Kerala
ശമ്പളമില്ല; കെ എസ് ആര്‍ ടി സി ജീവനക്കാരുടെ അനിശ്ചിതകാല സത്യഗ്രഹ സമരം ഇന്ന് മുതല്‍
സി ഐ ടി യു, ഐ എന്‍ ടി യു സി സംഘടനകളുടെ ആഭിമുഖ്യത്തില്‍ കെ എസ് ആര്‍ ടി സി ആസ്ഥാനത്താണ് സമരം
തിരുവനന്തപുരം | ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിത കാല സത്യഗ്രഹ സമരം തുടങ്ങും. സി ഐ ടി യു, ഐ എന്‍ ടി യു സി സംഘടനകളുടെ ആഭിമുഖ്യത്തില്‍ കെ എസ് ആര്‍ ടി സി ആസ്ഥാനത്താണ് സമരം. ശമ്പളം കിട്ടുന്നത് വരെ സമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. ഇതിന് പുറമെ ബി എം എസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലും കെ എസ് ആര്‍ ടി സി ജില്ലാ ആസ്ഥാനങ്ങളിലും നാളെ അനിശ്ചിതകാല ധര്‍ണയും നടത്തും. ബസ് സര്‍വീസുകളെ ബാധിക്കാത്തവിധത്തിലായിരിക്കും സമരങ്ങള്‍.
ഡ്യൂട്ടി പരിഷ്‌കരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കെ എസ് ആര്‍ ടി സി. എം ഡി വെള്ളിയാഴ്ച വിളിച്ച യോഗം സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു. ശമ്പളവിതരണത്തിലെ അനിശ്ചിതത്വം മാനേജ്മെന്റ് വ്യക്തമാക്കിയതോടെയാണ് ശമ്പളം കിട്ടിയിട്ട് ചര്‍ച്ചചെയ്യാമെന്നുപറഞ്ഞ് സംഘടനകള്‍ യോഗം ബഹിഷ്‌കരിച്ചത്.
193 കോടി രൂപ മാസവരുമാനം നേടിയിട്ടും ശമ്പളം നല്‍കാത്തതാണ് പ്രതിഷേധത്തിനു കാരണം. ഡീസല്‍ ചെലവും കണ്‍സോര്‍ഷ്യം വായ്പ തിരിച്ചടവും കഴിഞ്ഞപ്പോള്‍ ഖജനാവ് കാലിയായെന്നാണ് കെ എസ് ആര്‍ ടി സി അധികൃതരുടെ വിശദീകരണം.