Connect with us

From the print

ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല: സുപ്രീം കോടതി

ഡല്‍ഹി പോലീസിന് രൂക്ഷ വിമര്‍ശം.  പ്രതികരണം ദീപാവലി ദിനത്തിലെ പടക്കം പൊട്ടിക്കലില്‍.

Published

|

Last Updated

ന്യൂഡല്‍ഹി | മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീം കോടതി. ദീപാവലി സമയത്ത് ഡല്‍ഹിയില്‍ പടക്കനിരോധം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട വിഷയത്തില്‍ അധികാരികളെ വിമര്‍ശിച്ച് ജസ്റ്റിസ് അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനയുടെ 21ാം വകുപ്പ് പ്രകാരം മലിനീകരണരഹിതമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും ബഞ്ച് പറഞ്ഞു. ഈ രീതിയില്‍ പടക്കം കത്തിച്ചാല്‍ അത് പൗരന്മാരുടെ ആരോഗ്യത്തോടെ ജീവിക്കാനുള്ള മൗലികാവകാശത്തെ ബാധിക്കും. മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ബഞ്ച് പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധ ഉത്തരവ് പോലീസ് ഗൗരവമായി പരിഗണിച്ചില്ല. നിരോധം ശരിയായി നടപ്പാക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തുന്നതായും ബഞ്ച് പറഞ്ഞു. നിരോധം ഏര്‍പ്പെടുത്താന്‍ വൈകിയെന്ന അഡീ.സോളിസിറ്റര്‍ ജനറലിന്റെ ആരോപണത്തില്‍ വസ്്തുതയുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍, നിരോധം ഏര്‍പ്പെടുത്തിയതിനുപിന്നാലെ പടക്ക വില്‍പ്പന ഉടന്‍ നിര്‍ത്താന്‍ എല്ലാ ലൈസന്‍സ് ഉടമകളെയും പോലീസ് അറിയിക്കേണ്ടതായിരുന്നു. നിരോധം നിലനില്‍ക്കുന്ന കാലത്ത് ലൈസന്‍സ് ഉള്ളവരാരും പടക്കങ്ങള്‍ സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസ് തയ്യാറാകണം. അടുത്ത വര്‍ഷം ജനുവരി ഒന്ന് വരെ നിലനില്‍ക്കുന്ന നിരോധത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കാന്‍ നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണറോട് നിര്‍ദേശിക്കുന്നെന്നും ബഞ്ച് പറഞ്ഞു.

ദേശീയ തലസ്ഥാന നഗരിയുടെ പരിധിയില്‍ പടക്ക വില്‍പ്പന നടത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളേയും പടക്കങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളേയും ഡല്‍ഹി പോലീസ് നിരോധം സംബന്ധിച്ച വിവരം ഉടന്‍ അറിയിക്കണം. നിരോധ ഉത്തരവ് നടപ്പാക്കാന്‍ പ്രത്യേക സെല്‍ രൂപവത്കരിക്കാനും എല്ലാ ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലെയും എസ് എച്ച് ഒമാരെ നിരോധം നടപ്പാക്കാന്‍ ചുമതലപ്പെടുത്താനും കമ്മീഷണറോട് നിര്‍ദേശിക്കുന്നെന്നും ബഞ്ച് പറഞ്ഞു.

ഡല്‍ഹി സര്‍ക്കാര്‍ നിരോധന വിജ്ഞാപനം ഒക്ടോബര്‍ 14 വരെ വൈകിപ്പിച്ചത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച ശേഷം നിരോധം നീട്ടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് ഡല്‍ഹി സര്‍ക്കാറിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഈ മാസം 25നോ അതിനു മുമ്പോ ഉചിതമായ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. നിരോധം നടപ്പാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും സ്വീകരിച്ച നടപടികള്‍ രേഖപ്പെടുത്തി 25ന് മുമ്പ് വ്യക്തിപരമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഡല്‍ഹിയുടെ പരിധിയില്‍ പടക്ക നിര്‍മാണം, സംഭരണം, വില്‍പ്പന, പൊട്ടിക്കല്‍ എന്നിവ നിരോധിക്കുന്ന വിഷയത്തില്‍ പ്രതികരിക്കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാറുകളോടും കോടതി ആവശ്യപ്പെട്ടു. ഡല്‍ഹി ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാന സര്‍ക്കാറുകളും വിഷയത്തില്‍ 25ന് മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കണം.