Connect with us

National

മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിച്ചാല്‍ പോലീസ് സുരക്ഷയില്ല: അലഹബാദ് ഹൈക്കോടതി

സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു ഓടി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് സുരക്ഷ ഒരുക്കലല്ല കോടതിയുടെ ചുമതല

Published

|

Last Updated

ലക്‌നോ | മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് പോലീസ് സുരക്ഷ നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു ഓടി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് സുരക്ഷ ഒരുക്കലല്ല കോടതിയുടെ ചുമതല എന്നും അലബാദ് ഹൈക്കോടതി നിരീക്ഷിച്ചു.

ഇത്തരത്തില്‍ വിവാഹം കഴിക്കുന്നവരുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന് വ്യക്തമാക്കാതെ പോലീസ് സുരക്ഷ ആവശ്യപ്പെടാന്‍ കഴിയില്ല. മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്നവര്‍ പരസ്പരം പിന്തുണച്ചുകൊണ്ട് സമൂഹത്തെ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശ്രേയ കെസര്‍വാനി എന്ന സ്ത്രീയും ഇവരുടെ ഭര്‍ത്താവും നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സൗരബ് ശ്രീവാസ്തവയുടെ ഉത്തരവ്. ഭീഷണിയില്ലാതെ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു. ലതാ സിംഗും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍റും തമ്മിലുള്ള കേസിലെ വിധി ഉദ്ധരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജീവിതവും സ്വാതന്ത്ര്യവും ഭീഷണി നേരിടുന്നതായി പോലീസില്‍ ദമ്പതികള്‍ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നും ഭീഷണിയുണ്ട് എന്നതിനു വ്യക്തമായ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.