Editors Pick
ഓക്സിജനില്ല, മരുന്നുകളും; ദിവസവും മരിച്ചുവീഴുന്നത് ഇരുന്നൂറോളം കുരുന്നുകൾ; ഇത് അഫ്ഗാന്റെ കഥ...
അതീവ ദയനീയമാണ് ആശുപത്രികളിലെ കാഴ്ചകൾ. ഉമ്മമാർ ഓക്സിജൻ ട്യൂബ് കയ്യിൽ പിടിച്ചു മക്കളുടെ മൂക്കിന് അടുത്ത് വെച്ചിരിക്കുകയാണ്. കാരണം അവിടെ കുട്ടികളുടെ മുഖത്തിന് പറ്റിയ കുഞ്ഞു മാസ്കുകൾ ലഭ്യമല്ല. തങ്ങളുടെ മക്കളുടെ ജീവൻ നിലനിർത്താൻ വേണ്ടി പെടാപാട് പെടുകയാണ് ആ ഉമ്മമാർ. അത്യാവശ്യത്തിനുള്ള വെന്റിലേറ്റർ സൗകര്യം പോലും ആശുപത്രികളിലില്ല.
മൂന്ന് മാസം പ്രായമായ തയബുല്ല അനക്കമില്ലാതെ നിശബ്ദനായി കിടക്കുകയാണ്. അവന്റെ ഉമ്മ നിഗർ ഓക്സിജൻ പൈപ്പ് മകന്റെ മൂക്കിൽ നിന്ന് മാറ്റി കൈ വെച്ചു നോക്കുന്നുണ്ട്, അവൻ ഇപ്പോഴും ശ്വസിക്കുന്നുണ്ടോ എന്ന്… പെട്ടന്ന് അവർ നിയന്ത്രണം വിട്ട് കരയാൻ തുടങ്ങി. അതെ അവർ മനസ്സിലാക്കിയിരിക്കുന്നു, തന്റെ മകൻ പതിയെ ഈ ലോകത്തോട് വിട പറയുകയാണെന്ന്. അവന്റെ ശ്വാസ്വാച്ഛാസം നിലയ്ക്കുകയാണെന്ന്…
കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുന്ന അഫ്ഗാനിസ്ഥാനിലെ ഒരു ആശുപത്രിയിൽ സന്ദർശനം നടത്തിയ ബി ബി സി സംഘം കണ്ട കാഴ്ചയാണിത്. ഇത് ഒരനുഭവം മാത്രം. ഇതുപോലെ നിരവധി കുരുന്നുകളാണ് ആവശ്യത്തിന് മെഡിക്കൽ പരിചരണം കിട്ടാതെ അഫ്ഗാനിസ്ഥാനിലെ വിവിധ ആശുപത്രികളിൽ മരണത്തിന് കീഴടങ്ങുന്നത്.
ബി ബി സി സംഘം ആ സംഭവങ്ങൾ വിവരിക്കുന്നത് ഇങ്ങനെ:
അതീവ ദയനീയമാണ് ആശുപത്രികളിലെ കാഴ്ചകൾ. ഉമ്മമാർ ഓക്സിജൻ ട്യൂബ് കയ്യിൽ പിടിച്ചു മക്കളുടെ മൂക്കിന് അടുത്ത് വെച്ചിരിക്കുകയാണ്. കാരണം അവിടെ കുട്ടികളുടെ മുഖത്തിന് പറ്റിയ കുഞ്ഞു മാസ്കുകൾ ലഭ്യമല്ല. തങ്ങളുടെ മക്കളുടെ ജീവൻ നിലനിർത്താൻ വേണ്ടി പെടാപാട് പെടുകയാണ് ആ ഉമ്മമാർ. അത്യാവശ്യത്തിനുള്ള വെന്റിലേറ്റർ സൗകര്യം പോലും ആശുപത്രികളിലില്ല.
യൂണിസെഫിന്റെ കണക്കനുസരിച് ദിവസവും 167 കുട്ടികളാണ് രോഗം മൂലവും മതിയായ ചികിത്സ ലഭിക്കാത്തത് മൂലവും അഫ്ഗാനിസ്ഥാനിൽ മരിച്ചുവീഴുന്നത്. ഇത് ഏകദേശ കണക്കാണ്. ശരിയായ കണക്കുകൾ ഇതിലും കൂടുതൽ വരും. ഘോറിന്റെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഹോസ്പിറ്റൽ സന്ദർശിച്ചാൽ മാത്രം മതി, യൂണിസെഫിന്റെ കണക്ക് വളരെ കുറവാണെന്ന് മനസ്സിലാക്കാൻ.
രോഗം ബാധിച്ച നിരവധി കുട്ടികൾ ഇവിടെ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ കഴിയുന്നത് കാണാം. ഒരു ബെഡിൽ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലുമുണ്ടാകും. അറുപതോളം ഓളം കുട്ടികളെ ചികിൽസിക്കാൻ ആകെ ഉള്ളതാകട്ടെ രണ്ട് നഴ്‌സുമാരും. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ ലഭ്യമാക്കേണ്ട ഏകദേശം രണ്ട് ഡസനോളം കുരുന്നുകളെ സാധാരണ റൂമിൽ പാർപ്പിച്ചതായി ഞങ്ങൾ കണ്ടു. ദശലക്ഷക്കണക്കിന് മനുഷ്യർ താമസിക്കുന്ന ഖോറിൽ ഇതാണത്രേ ഏറ്റവും മികച്ച സൗകര്യം.
ആരോഗ്യമേഖലയിൽ മതിയായ സൗകര്യങ്ങളില്ലാത്ത അഫ്ഗാനിസ്ഥാനിൽ 2021 ഓഗസ്റ്റിൽ താലിബാൻ അധികാരമേറ്റെടുത്തതോടെ സ്ഥിതി കൂടുതൽ വഷളായി. ഇതോടെ വിദേശ സഹായം പൂർണമായും തടയപ്പെട്ട അവസ്ഥയാണ്. ഇപ്പോൾ താലിബാൻ സ്ത്രീകൾ നോൺ ഗവൺമെന്റിതര സംഘടനകൾക്ക് വേണ്ടി ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഇത് ആരോഗ്യമേഖലയിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു.
തയബുല്ലയെ രക്ഷിക്കാൻ നിലവിലുള്ള എല്ലാ സംവിധാനങ്ങളും ആശുപത്രി അധികൃതർ ഉപയോഗിച്ചിരുന്നു. കുട്ടിയുടെ നില പരിശോധിക്കാൻ എത്തിയ ഡോക്ടർ അഹ്‌മദ് സമദി കുട്ടിയുടെ നെഞ്ചിൽ സ്റ്റെതസ്കോപ്പ് വെക്കുകയും ജീവന്റെ തുടിപ്പ് നിലനിൽക്കുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. നഴ്‌സ് എഡിമ സുൽത്താനി ഒരു ഓക്സിജൻ പമ്പ് തയബുല്ലയുടെ വായയിൽ വെക്കുകയും ഡോക്ടർ സമദി തന്റെ കൈ കൊണ്ട് അവന്റെ നെഞ്ചിൽ അമർത്തികൊണ്ടിരിക്കുകയും ചെയ്തു. അര മണിക്കൂറോളം തയബുല്ലയെ രക്ഷിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെങ്കിലും അവൻ ഈ ലോകത്തോട് വിട പറഞ്ഞു.
മുറിയെ മൂടിയിരുന്ന പെട്ടെന്നുള്ള നിശ്ശബ്ദത നിഗറിന്റെ തേങ്ങലുകളാൽ തകർന്നു. അവളുടെ കുഞ്ഞിനെ ഒരു പുതപ്പിൽ പൊതിഞ്ഞ് പിതാമഹൻ ഗവ്സാദിന് കൈമാറി. വീട്ടുകാർ ആ കുഞ്ഞു മയ്യിത്ത് വീട്ടിലേക്ക് കൊണ്ടുപോയി…
തയബുല്ല ജീവിക്കണമായിരുന്നു. കാരണം അവനെ ബാധിച്ച രോഗങ്ങളെല്ലാം ചികിൽസിച്ചു മാറ്റാവുന്നതായിരുന്നു. എന്നിട്ടും മതിയായ ചികിത്സ കിട്ടാതെ അവൻ ഈ ലോകത്ത് നിന്ന് യാത്ര പറഞ്ഞു.
“ഞാനും ഒരു അമ്മയാണ്, കുഞ്ഞ് മരിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്റെ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടതായി തോന്നി. അവന്റെ ഉമ്മ കരയുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു. ഇത് എന്റെ മനസാക്ഷിയെ വേദനിപ്പിച്ചു,” 24 മണിക്കൂർ ഷിഫ്റ്റുകൾ പതിവായി ചെയ്യുന്ന നഴ്സ് സുൽത്താനി പറഞ്ഞു.
“ഞങ്ങൾക്ക് ഉപകരണങ്ങളില്ല, പരിശീലനം ലഭിച്ച സ്റ്റാഫുകളുടെ അഭാവമുണ്ട്, പ്രത്യേകിച്ച് വനിതാ സ്റ്റാഫ്. ഗുരുതരമായ സാഹചര്യങ്ങളിൽ നാം ഇത്രയധികം പേരെ പരിപാലിക്കുമ്പോൾ, ഏത് കുട്ടിയെയാണ് നമ്മൾ ആദ്യം പരിശോധിക്കേണ്ടത്? കുഞ്ഞുങ്ങൾ മരിക്കുന്നത് കാണുകയല്ലാതെ ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല.” – സുൽത്താനക്ക് വാക്കുകൾ ഇടറി.
മിനിറ്റുകൾക്ക് ശേഷം, തൊട്ടടുത്ത മുറിയിൽ, മുഖത്ത് ഓക്സിജൻ മാസ്കുമായി ശ്വസിക്കാൻ പാടുപെടുന്ന മറ്റൊരു കുട്ടിയെ ഞങ്ങൾ കണ്ടു. പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്നറിയപ്പെടുന്ന ഹൃദയ വൈകല്യത്തോടെയാണ് രണ്ട് വയസ്സുകാരനായ ഗുൽബദാൻ ജനിച്ചത്. ആറുമാസം മുമ്പാണ് ഈ ആശുപത്രിയില് വച്ച് അവന് രോഗം സ്ഥിരീകരിച്ചത്. ഈ അവസ്ഥ അസാധാരണമോ ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതോ അല്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഘോറിലെ ആശുപത്രിയിൽ ഇതിനാവശ്യമൊയ ശസ്ത്രക്രിയ നടത്താൻ സൗകര്യങ്ങളില്ല. അവൾക്ക് ആവശ്യമായ മരുന്നുകളും ഇവിടെ ലഭ്യമല്ല.
ഗുൽബദാന്റെ മുഖത്ത് നിന്ന് മാസ്ക് നീങ്ങാതിരിക്കാൻ അവരുടെ വല്ല്യുമ്മ അത് പിടിച്ചു നിന്നു.
“അവളെ കാബൂളിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ പണം കടം വാങ്ങിയിരുന്നു. പക്ഷേ ശസ്ത്രക്രിയ ചെലവ് താങ്ങാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അതിനാൽ ഞങ്ങൾക്ക് അവളെ തിരികെ കൊണ്ടുവരേണ്ടിവന്നു,” – വല്ല്യുമ്മ പറഞ്ഞു. സാമ്പത്തിക സഹായത്തിനായി അവർ ഒരു എൻജിഒയെ സമീപിച്ചിരുന്നുവെങ്കിലും കാര്യമായ പ്രതികരണങ്ങൾ ഉണ്ടായില്ലെന്നും അവർ തേങ്ങലോടെ പറയുന്നു.
ഗുൽബദാന്റെ പിതാവ് നവ് റോസ് അവളുടെ നെറ്റിയിൽ തലോടിക്കൊണ്ട് മകളെ ആശ്വസിപ്പിക്കാന് ശ്രമിച്ചു. അവളുടെ മുഖം അസ്വസ്ഥമായിരുന്നു. അവൾ ചുണ്ടുകൾ കടിച്ചുപിടിച്ച് ഒരു നെടുവീർപ്പിട്ടു.
നവ് റോസ് അവളുടെ ചെവിയിൽ ഇറുക്കി പിടിച്ചിരിക്കുകയാണ്. “ഞാൻ ഒരു ജോലിക്കാരനാണ്. എനിക്ക് സ്ഥിരമായ വരുമാനമില്ല. എനിക്കുണ്ടായിരുന്നെങ്കിൽ ഇവൾ ഇങ്ങനെ കഷ്ടപ്പെടേണ്ട അവസ്ഥ വരില്ലായിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ എനിക്കൊരു കപ്പ് ചായപോലും വാങ്ങാൻ കഴിയില്ല” ഹൃദയവേദനയോടെ അദ്ദേഹം പറഞ്ഞു നിർത്തി.
ഗുൽബാദന് എത്ര ഓക്സിജൻ വേണമെന്ന് ഞങ്ങൾ ഡോ. സമദിയോട് ചോദിച്ചു.
“ഓരോ മിനിറ്റിലും രണ്ട് ലിറ്റർ,” അദ്ദേഹം പറഞ്ഞു. “ഈ സിലിണ്ടർ കാലിയാകുമ്പോൾ, ഞങ്ങൾ മറ്റൊന്ന് കണ്ടെത്തിയില്ലെങ്കിൽ, അവൾ മരിക്കും.”
പിന്നീട് ഗുൽബദാന്റെ വിവരമറിയാൻ ഞങ്ങൾ ചെന്നപ്പോൾ, അത് സംഭവിച്ചുകഴിഞ്ഞിരുന്നു. ഓക്സിജൻ സിലിണ്ടർ കാലിയായി… അവൾ മരിച്ചു…
ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ മതിയായ ഓക്സിജൻ നിർമിക്കാൻ കഴിയാറില്ലത്രെ. കാരണം രാത്രി മാത്രമാണ് അവിടെ വൈദ്യുതി ലഭിക്കാറുള്ളൂ..
ഏതാനും മണിക്കൂറുകൾക്കുള്ളിൽ രണ്ട് കുട്ടികളാണ് മരിച്ചുവീണത്. പക്ഷേ, ഡോക്ടർ സമദിക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും ഇത് പുതിയ അനുഭവമല്ല. ദിവസവും അവരുടെ കൺമുന്നിൽ നിരവധി കുട്ടികൾ മരിച്ചുവീഴുന്നു. അവർക്കിത പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.
“എനിക്ക് ക്ഷീണവും വേദനയും തോന്നുന്നു. ഓരോ ദിവസവും നമുക്ക് ഘോറിന്റെ ഒന്നോ രണ്ടോ പ്രിയപ്പെട്ട മക്കളെ നഷ്ടപ്പെടുന്നു. ഞങ്ങൾ ഇപ്പോൾ അത് ഏകദേശം ശീലിച്ചിരിക്കുന്നു, ” സങ്കടം ഉള്ളിലൊതുക്കി ഡോ. സമദി പറഞ്ഞു.
മുറികൾക്ക് ചുറ്റും നടക്കുമ്പോൾ, ദുരിതത്തിലായ ധാരാളം കുട്ടികളെ ഞങ്ങൾ കണ്ടു. ഒരു വയസുകാരൻ സജാദിന്റെ ശ്വാസോച്ഛ്വാസം പരുഷമായിരുന്നു. ന്യുമോണിയയും മെനിഞ്ചൈറ്റിസും ബാധിച്ചിട്ടുണ്ട് അവന്. മറ്റൊരു കിടക്കയിൽ ഇർഫാൻ. അവന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടായപ്പോൾ, അവന്റെ മൂക്കിനടുത്ത് പിടിക്കാൻ ഉമ്മ സിയ-റായ്ക്ക് നഴ്സ് മറ്റൊരു ഓക്സിജൻ പൈപ്പ് നൽകി.
കവിളിലൂടെ ഒഴുകിയ കണ്ണുനീർ തുള്ളികൾ കൈകൊണ്ട് തുടച്ചുകൊണ്ട് അവൾ രണ്ടു പൈപ്പുകളും കഴിയുന്നത്ര മുറുകെ പിടിച്ചു. റോഡുകൾ മഞ്ഞ് മൂടിയിരുന്നില്ലെങ്കിൽ കുറഞ്ഞത് നാലോ അഞ്ചോ ദിവസം മുമ്പെങ്കിലും ഇർഫാനെ ആശുപത്രിയിൽ എത്തിക്കാമായിരുന്നുവെന്ന് അവർ തേങ്ങലോടെ ഞങ്ങളോട് പറഞ്ഞു.
“പത്ത് ദിവസം മുമ്പ് വളരെ ഗുരുതരാവസ്ഥയിൽ ഒരു കുട്ടിയെ ഇവിടെ കൊണ്ടുവന്നിരുന്നു,” നഴ്സ് സുൽത്താനി പറഞ്ഞു. “ഞങ്ങൾ അവന് ഒരു കുത്തിവയ്പ്പ് നൽകി. അതിലപ്പുറം അവനെ സുഖപ്പെടുത്താനുള്ള മരുന്നുകൾ ഞങ്ങളുടെ പക്കലില്ല. അതിനാൽ അവന്റെ പിതാവ് അവനെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. ‘ അവന് മരിക്കേണ്ടി വന്നാല് അവന് വീട്ടിൽ കിടന്നു മരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞു” – – സുൽത്താനി കൂട്ടിച്ചേർത്തു.
ഘോറിൽ ഞങ്ങൾ കണ്ടാകാര്യം ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. 20 വർഷമായി അന്താരാഷ്ട്ര ജനത നൽകുന്ന കോടിക്കണക്കിനു രൂപ എവിടെ പോയി? ഒരു പ്രവിശ്യാ ആശുപത്രിയിൽ രോഗികൾക്കായി ഒരു വെന്റിലേറ്റർ പോലും ഇല്ലെങ്കിൽ ആ പണം എവിടെയാണ് ചെലവഴിക്കപ്പെട്ടത്?
നിലവിൽ അന്താരാഷ്ട്ര അംഗീകാരമില്ലാത്ത താലിബാൻ സർക്കാരിന് അന്താരാഷ്ട്ര ഫണ്ട് നൽകാൻ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. സ്ത്രീകൾക്ക് എൻ ജി ഒ സംഘടനകളിൽ പ്രവർത്തിക്കാനുള്ള അവകാശം താലിബാൻ സർക്കാർ പിൻവലിച്ചത് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുകയും ചെയ്തു.
ഘോറിലെ ഒരു മലമുകളിൽ ഒരു പാട് ഖബറുകൾ ഞങ്ങൾ കണ്ടെത്തി. അവിടെ രേഖകളോ രജിസ്ട്രെഷനോ ഇല്ല. അതിനാൽ തന്നെ ആരുടേതാണ് ഖബറുകൾ എന്ന് കണ്ടെത്താൻ കഴിയില്ലെങ്കിലും വലിയ കുഴിമാടങ്ങൾക്കിടയിൽ നിന്ന് ചെറിയ കുഴിമാടങ്ങൾ പെട്ടന്ന് തിരിച്ചറിയാമായിരുന്നു. അവിടെ ഞങ്ങൾ കണ്ട ഖബറുകളിൽ പകുതിയോളവും പിഞ്ചുകുട്ടികളുടെതായിരുന്നു. ഈ ദിവസങ്ങളിൽ ഖബറടക്കുന്നവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് അടുത്ത വീട്ടിൽ താമസിക്കുന്ന ഒരാൾ ഞങ്ങളോട് പറഞ്ഞു.
എത്ര കുട്ടികൾ മരിക്കുന്നുവെന്ന് കണക്കാക്കാൻ ഒരു മാർഗവുമില്ലായിരിക്കാം, പക്ഷേ പ്രതിസന്ധിയുടെ വ്യാപ്തിയെക്കുറിച്ച് എല്ലായിടത്തും തെളിവുകളുണ്ട്.