Rohingyan muslims
റോഹിങ്ക്യന്‍ നേതാവിനെ വധിച്ച ഒരാളേയും വെറുതെ വിടില്ല: ബംഗ്ലാദേശ്
മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും
ധാക്ക | റോഹിങ്ക്യന്‍ നേതാവ് മൊഹിബ് ഉല്ലയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും കനത്ത ശിക്ഷ നല്‍കുമെന്ന് ബംഗ്ലാദേശ് വിദേശാകാര്യമന്ത്രി എ കെ അബ്ദുല്‍ മൊമന്‍.മൊഹിബ് ഉല്ലയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളും രക്ഷപ്പെടില്ല. കൊലപാതകികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് മൊഹിബ് ഉല്ല അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. മ്യാന്‍മറില്‍ നിന്നും പലായനം ചെയ്ത ഏഴ് ലക്ഷത്തിലധികം വരുന്ന അഭയാര്‍ഥികളുടെ നേതാവും അഭിഭാഷകനുമായിരുന്നു മൊഹിബ് ഉല്ല. അരകന്‍ റോഹിങ്ക്യ സൊസൈറ്റി ഫോര്‍ പീസ് ആന്റ് ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയുടെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ച് വരികയായിരുന്നു.
മൊഹിബ് ഉല്ലയുടെ മരണം മ്യാന്‍മറിനും റോഹിങ്ക്യന്‍ ജനതക്കും മനുഷ്യാവകാശ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നാണ് ഫോര്‍ട്ടിഫൈ റൈറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ മാത്യു സ്മിത്ത് അഭിപ്രായപ്പെട്ടിരുന്നത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ‘മ്യാന്‍മര്‍ സുരക്ഷാ പോസ്റ്റുകള്‍ക്ക് നേരെയുള്ള നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ അരകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മിയാണ് ഉല്ലയെ കൊലപ്പെടുത്തിയതെന്ന് ഒരു റോഹിങ്ക്യന്‍ നേതാവ് ആരോപിച്ചിരുന്നു.