National
സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹം പാടില്ല; ഉത്തരവിട്ട് അസം
ഒക്ടോബര്‍ 20-നാണ് ജീവനക്കാര്‍ക്കുള്ള ഉത്തരവ് ഇറക്കുന്നത്.
ഹിമന്ത ബിശ്വ ശർമ
ദിസ്പുര്‍| സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹം പാടില്ലെന്ന് ഉത്തരവിട്ട് അസം സര്‍ക്കാര്‍. വ്യക്തിനിയമങ്ങള്‍ അനുവദിക്കുന്നുണ്ടെങ്കില്‍പോലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദ്വിഭാര്യത്വം തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.
സമുദായം രണ്ടാം വിവാഹത്തിന് അനുവദിക്കുന്നുണ്ടെങ്കില്‍പോലും സര്‍ക്കാര്‍ അനുമതി കൂടിയേ തീരൂ. ഇത്തരത്തിലൊരു നിയമം വര്‍ഷങ്ങളായി നിലവിലുണ്ട്. അത് നടപ്പിലാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. രണ്ടു വിവാഹങ്ങള്‍ ചെയ്ത ജീവനക്കാരുടെ ഭാര്യമാര്‍ അവരുടെ മരണശേഷം ഭര്‍ത്താവിന്റെ പെന്‍ഷനു വേണ്ടി തമ്മില്‍തല്ലുന്നത് കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബര്‍ 20-നാണ് ജീവനക്കാര്‍ക്കുള്ള ഉത്തരവ് ഇറക്കുന്നത്. ഭാര്യ ജീവിച്ചിരിക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു വിവാഹത്തിന് അനുമതിയില്ലെന്നും എന്നാല്‍ വ്യക്തിനിയമം അതിന് അനുവദിക്കുന്നുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സമാനമായി, സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും ഭര്‍ത്താവ് ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിന് അനുമതിയില്ലെന്നും ഉത്തരവിലുണ്ട്.