഉത്സാഹം കാണിച്ചു. ഇന്നര്‍ മണിപ്പൂരില്‍ 71.96 ശതമാനവും ഔട്ടര്‍ മണിപ്പൂരില്‍ 51.86 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

23 രാജ്യങ്ങളില്‍ നിന്നുള്ള 75 പ്രതിനിധികള്‍ ആറ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തി. ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്സവ അന്തരീക്ഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.