Connect with us

kt jaleel

പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ആരും തൊടില്ല: കെ ടി ജലീല്‍ എം എല്‍ എ

വീല്‍ചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാം

Published

|

Last Updated

കോഴിക്കോട് | പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ആരും തൊടില്ലെന്നും വീല്‍ചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാമെന്നും മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ.  യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി തങ്ങളെ ടെലിഫോണ്‍ വഴി ഭീഷണിപ്പെടുത്തിയ സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. കുറ്റവാളിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എല്ലാവരും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് പാണക്കാട് തങ്ങന്‍മാര്‍. ആ മഹനീയ പൈതൃകം പാണക്കാട് കുടുംബത്തിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. അവരില്‍ ഒരാളാണ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. മണ്‍മറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇളയ മകന്‍. പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ഒരാളും തൊടില്ല. ഗുരുത്വക്കേട് തട്ടി വീല്‍ചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാം. പാണക്കാട് കുടുംബത്തില്‍ ഹൈദരലി തങ്ങളുടെ മക്കള്‍ക്ക് മാത്രം മഹത്വമില്ലെന്നാണ് ‘പൈതൃകവാദി’കളുടെ പക്ഷമെങ്കില്‍ ആ പക്ഷത്ത് നില്‍ക്കാന്‍ തലച്ചോറുള്ള ആരെയും കിട്ടില്ല.
പാണക്കാട്ടെ മുഈനലി തങ്ങളെ വീല്‍ചെയറിലാക്കും എന്ന് ഏതോ ഒരു അധമന്‍ പുലമ്പിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ‘പാണക്കാട് പൈതൃകം’ ആഘോഷിച്ചവരെയും പാണക്കാട്ടെ തങ്ങന്‍മാരെ വാനോളം പുകഴ്ത്തി സംസാരിച്ചവരെയും തങ്ങന്മാരുടെ കറുത്ത തൊപ്പി മുഖചിത്രമാക്കി ഗ്രന്ഥം രചിച്ചവരെയും കാണാത്തത് അമ്പരപ്പുളവാക്കുന്നതാണ്.
പാണക്കാട് തങ്ങന്‍മാരില്‍ ഒരാള്‍ക്കെതിരെയും വധഭീഷണി ഉയര്‍ത്താന്‍ ഒരാളും ഇന്നോളം തയ്യാറായിട്ടില്ല എന്നിരിക്കെ, മുഈനലി തങ്ങള്‍ക്കെതിരെയുണ്ടായ നീക്കം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ഞങ്ങളെയൊക്കെ വീല്‍ചെയറിലാക്കിയേ സയ്യിദ് മുഈനലി തങ്ങളെ വീല്‍ചെയറിലാക്കാന്‍ ഏതൊരുത്തനും സാധിക്കൂ. ഫോണില്‍ ഭീഷണി മുഴക്കിയവരും മുഴക്കിപ്പിച്ചവരും അതു മറക്കണ്ട.

മുഈന്‍ അലി തങ്ങള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് യൂത്ത് ലീഗ്

മലപ്പുറം : സയ്യിദ് മുഈനലി തങ്ങളെ ടെലിഫോണ്‍ വഴി ഭീഷണിപ്പെടുത്തിയത് അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ആവശ്യ പ്പെട്ടു. മുഈനലി തങ്ങള്‍ക്ക് യൂത്ത് ലീഗ് സുരക്ഷയൊരുക്കും. സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഭീരുക്കളാണ് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഏത് തരത്തിലുള്ള സംരക്ഷണം നല്‍കാനും യൂത്ത് ലീഗിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.