modi stadium
മോദി സ്‌റ്റേഡിയത്തില്‍ ലോകകപ്പ് കാണാന്‍ ആളില്ല; സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസം
കാലിയായ സീറ്റുകളുടെ ചിത്രങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
അഹമ്മദാബാദ് | ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ലോകകപ്പ് ഉദ്ഘാടന മത്സരം കാണാന്‍ ആളില്ല. കാണികള്‍ നന്നേ കുറഞ്ഞ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് ഉദ്ഘാടന മത്സരം പുരോഗമിക്കുന്നത്. 2019 ലോകകപ്പ് ഫൈനലിനെ ഓര്‍മിപ്പിക്കുന്ന തീപാറും പോരാട്ടമായിട്ടും സീറ്റുകള്‍ കാലിയായിരിക്കുന്നത് സംഘാടകര്‍ക്കും നാണക്കേടായി.
ക്രിക്കറ്റ് താരങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും മറ്റും രൂക്ഷ വിമര്‍ശമാണ് ഉന്നയിക്കുന്നത്. ഇന്ത്യയുടെതല്ലാത്ത മത്സര ദിവസങ്ങളില്‍ സ്‌കൂള്‍, കോളജ് കുട്ടികള്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കി സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവരണമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ് പരിഹസിച്ചുു. സ്റ്റേഡിയത്തിലെ നാലിലൊരു ഭാഗം പോലും നിറഞ്ഞിട്ടില്ല.
കാലിയായ സീറ്റുകളുടെ ചിത്രങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. വന്‍തോതില്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി സംഘാടകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ആദ്യ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുപോയില്ലെന്നും നാല്‍പ്പതിനായിരം വരെ സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചായക്കും ഉച്ചഭക്ഷണത്തിനുമുള്ള സൗജന്യ വൗച്ചറുകളും നല്‍കിയിരുന്നു. 1.32 ലക്ഷം കാണികളെ വഹിക്കാന്‍ ശേഷിയുള്ളതാണ് നരേന്ദ്ര മോദി സ്‌റ്റേഡിയം.