Poem
കഥയിൽ ചോദ്യമില്ല!
പണ്ട്,
സ്കൂളവധിദിനം.
അത്ര നേരവും
കൂടെയുണ്ടായിരുന്ന
കളിച്ചങ്ങാതി
കുളി കഴിഞ്ഞു
മടങ്ങിയ നേരത്താണ്,
കർക്കിടം പെയ്ത്
നിറച്ച കുളത്തിൽ
ഞാനാണ്ടുപോയത്…
ഒരു നിമിഷം
എന്തിനെന്നറിയാതെ
തിരികെ വന്നവൻ,
ആണ്ടു മുങ്ങിയെടുത്തെന്നെ
ജീവിതക്കരയടുപ്പിച്ചു!
പിന്നെയവനെ
കാണുന്നേരമൊക്കെ
ഞാൻ ചോദിക്കും,
അന്ന് എന്തോർത്താണ്
തിരികെ വന്നത്,
വന്നിരുന്നില്ലെങ്കിലീ
ചോദ്യവുമില്ല,
ചോദ്യവുമായി ഞാനുമില്ല…
കാലമേറെക്കഴിഞ്ഞ്
വീണ്ടുമൊരു
കർക്കിടപ്പെയ്ത്ത് കാലത്ത്,
മൃതിയുടെ
കാണാക്കയത്തിലേക്കവൻ സ്വയം
ഊളിയിട്ടകന്ന രാത്രിയിൽ,
ശോകം കനംതൂങ്ങിയൊരെൻ
മിഴികൾക്കു മുന്നിൽ
ഒരു നിഴലായവൻ
വന്നു നിന്നു!
ജീവനെനിക്ക് തന്ന്,
ഇരുളിന്റെയേത്
പാതാളക്കുഴിയിലേക്കാണ്
നീ പറയാതെ പോയതെന്ന്,
പിന്നെയും എന്റെ
ചോദ്യം…
നീണ്ട മൗനത്തിനൊടുവിൽ
അവന്റെ മറുമൊഴി:
മതിവരാത്തവർക്ക്
ചോദ്യങ്ങളാണ്,
ഉത്തരത്തിനായുള്ള
അലച്ചിലാണ്,
ജീവിതം!
മതിവന്നവർക്കോ,
ഏതോ വിദുഷി
പറഞ്ഞ വെറുമൊരു
തമാശക്കഥ;
അവിടെ ചോദ്യങ്ങളില്ല,
ഉത്തരങ്ങളും…