Connect with us

helicopter accident

അപകടം സംഭവിച്ച സ്ഥലത്തേക്ക് റോഡ് സൗകര്യമില്ല; ഹെലികോപ്ടർ ഭാഗങ്ങൾ പുറത്തെത്തിക്കുന്നു

തലയിൽ ചുമന്നാണ് സൈനികര്‍ പുറത്തെത്തിക്കുന്നത്

Published

|

Last Updated

ഊട്ടി | കുന്നൂർ കാട്ടേരി നഞ്ചപ്പസത്ര ഗ്രാമത്തിൽ തകർന്ന് വീണ സൈനിക ഹെലികോപ്ടറിന്റെ ഭാഗങ്ങൾ തലയിൽ ചുമന്ന് പുറത്തെത്തിക്കുന്നു. അപകടം സംഭവിച്ച സ്ഥലത്ത് റോഡ് സൗകര്യമില്ല. ഇതേ തുടർന്നാണ് ഹെലികോപ്ടറിന്റെ ഭാഗങ്ങൾ സൈന്യം തലയിൽ ചുമന്ന് പുറത്തെത്തിക്കുന്നത്. പത്തിൽപ്പരം സൈനികരാണ് ഇവ ശേഖരിക്കുന്നത്. ഹെലികോപ്ടർ അപകടത്തിന് ശേഷം 16 ദിവസം കഴിഞ്ഞ് ഇന്നലെ സൈനിക ഹെലികോപ്ടർ നഞ്ചപ്പസത്ര മേഖലയിൽ പറന്നു. നിരീക്ഷണം നടത്തുന്നതിനായാണ് ഹെലികോപ്ടർ പറന്നത്.

കഴിഞ്ഞ എട്ടിന് നടന്ന ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും പത്‌നിയും ഉൾപ്പെടെ 14 പേർ മരിച്ചിരുന്നു. സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടറാണ് കുന്നൂരിനടുത്ത കാട്ടേരി നഞ്ചപ്പസത്രം വനത്തിനോട് ചേർന്ന ജനവാസ മേഖലയിൽ അപകടത്തിൽപ്പെട്ടത്.

കോയമ്പത്തൂരിലെ സൂലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്കുള്ള യാത്രക്കിടെയാണ് ഹെലികോപ്ടർ തകർന്നു വീണത്. ഹെലിപ്പാടിന് പത്ത് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് അപകടം സംഭവിച്ചത്. അപകടത്തെക്കുറിച്ച് സൈന്യവും പോലീസും അന്വേഷണം നടത്തി വരികയാണ്.

Latest