Connect with us

National

ഒരു ഫലസ്തീനിയും സുരക്ഷിതരല്ല ഗസ്സയിൽ നടക്കുന്നത് വംശഹത്യ; ആവർത്തിച്ച് യു എൻ

ദീർഘകാല കോളനിവത്കരണ പ്രക്രിയയുടെ തീവ്ര ഘട്ടമെന്ന് റിപോർട്ട്

Published

|

Last Updated

ജനീവ | ഗസ്സാ യുദ്ധത്തിൽ ഇസ്റാഈൽ വംശഹത്യ നടത്തിയെന്ന് വ്യക്തമാക്കാൻ ന്യായമായ നിരവധി കാരണങ്ങളുണ്ടെന്ന് യു എൻ. വംശഹത്യക്ക് ആധാരമായി കണക്കാക്കുന്ന അഞ്ച് പ്രവൃത്തികളിൽ മൂന്നെണ്ണം ഇസ്റാഈൽ ലംഘിച്ചതായി വ്യക്തമായ സൂചനകളുണ്ടെന്ന് ഫലസ്തീൻ പ്രദേശങ്ങളിലെ അവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള യു എൻ പ്രത്യേക റിപോർട്ടർ ഫ്രാൻസെസ്‌ക അൽബനീസ് പറഞ്ഞു.

ഗസ്സക്കെതിരായ ഇസ്റാഈൽ ആക്രമണത്തിന്റെ അതിരുകടന്ന സ്വഭാവവും വ്യാപ്തിയും അത് സൃഷ്ടിച്ച വിനാശകരമായ ജീവിത സാഹചര്യങ്ങളും ഫലസ്തീനികളെ ശാരീരികമായും മാനസികമായും തകർക്കുകയെന്ന ഉദ്ദേശ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. “അനാട്ടമി ഓഫ് എ ജെനോസൈഡ്’ എന്ന തലക്കെട്ടിലുള്ള റിപോർട്ടിൽ അവർ പറഞ്ഞു. ഇന്നലെ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിച്ച അൽബനീസിന്റെ റിപോർട്ടിൽ, ഇസ്റാഈലിന്റെത് വംശഹത്യാ പ്രവർത്തനങ്ങളാണെന്ന് അവർ ആവർത്തിച്ച് വാദിച്ചു. ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയിറക്കാനും പകരം ഇസ്റാഈൽ കുടിയേറ്റക്കാരെ കുടിയിരുത്താനുമുള്ള ലക്ഷ്യം വ്യക്തമാക്കുന്ന ചില മുതിർന്ന ഇസ്റാഈൽ ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ, ഇതിന് തെളിവാണെന്നും അവർ പറഞ്ഞു.

എല്ലാ ഫലസ്തീനികളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും “ഭീകരവാദികൾ’ അല്ലെങ്കിൽ “ഭീകരവാദികളെ പിന്തുണക്കുന്നവർ’ ആയാണ് ഇസ്റാഈൽ കണക്കാക്കുന്നത്. അങ്ങനെ എല്ലാറ്റിനെയും എല്ലാവരെയും ഉന്മൂലനം ചെയ്യുക എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. ഈ സാഹചര്യത്തിൽ, ഗസ്സയിലെ ഒരു ഫലസ്തീനിയും സുരക്ഷിതരല്ല, അവർ പറഞ്ഞു. ഇത് പതിനായിരക്കണക്കിന് ഫലസ്തീനികളുടെ ജീവൻ നഷ്ടപ്പെടുത്തുന്ന, വിനാശകരമായ, പ്രത്യാഘാതങ്ങൾക്കിടയാക്കിട്ടുണ്ട്.

ഫലസ്തീനികളെ ഇസ്റാഈൽ ദുരുപയോഗം ചെയ്യാൻ തുടങ്ങിയത് ഒക്ടോബർ ഏഴിന് ശേഷമല്ലെന്നും റിപോർട്ട് ഊന്നിപ്പറഞ്ഞു.”ഗസ്സയിലെ ഫലസ്തീനികൾക്കെതിരായ വംശഹത്യ, ദീർഘകാല കോളനിവത്കരണ പ്രക്രിയയുടെ തീവ്ര ഘട്ടമാണ്,’ ആൽബനീസ് പറഞ്ഞു.
എന്നാൽ ഈ റിപോർട്ട് പൂർണമായി തള്ളിക്കളഞ്ഞ ഇസ്റാഈൽ ജൂത രാഷ്ട്രത്തിന്റെ സ്ഥാപനത്തെ തന്നെ തകർക്കാൻ ശ്രമിക്കുന്ന പ്രചാരണമാണിതെന്ന് ആരോപിച്ചു. ഇസ്റാഈലിന്റെ യുദ്ധം ഹമാസിനെതിരെയാണ്, ഫലസ്തീൻ സിവിലിയന്മാർക്കെതിരെയല്ല, അൽബനീസിന്റെ കടുത്ത ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് നയതന്ത്രജ്ഞർ പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിൽ യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഇസ്റാഈൽ ആക്രമണം യഹൂദ വിരുദ്ധതയല്ലെന്ന് ആരോപിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം ആൽബനീസിന് ഇസ്റാഈൽ വിസാ നിരോധം ഏർപ്പെടുത്തിയിരുന്നു.