Kerala
സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് എസ്എഫ്‌ഐഒക്ക് മൊഴി നല്‍കിയിട്ടില്ല; മാധ്യമങ്ങളുടെ പ്രചാരണം വസ്തുതാവിരുദ്ധം: വീണ വിജയന്‍
വീണയുടെ പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നേരത്തെ മുഹമ്മദ് റിയാസും വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം | സിഎംആര്‍എല്ലില്‍ നിന്ന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണ വിജയന്‍.സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് എസ്എഫ്‌ഐഓക്ക് താന്‍ മൊഴി നല്‍കിയെന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണ്.അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അത് അവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ സേവനം നല്‍കാതെ താനോ എക്‌സാലോജിക് സൊല്യൂഷനോ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ പറഞ്ഞു.
നേരത്തെ, ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. സേവനം നല്‍കാതെയാണ് പണം കൈപറ്റിയതെന്ന മൊഴി വീണ നല്‍കിയിട്ടില്ല. ഒരാള്‍ പറയാത്ത കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയായി വരുന്നത്. വീണയുടെ പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.