Kerala
രണ്ടാം ഘട്ടവ്യാപനമില്ല; പുതിയ കേസുകളുമില്ല; നിപ്പാ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി
ഇന്ന് ലഭ്യമായ പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവ്
കോഴിക്കോട് | സംസ്ഥാനത്ത് നിപ്പാ കേസുകൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയിൽ സ്ഥിതി നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്ന് ലഭ്യമായ പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവാണെന്ന് വൈകുന്നേരത്തെ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ വ്യക്തമാക്കി.
സ്ഥിതി നിയന്ത്രണവിധേയമാണെന്നും രണ്ടാം ഘട്ട വ്യാപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. പുതിയ പോസിറ്റീ്വ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 1192 പേരാണ് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത്. നിലവിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ള അഞ്ച് പേരെ ഇന്ന് ആശുപത്രി ഐസ്വലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയടക്കം നാലുപേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കൂടുതൽ പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിപ്പാ സംബന്ധിച്ച് തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ഒരാൾക്ക് എതിരെ കേസെടുത്തതായും ആരോഗ്യ മന്ത്രി അറിയിച്ചു. തെറ്റായ വിവരങ്ങൾ ആരും പ്രചരിപ്പിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിപ്പാ ബാധിതരായി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ ചികിത്സാ ചെലവുകൾ തത്കാലം ബന്ധുക്കളിൽ നിന്ന് വാങ്ങെണ്ടതില്ലെന്ന് ആശുപത്രി അധികൃതർക്ക് കലക്ടർ നിർദേശം നൽകിയിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുക്കളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ചികിത്സാ ധനസഹായം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.