Connect with us

Articles

ആരും ജയിക്കില്ല

യുക്രൈന്റെ കാര്യമാണ് കഷ്ടം. ആ ജനത ബന്ധുക്കളാലും ശത്രുക്കളാലും ഒരു പോലെ വളയപ്പെട്ടിരിക്കുന്നു. സ്വയം നിര്‍ണയാവകാശം പണയം വെക്കേണ്ടി വരികയെന്ന ദുരന്തം പിറവി തൊട്ടേ അനുഭവിക്കുന്ന രാജ്യമാണ് യുക്രൈന്‍.

Published

|

Last Updated

യുദ്ധമുണ്ടാകില്ലെന്ന പ്രതീക്ഷകളെയാകെ തകിടം മറിച്ച് റഷ്യന്‍ പോര്‍വിമാനങ്ങള്‍ യുക്രൈന്‍ തലസ്ഥാനമായ കീവിന്റെ ആകാശത്ത് നിന്ന് മരണം വിതച്ച് തുടങ്ങിയിരിക്കുന്നു. ഭരണാധികാരികള്‍ സമാധാന കാംക്ഷികളായി മാറുമെന്നതായിരുന്നില്ല ഏറ്റുമുട്ടലുണ്ടാകില്ലെന്ന പ്രതീക്ഷയുടെയും പ്രവചനത്തിന്റെയും അടിസ്ഥാനം. സര്‍വനാശകാരിയായ ആയുധങ്ങളുടെ പെരുപ്പവും സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങളുടെ ആഴവുമായിരുന്നു ആള്‍ ഔട്ട് വാറിലേക്ക് കാര്യങ്ങള്‍ നീങ്ങില്ലെന്ന വിലയിരുത്തലിന്റെ കാതല്‍. പുടിനും ബൈഡനും യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരികളില്‍ മിക്കവരും യുദ്ധക്കൊതിയന്മാര്‍ തന്നെയാണ്. അവരെയെല്ലാം താങ്ങി നിര്‍ത്തുന്നത് ആയുധ ഭീമന്മാരാണ് താനും. യുദ്ധഭീതി നിലനില്‍ക്കുന്ന ഒരു ലോകം തന്നെയാണ് അവരുടെ സ്വപ്നങ്ങളിലുള്ളത്. എന്നാല്‍ ‘ഭീതി മതി, യുദ്ധം വേണ്ട’ എന്ന പരിമിത വിവേകത്തിലേക്കെങ്കിലും അവരെ നയിച്ചത് ആരും ജയിക്കാത്ത യുദ്ധങ്ങള്‍ മാത്രമേ ഇനി സാധ്യമാകൂ എന്ന തിരിച്ചറിവായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മറ്റൊന്ന് ഉണ്ടാകാതെ പോകുകയും ആയുധ നിര്‍മാണവും വിപണനവും നൂറ് ലോകമഹായുദ്ധങ്ങള്‍ക്ക് ആവശ്യമായത്ര വൈപുല്യം കൈവരിക്കുകയും ചെയ്തത് അങ്ങനെയാണ്. നിറഞ്ഞ് കവിഞ്ഞ ആയുധപ്പുരകളുടെ താക്കോല്‍ കൂട്ടവുമായിരിക്കുന്നവര്‍ പരസ്പരം ഭയക്കുന്നുവെന്നതായിരുന്നു മനുഷ്യരാശിയുടെ ഏക പ്രതീക്ഷ.

യുദ്ധത്തിന്റെ ഉപോത്പന്നമായ സാമ്പത്തിക തകര്‍ച്ച ഏറ്റവും കടുപ്പത്തില്‍ അനുഭവിക്കേണ്ടി വരിക അതിസമ്പന്ന രാഷ്ട്രങ്ങളാണല്ലോ. ഈ വസ്തുതക്ക് മുമ്പില്‍ മലപോലെ വന്നത് പലതും മഞ്ഞായി മാറി. യുക്രൈന് നേരേ റഷ്യയുയര്‍ത്തിയ യുദ്ധ ഭീതിയും അങ്ങനെയങ്ങ് ഒടുങ്ങേണ്ടതായിരുന്നു. എന്നാല്‍ വ്‌ലാദിമിര്‍ വ്ളാദമിറോവിച്ച് പുടിന്‍ സംഹാരത്തിന്റെ പര്യായമായിരിക്കുന്നു. വിവരമില്ലാത്ത ബലവാന്മാരേക്കാള്‍ വലിയ ദുരന്തം മറ്റെന്താണുള്ളത്?

റഷ്യക്ക് മുന്നില്‍ യുക്രൈന്‍ ഒന്നുമല്ല. ഒരു നിലക്കും. റഷ്യക്കറിയാത്ത ഒന്നും യുക്രൈനിലില്ല. യുക്രൈന്‍ ഒറ്റക്കെങ്കില്‍ ഒറ്റ ദിവസം കൊണ്ട് കരയിലും കടലിലും ആകാശത്തും യുക്രൈനെ റഷ്യ തകര്‍ക്കും. പക്ഷേ, അത് കേവല വിജയം മാത്രമായിരിക്കും. കീവില്‍ ആദ്യത്തെ ബോംബ് വീഴുന്നത് വരെ പുടിനെ ന്യായീകരിക്കാനുള്ള സാധ്യതകള്‍ എമ്പാടുമുണ്ടായിരുന്നു. നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) എന്ന അമേരിക്കന്‍ ആഭിമുഖ്യത്തിലുള്ള സൈനിക സഖ്യത്തില്‍ യുക്രൈന്‍ ചേരുന്നത് റഷ്യയുടെ സുരക്ഷക്ക് ഭീഷണിയാണെന്ന വാദം ന്യായമായിരുന്നു. 16ല്‍ നിന്ന് നാറ്റോയുടെ അംഗബലം 30 ആയത് നവ സോവിയറ്റ് രാഷ്ട്രങ്ങളില്‍ മിക്കതിനെയും കൂടെക്കൂട്ടിയത് കൊണ്ടായിരുന്നുവെന്നതും വസ്തുതയാണ്. ഈ രാജ്യങ്ങളിലെല്ലാം വന്‍ സൈനിക സന്നാഹം യു എസും കൂട്ടാളികളും നടത്തിയിട്ടുണ്ട്. കടലില്‍ യു എസ് യുദ്ധക്കപ്പലുകള്‍ സര്‍വായുധ സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. നാറ്റോയും യുക്രൈനും ചേര്‍ന്ന് ഇതിനിടെ നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങള്‍ റഷ്യയെ പ്രകോപിപ്പിക്കാന്‍ പോന്നതായിരുന്നു. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെ നടന്ന സൈനികാഭ്യാസത്തില്‍ ആണവ ബോംബുകള്‍ വഹിക്കാന്‍ കഴിയുന്ന അത്യാധുനിക യുദ്ധവിമാനങ്ങള്‍ വരെ പങ്കെടുത്തിരുന്നു. യുദ്ധം തുടങ്ങും മുമ്പേ തന്നെ റഷ്യക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധങ്ങളും അനീതിയായിരുന്നു. വളയപ്പെട്ട രാജ്യമാണ് തങ്ങളെന്നും കിഴക്കന്‍ യൂറോപ്പിനെ നിരായുധവത്കരിക്കേണ്ടത് റഷ്യയുടെയും ലോകത്തിന്റെയും ആവശ്യമാണെന്നുമുള്ള പുടിന്‍ ഭരണകൂടത്തിന്റെ വാദവും അംഗീകരിക്കാമായിരുന്നു. നാറ്റോയെ പ്രതിരോധിക്കാനുള്ള സമ്മര്‍ദതന്ത്രം മാത്രമാണ് നടത്തുന്നതെന്നും യുക്രൈനെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള പുടിന്റെ ഉറപ്പ് വിശ്വസനീയവുമായിരുന്നു. ‘ഇതാ മണിക്കൂറുകള്‍ക്കകം യുക്രൈന്‍ അക്രമിക്കപ്പെടു’മെന്ന ജോ ബൈഡന്റെ പ്രസ്താവന ഓരോ ദിവസവും പുതുക്കി പുതുക്കി വന്നുകൊണ്ടിരുന്നപ്പോഴും ‘ഇല്ല, ആക്രമിക്കാനില്ലെ’ന്ന് പുടിന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോഴും റഷ്യയായിരുന്നു ശരി. റഷ്യന്‍ പക്ഷപാതികള്‍ തിങ്ങിത്താമസിക്കുന്ന രണ്ട് യുക്രൈനിയന്‍ പ്രവിശ്യകളായ ഡോണെട്സ്‌കും ലുഹാന്‍സ്‌കും സ്വതന്ത്ര ഭൂവിഭാഗങ്ങളാണെന്ന് പ്രഖ്യാപിക്കാന്‍ റഷ്യ മുതിര്‍ന്നപ്പോള്‍ പോലും പുടിന്റെ പക്ഷത്താണ് ശരിയെന്ന് പറയാമായിരുന്നു. പക്ഷേ, യുക്രൈനെ ആക്രമിച്ചതോടെ എല്ലാ ന്യായങ്ങളും അസ്തമിച്ചു.

ശാക്തിക ബലാബലത്തില്‍ പക്ഷേ, റഷ്യ വലിയ മേല്‍ക്കൈ നേടുന്നുണ്ട്. യു എസ് മുന്നറിയിപ്പുകള്‍ക്ക് പുല്ലു വില കൊടുക്കാതെ യുക്രൈനെ ആക്രമിക്കാന്‍ റഷ്യയിറങ്ങുന്നതോടെ അമേരിക്കന്‍ മേധാവിത്വത്തിന്റെ കോട്ടകള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. യുക്രൈനെ സംരക്ഷിക്കാന്‍ എന്താണ് അമേരിക്ക ചെയ്യാന്‍ പോകുന്നത്? മൂര്‍ച്ചയില്ലാത്ത ആയുധമായിത്തീര്‍ന്ന ഉപരോധമോ? നിലവില്‍ നാറ്റോ അംഗമല്ലാത്ത യുക്രൈന് വേണ്ടി നേരിട്ട് സൈനിക ആക്രമണത്തിലേക്ക് നീങ്ങുമോ? ഇല്ലെന്ന് തന്നെയാണ് കിട്ടുന്ന വിവരം. ബൈഡന്റെ നേതൃശേഷി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

എന്നാല്‍ അമേരിക്ക ആഗ്രഹിച്ചത് ചിലത് നേടുന്നുണ്ട്. അമേരിക്കന്‍ പക്ഷത്തേക്ക് പൂര്‍ണമായി ചായാന്‍ മടിച്ചു നിന്നിരുന്ന ജര്‍മനിയെയും ഫ്രാന്‍സിനെയും വലിച്ചടുപ്പിക്കാന്‍ ഇനി എളുപ്പമാണ്. ലോക മഹായുദ്ധങ്ങള്‍ക്ക് ശേഷം ഇതാദ്യമായി യൂറോപ്പ് യുദ്ധകലുഷിതമാകും. സാമ്പത്തിക അസ്ഥിരത യൂറോപ്പിനെ പിടിച്ചുലക്കും. സര്‍വവ്യാപിയായ ഈ കൂട്ടക്കുഴപ്പമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. തകര്‍ന്ന് പോകുന്ന യൂറോക്കും മറ്റ് കറന്‍സിക്കും മേല്‍ ഡോളര്‍ ഉഗ്ര പ്രഹരശേഷി കൈവരിക്കും. കൂടുതല്‍ രാജ്യങ്ങള്‍ അവരുടെ കരുതല്‍ ശേഖരം ഡോളറിലേക്ക് മാറ്റും. യു എസിന്റെ ഷേല്‍ എണ്ണക്ക് ഡിമാന്‍ഡ് കൂടും. റഷ്യ കൂടി അംഗമായ ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയുടെ ശക്തി ക്ഷയിപ്പിക്കുകയെന്ന ബൈഡന്റെ ആഗ്രഹം പൂവണിയും. യു എന്നിലടക്കം റഷ്യ പ്രതിക്കൂട്ടില്‍ നില്‍ക്കും. കൂടുതല്‍ ഉപരോധം വരും.

മേധാവിത്വ സംസ്ഥാപനമാണല്ലോ എല്ലാവരുടെയും ലക്ഷ്യം. യുക്രൈനിലെ അമേരിക്കന്‍ താത്പര്യം എന്തായിരുന്നു? സോവിയറ്റ് യൂനിയന്‍ തകര്‍ന്നടിഞ്ഞതോടെ സാധ്യമായ ഏകധ്രുവ ലോകത്ത് ഏകഛത്രാധിപതിയായി ഞെളിഞ്ഞിരിക്കുകയായിരുന്നു അമേരിക്ക. ആ വലിപ്പത്തരത്തിന്റെ മണ്ടക്കാണ് ചൈനയും റഷ്യയും അടിക്കാന്‍ ശ്രമിക്കുന്നത്. രണ്ട് പതിറ്റാണ്ട് കാലം റഷ്യയുടെ അധികാരക്കസേരയില്‍ ഇരിക്കുന്ന പുടിന്‍ തന്റെ എതിരാളികളെ ഒരു തെളിവും അവശേഷിപ്പിക്കാതെ കൊന്നു തള്ളുന്നതും ലോകത്താകെ ബന്ധുബലം ഉറപ്പിക്കുന്നതും എണ്ണ, പ്രകൃതി വാതക സമ്പത്തിനെ ഏറ്റവും കൗശലപൂര്‍വം വിനിയോഗിക്കുന്നതും യു എസ് ഭരണാധികാരികള്‍ കാണുന്നുണ്ട്. ട്രംപിനെപ്പോലെ ബുദ്ധിശൂന്യമായി സംസാരിച്ച് കോമാളി വേഷം കെട്ടുന്നവനല്ല ബൈഡന്‍. അദ്ദേഹം പക്കാ രാഷ്ട്രീയക്കാരനാണ്. റഷ്യയെ ഇപ്പോള്‍ പിടിച്ചില്ലെങ്കില്‍ പിന്നെ ഒരിക്കലും സാധ്യമല്ലെന്ന് ബൈഡനറിയാം. യുക്രൈനിലെ ഇപ്പോഴത്തെ പ്രസിഡന്റ് വൊളോദമീര്‍ സെലന്‍സ്‌കിയുടെ റഷ്യന്‍ വിരോധം അവസരമായെടുക്കാന്‍ ബൈഡന്‍ തീരുമാനിച്ചു. യൂറോപ്പിലെ രണ്ടാമത്തെ വലിയ രാഷ്ട്രമായ, തങ്ങളുടെ പ്രധാന അയല്‍ രാജ്യമായ യുക്രൈന്‍ നാറ്റോയില്‍ അംഗമാകുന്നതോടെ റഷ്യക്ക് മേല്‍ വലിയ സൈനിക മേല്‍ക്കൈയാണ് യു എസ് നേടാനിരുന്നത്.

പക്ഷേ, ഈ നീക്കത്തിന് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചില്ല. ഇ യുവിന്റെ വിലപ്പെട്ട വാണിജ്യ, സാമ്പത്തിക പങ്കാളിയാണ് റഷ്യ. എണ്ണ, പ്രകൃതി വാതക സ്രോതസ്സുമാണ്. റഷ്യയില്‍ നിന്നുള്ള നോര്‍ഡ് സ്ട്രീം ഒന്നും രണ്ടും വാതക പൈപ്പ് ലൈനുകള്‍ യൂറോപ്പിന്റെ ഇന്ധന ക്ഷാമത്തിനുള്ള സമ്പൂര്‍ണ പരിഹാരമാണ്. ഈ പദ്ധതി പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ ജര്‍മനി വലിയ താത്പര്യമെടുക്കുന്നുണ്ട്. യു എസ് പറയുന്നത് കേട്ട് രാഷ്ട്രീയം കളിക്കാനും സാമ്പത്തിക താത്പര്യങ്ങള്‍ ബലികഴിക്കാനും ജര്‍മനിയും ഫ്രാന്‍സും തയ്യാറല്ല. റഷ്യയുമായി ആണവ കരാറിലേര്‍പ്പെടാനിരിക്കുന്ന ഹംഗറിയും ഈ ലൈനിലാണ്. ഇറാഖ് അധിനിവേശത്തിലും ഇറാന്‍ ആണവ കരാറിലുമെല്ലാം യൂറോപ്പ് യു എസിന്റെ ചരടിനനുസരിച്ച് തുള്ളിയിരുന്നില്ല. അതുകൊണ്ട് യൂറോപ്പില്‍ യുദ്ധ ഭീതി സൃഷ്ടിച്ച് നാറ്റോ സൈനിക സഖ്യത്തെ ബലപ്പെടുത്തുകയെന്ന തന്ത്രം യു എസ് പുറത്തെടുക്കുകയായിരുന്നു. അതിനുള്ള ഒന്നാന്തരം കരുവാണ് യുക്രൈന്‍. കീവ് ആക്രമണം സംഭവിച്ചതോടെ ഭാഗികമായെങ്കിലും ഈ ലക്ഷ്യം അമേരിക്ക നേടിയിരിക്കുകയാണ്. പക്ഷേ, റഷ്യയില്‍ ആഭ്യന്തര കുഴപ്പങ്ങളൊന്നും സംഭവിക്കാതിരിക്കുന്നിടത്തോളം കാലം യു എസിന് വലിയ ആഘോഷങ്ങള്‍ക്ക് ഇടമില്ല.

യുക്രൈന്റെ കാര്യമാണ് കഷ്ടം. 4.4 കോടി വരുന്ന ആ ജനത ബന്ധുക്കളാലും ശത്രുക്കളാലും ഒരു പോലെ വളയപ്പെട്ടിരിക്കുന്നു. സ്വയം നിര്‍ണയാവകാശം പണയം വെക്കേണ്ടി വരികയെന്ന ദുരന്തം പിറവി തൊട്ടേ അനുഭവിക്കുന്ന രാജ്യമാണ് യുക്രൈന്‍. 1991ല്‍ സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തിന്റെ ഫലമായി രൂപംകൊണ്ട, 90 ശതമാനം ക്രിസ്ത്യന്‍ ജനവിഭാഗമുള്ള രാജ്യം. യൂറോപ്പിനും റഷ്യക്കും ഇടയില്‍ തന്ത്രപ്രധാന സ്ഥാനം. എങ്ങോട്ടും ചായാവുന്ന വിദേശനയം. ചിലപ്പോള്‍ യൂറോപ്പിനും അമേരിക്കക്കുമൊപ്പം, മറ്റു ചിലപ്പോള്‍ റഷ്യക്കൊപ്പം. എക്കാലവും റഷ്യയുടെ പിന്‍സീറ്റ് ഡ്രൈവില്‍. റഷ്യന്‍ അനുകൂലിയായ വിക്ടര്‍ യാനുകോവിച്ച് 2010ല്‍ അധികാരത്തിലെത്തിയതോടെ റഷ്യ മുന്‍ സീറ്റില്‍ തന്നെയെത്തി. ഇ യു അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിച്ച് റഷ്യയുടെ യൂറേഷ്യന്‍ ഇക്കണോമിക് യൂനിയനിലേക്ക് യുക്രൈനെ യാനുകോവിച്ച് ചേര്‍ത്തു. യു എസ് കാഴ്ചക്കാരായി നിന്നില്ല. റഷ്യാവിരുദ്ധരായ യുക്രൈന്‍കാരെ ഇളക്കിവിട്ടു. അക്രമാസക്ത പ്രക്ഷോഭം. യാനുകോവിച്ച് സ്ഥാനഭ്രഷ്ടനായി. റഷ്യക്ക് വലിയ നാണക്കേട്. റഷ്യന്‍ അനുകൂലികള്‍ തിങ്ങി നിറഞ്ഞ ക്രിമിയയെ പിടിച്ചടക്കിയാണ് പുടിന്‍ കലി തീര്‍ത്തത്. ഹിതപരിശോധന കൊണ്ട് ആ പിടിച്ചടക്കലിന് നിയമസാധുതയും നേടിയെടുത്തു. കിഴക്കന്‍ യുക്രൈനിലെ വിഘടനവാദികളെ ഉപയോഗിച്ചായി പിന്നെ റഷ്യയുടെ കളി. ഒടുവില്‍ നാറ്റോയില്‍ ചേരാന്‍ യുക്രൈന്‍ ഭരണാധികാരികള്‍ തീരുമാനിക്കുന്നതോടെ, ഇന്ന് മരണം തുപ്പുന്ന യന്ത്രപ്പക്ഷികളിലെത്തി നില്‍ക്കുന്ന വിഷമവൃത്തം പൂര്‍ത്തിയാകുന്നു. നവ സോവിയറ്റ് രാഷ്ട്രങ്ങള്‍ ഒന്നൊന്നായി സ്വതന്ത്രമാകുമ്പോള്‍ അമേരിക്ക കൊടുത്ത ഒരു വാഗ്ദാനമുണ്ടായിരുന്നു, നാറ്റോ സഖ്യം കിഴക്കന്‍ യൂറോപ്പില്‍ നിന്ന് അംഗങ്ങളെ ചേര്‍ക്കില്ല. ആ വാക്ക് തെറ്റിച്ചതോടെ തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് മേഖല ഒരിക്കലും പുറത്ത് കടന്നിട്ടില്ല. ഇപ്പോഴും ചര്‍ച്ചകള്‍ക്ക് ഇടമുണ്ട്. ഡോണെട്സകിനെയും ലുഹാന്‍സ്‌കിനെയും സ്വതന്ത്രമായി പ്രഖ്യാപിച്ച റഷ്യന്‍ നടപടി രക്ഷാ സമിതിക്ക് മുമ്പില്‍ വന്നപ്പോള്‍ അപലപിക്കാതിരുന്ന ഇന്ത്യ കാണിച്ച മാതൃകയതാണ്. കൃത്യം നിഷ്പക്ഷത. യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞത് ‘യുദ്ധം ഒഴിവാക്കുന്നതിനെ കുറിച്ച് സംസാരിക്കൂ’ എന്നായിരുന്നു. മണ്ണിലും മാനത്തും വെള്ളത്തിലും സംഹാരായുധങ്ങള്‍ പുളക്കുന്ന ഈ ദിനങ്ങളിലും അത് തന്നെയാണ് നിലപാട്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest