Ongoing News
നോ രക്ഷ; മുംബൈക്ക് മുന്നിൽ രാജസ്ഥാന് ആറ് വിക്കറ്റ് പരാജയം
അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും തുടര്‍ച്ചയായി സിക്‌സറടച്ച ഡേവിഡാണ് മുംബൈയെ ലക്ഷ്യത്തിലെത്തിച്ചത്
മുംബൈ | അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ആറ് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സെന്ന വിജയ ലക്ഷ്യം മൂന്ന് പന്ത് അവശേഷിക്കെയാണ് മുംബൈ മറികടന്നത്.
ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും തുടര്‍ച്ചയായി സിക്‌സറടച്ച ടീം ഡേവിഡാണ് മുംബൈ ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്.
ഐ പി എല്ലിലെ സൂപ്പര്‍ സണ്ടേയായ ഇന്ന് നടന്ന രണ്ട് മത്സരങ്ങളിലായി നാല് ടീമുകളും 200 റണ്‍സിലധികം സ്‌കോര്‍ ചെയ്തത് ബാറ്റിംഗ് വിരുന്നായി. വൈകിട്ട്, 200 റണ്‍സ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നാല് വിക്കറ്റിന് പഞ്ചാബ് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 212 റണ്‍സെടുത്ത രാജസ്ഥാനെ മുംബൈ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയത്.
മുംബൈ ഇന്നിംഗ്‌സില്‍ സൂര്യ കുമാര്‍ യാദവ് കത്തിത്തെളിഞ്ഞു. 29 പന്തുകളില്‍ 55 റണ്‍സാണ് സ്കൈ അടിച്ചുകൂട്ടിയത്. എന്നാല്‍, അവസാന ഓവറിലെ മൂന്ന് പന്തും തുടരെ തുടരെ സിക്‌സറിന് പറത്തിയ ടീം ഡേവിഡാണ് ഏവരുടെയും കൈയടി നേടിയത്. 14 പന്തില്‍ 45 റണ്‍സാണ് ഡേവിഡ് അടിച്ചെടുത്തത്.
26 ബോളില്‍ 44 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനും തിളങ്ങി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് നേടി ക്ലീന്‍ ബൗള്‍ഡായ ക്യാപറ്റന്‍ രോഹിത് ശര്‍മ വീണ്ടും നിരാശപ്പെടുത്തി. തിലക് വര്‍മ 29, ഇശാന്‍ കിശന്‍ 28 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു.
രാജസ്ഥാന്‍ ബൗളിംഗില്‍ അശ്വിന്‍ രണ്ട് വിക്കറ്റ് നേടി. റണ്‍സ് വിട്ടുകൊടുക്കുന്നതിലും അശ്വിന്‍ തന്നെയാണ് നന്നായി പിശുക്കിയത്. നാല് ഓവറില്‍ 27 റണ്‍സാണ് അശ്വിന്‍ വിട്ടുകൊടുത്തത്. ട്രെന്‍ഡ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
3.3 ഓവറില്‍ 55 റണ്‍സ് വിട്ടുകൊടുത്ത ജേസണ്‍ ഹോള്‍ഡറാണ് ക്യാപ്റ്റന്‍ സഞ്ജുവിന്റെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തിയത്. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിടത്താണ് ഹോള്‍ഡര്‍ അലക്ഷ്യമായി പന്തെറിഞ്ഞ് ജയം കളഞ്ഞുകുളിച്ചത്. ആറ് വിക്കറ്റുകള്‍ കൈയിലിരിക്കുന്നത് ഡേവിഡിന് ആഞ്ഞടിക്കാന്‍ ആത്മബലം നല്‍കി.
ഇതോടെ, രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും മുംബൈ ഇന്ത്യന്‍സ് ഏഴാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
നേരത്തെ രാജസ്ഥാൻ ബാറ്റിംഗിൽ യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറി നേടിയിരുന്നു. 62 ബോളില്‍ 124 റണ്‍സ് നേടിയ ജയ്‌സ്വാളിന്റെ മികവില്‍ രാജസ്ഥാന് 7 വിക്കറ്റിനാണ് 212 റണ്‍സ് നേടിയത്. എന്നാൽ, മൂർച്ചയില്ലാത്ത ബോളിംഗ് രാജസ്ഥാന് തിരിച്ചടിയായി.