health
കുഞ്ഞുങ്ങളുടെ ആഹാരത്തിൽ കുറുക്കുവഴികൾ വേണ്ട
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിൽ നിന്ന് കുഞ്ഞിനെ അകറ്റിനിർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഭക്ഷണപദാർഥങ്ങൾ മിക്‌സിയിൽ അടിച്ച് നൽകുന്നതും കുപ്പിയിൽ നൽകുന്നതും ഒഴിവാക്കാം. ടി വി , ഫോൺ എന്നിവക്ക് മുന്നിലിരുത്തി ഭക്ഷണം കഴിപ്പിക്കരുത്. പാക്കറ്റ് ഫുഡുകൾ, ചോക്ലേറ്റ്, ഐസ്‌ക്രീം, കേക്ക്, പുറത്തു നിന്നും വാങ്ങുന്ന ജ്യൂസുകൾ എന്നിവ കഴിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്.
ഓരോ മാതാപിതാക്കളുടെയും വരദാനമാണ് അവരുടെ പിഞ്ചോമനകൾ. അതിലുപരി ഭാവിയുടെവാഗ്ദാനങ്ങളുമാണ്. അതിനാൽ കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യത്തിൽ നമ്മുടെ പങ്ക് വളരെ വലുതാണ്. ഒരു കുഞ്ഞു ജനിച്ചുകഴിയുമ്പോൾ പല ആശങ്കകളും നമ്മുടെ മനസ്സിൽ ഉടലെടുത്തേക്കാം. അതിൽ പ്രധാനപ്പെട്ടതാണ് കുഞ്ഞിന്റെ ഭക്ഷണ കാര്യം. പ്രത്യേകിച്ച് ആറ് മാസം കഴിയുമ്പോൾ.
ആറ് മാസംവരെ പോഷകങ്ങളുടെ കലവറയായ മുലപ്പാൽ തന്നെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് അത്യുത്തമം. കുഞ്ഞിന് ആവശ്യമായ ജലാംശം മുലപ്പാലിൽ അടങ്ങിയിട്ടുള്ളതുകൊണ്ട് മറ്റ് പാനീയങ്ങളൊന്നും തന്നെ ആറ് മാസംവരെ നൽകേണ്ടതില്ല. ആറ് മാസം കഴിയുമ്പോൾ കുട്ടിയുടെ ദഹനവ്യവസ്ഥയിൽ മാറ്റം സംഭവിക്കുകയും ഖരരൂപത്തിലുള്ള ആഹാരങ്ങൾ ആഗിരണം ചെയ്യാൻ ശരീരം പ്രാപ്തമാകുകയും ചെയ്യുന്നു. കുഞ്ഞിന്റെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ആവശ്യകത ഈ കാലയളവിൽ കൂടിവരുന്നു. അതിനാൽ ആറ് മാസത്തിൽ തന്നെ കട്ടിയാഹാരങ്ങൾ കുട്ടിക്ക് കൊടുത്തുതുടങ്ങേണ്ടതുണ്ട്. അല്ലെങ്കിൽ വളർച്ചക്കുറവ്, വിളർച്ച എന്നിവ കുഞ്ഞുങ്ങളിൽ പ്രകടമായേക്കാം.
ധാന്യകുറുക്കുകളാണ് ആദ്യമായി കുഞ്ഞിന് നൽകിത്തുടങ്ങേണ്ടത്. നമ്മുടെ നാട്ടിൽ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചു, വീട്ടിൽതന്നെ തയ്യാറാക്കുന്ന കുറുക്കുകളാണ് കൂടുതൽ ആരോഗ്യകരം. അരി, റാഗി, ഗോതമ്പ്, റവ തുടങ്ങിയവ ഉപയോഗിച്ച് തുടക്കത്തിൽ അയഞ്ഞ രൂപത്തിലും ക്രമേണ കട്ടികൂട്ടിയുമാണ് നൽകേണ്ടത്. പോഷക മൂല്യം കൂട്ടാൻ വേണ്ടി കുറുക്കിൽ ഒരു സ്പൂൺ നെയ്യ്, ശർക്കര അല്ലെങ്കിൽ കൽക്കണ്ടം എന്നിവ ചേർക്കാവുന്നതാണ്. ഒരു ധാന്യം മാത്രം അടങ്ങിയ കുറുക്കുകൾ തുടക്കത്തിൽ ഒരുനേരമായും പിന്നീട് ദിവസത്തിൽ മൂന്ന് തവണ വരെയും നൽകിത്തുടങ്ങാം. ഒരു ആഹാരംരണ്ടാഴ്ചയെങ്കിലും തുടർച്ചയായി നൽകിയതിന് ശേഷം മറ്റൊന്ന് പരിചയപ്പെടുത്താവുന്നതാണ്. ഓരോ ഭക്ഷണവും കുഞ്ഞിന് ദഹിക്കുന്നുണ്ടെന്നും അലർജി ഉണ്ടാകാൻസാധ്യതയില്ല എന്ന് ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കുന്നു.
ക്രമേണ ധാന്യപ്പൊടികൾക്കൊപ്പം പയറുവർഗങ്ങൾ കൂടി ചേർത്ത കുറുക്കുകൾ നൽകാം. ആവിയിൽ വേവിച്ചുടച്ച പഴങ്ങളും പച്ചക്കറികളും ഇടനേരങ്ങളിൽ കുട്ടികൾക്ക് നൽകണം. ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, നേന്ത്രപ്പഴം, പപ്പായ, ആപ്പിൾ, മത്തൻ, മധുരക്കിഴങ്ങ് എന്നിങ്ങനെ എളുപ്പം ദഹിക്കുന്നതരത്തിലുള്ള ആഹാരസാധനങ്ങളാണ് ആദ്യംനൽകേണ്ടത്.
കുഞ്ഞിന് ഒൻപത് മാസമാകുന്നതോടെ അവർക്ക് സ്വയം പെറുക്കിയെടുത്തു കഴിക്കാൻ പാകത്തിലുള്ള വേവിച്ചതും കട്ടി കുറഞ്ഞതുമായ ഭക്ഷണങ്ങൾ പരിചയപ്പെടുത്താം. ഈ കാലയളവിൽ മുട്ടയുടെ മഞ്ഞ, ചെറിയ മീനുകൾ, ഇറച്ചി, എന്നിവ നന്നായിവേവിച്ച് കൊടുക്കാം. ചോറ്, ഇഡ്ഡലി, ദോശ, ഉപ്പുമാവ്, വേവിച്ച ഇലക്കറികൾ എന്നിവ കൂടി ഉൾപ്പെടുത്തുന്നതോടെ പോഷകമൂല്യം വർധിക്കുന്നു. അണ്ടിപ്പരിപ്പ് , നിലക്കടല എന്നിവ അരച്ച് മറ്റു ആഹാരങ്ങളോടൊപ്പം ചേർത്തു നൽകാം. പത്ത് മാസം എത്തുന്നതോടെ മുട്ടയുടെ വെള്ള കൂടെ ഉൾപ്പെടുത്താം.
ഒരു വയസ്സാവുന്നതോടെ മിക്ക കുട്ടികൾക്കും പല്ല് മുളയ്ക്കും. ഈ കാലയളവിൽ കൃത്യമായ ഇടവേളകളിൽ, ആവശ്യമായ അളവിൽ മുതിർന്നവർ കഴിക്കുന്ന എല്ലാ ഭക്ഷണവും കുട്ടിക്ക് നൽകാവുന്നതാണ്. നേർപ്പിച്ച പശുവിൻ പാലും നമുക്ക് കൊടുത്ത് തുടങ്ങാം. രണ്ട് വയസ്സാകുന്നതോടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ദിവസം അഞ്ച് നേരം വരെ കൊടുക്കണം. തനിയെ ആഹാരം കഴിക്കാൻകുഞ്ഞിനെ പ്രോത്സാഹിപ്പിക്കാനും മറക്കരുത്. ആഹാരത്തോടൊപ്പം മുലപ്പാൽ നൽകുന്നത് തുടരണം.
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിൽ നിന്ന് കുഞ്ഞിനെ അകറ്റിനിർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഭക്ഷണപദാർഥങ്ങൾ മിക്‌സിയിൽ അടിച്ച് നൽകുന്നതും കുപ്പിയിൽ നൽകുന്നതും ഒഴിവാക്കാം. ടി വി , ഫോൺ എന്നിവക്ക് മുന്നിലിരുത്തി ഭക്ഷണം കഴിപ്പിക്കരുത്. പാക്കറ്റ് ഫുഡുകൾ, ചോക്ലേറ്റ്, ഐസ്‌ക്രീം, കേക്ക്, പുറത്തു നിന്നും വാങ്ങുന്ന ജ്യൂസുകൾ എന്നിവ കഴിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്. ചായ, കാപ്പി എന്നിങ്ങനെയുള്ള പാനീയങ്ങൾ കുട്ടികൾക്ക് നൽകേണ്ടതില്ല. ആരോഗ്യകരമായ രക്ഷകർതൃത്വത്തിലേക്കുള്ള പാത തിരഞ്ഞെടുക്കാൻ ഇനി മടിവേണ്ട.