Connect with us

Siraj Article

വിദ്യാർഥികളില്ല, അധ്യാപകരും

ഇന്ന് അധ്യാപകദിനം

Published

|

Last Updated

അർഥവത്തായ അധ്യാപക ജീവിതത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളായാണ് ഓരോ അധ്യാപകദിനവും കടന്നുപോകുന്നത്. ഈ കൊവിഡ് കാലത്ത് ഇത്തരം പര്യാലോചനകൾക്ക് പ്രസക്തിയേറുന്നു. കാരണം എല്ലാം അടഞ്ഞുകിടക്കുമ്പോഴും വിദ്യാലയങ്ങൾ അടഞ്ഞുകിടന്നതിലായിരുന്നു നമ്മുടെ പൊതുസമൂഹം ഏറെ അസ്വസ്ഥമാകുകയും ഉത്കണ്ഠപ്പെടുകയും ചെയ്തത്. അത് ഇപ്പോഴും തുടരുന്നു. അത്തരമൊരു സന്ദർഭത്തിലാണ് ഈ വർഷത്തെ അധ്യാപകദിനം കടന്നുപോകുന്നത്. വിദ്യാലയങ്ങൾ ഒന്നു തുറന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും. അത്രയേറെ പ്രയാസങ്ങൾ ഈ വിഭാഗങ്ങൾ ഇന്ന് അനുഭവിക്കുന്നുണ്ട്.

അറിവ് നേടൽ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നായിരുന്നു നമ്മളിൽ പലരും കരുതിയിരുന്നത്. അതുകൊണ്ട് ഇനി ഗുരു വേണ്ട ഗൂഗിൾ മതി എന്നിടത്തോളമെത്തിയിരുന്നു കാര്യങ്ങൾ. ഇപ്പോൾ ഈ കൊവിഡ് കാലത്ത് ഗൂഗിൾ സർവാധിപതിയായി. ഗൂഗിൾ മീറ്റ്, ഗൂഗിൾ ക്ലാസ്സ് റൂം, ഗൂഗിൾ ഫോം എന്നിങ്ങനെ അറിവ് ശേഖരണവും വിതരണവുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ ഒരു സർവാധിപത്യം നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. പൊതുമേഖലയെ പോലെ ഒരു വിശ്വാസ്യത ഗൂഗിളിന് ഇപ്പോൾ കേരളത്തിലെങ്കിലും ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു.

അറിവ് ഉത്പാദനം

ഇവിടെയാണ് വിദ്യാലയത്തിന്റെയും അധ്യാപകരുടെയും പ്രാധാന്യത്തെ സംബന്ധിച്ച് പൊതുസമൂഹം ഇപ്പോൾ ഉണർന്നു ചിന്തിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാലയം അറിവിന്റെ വിതരണ കേന്ദ്രം മാത്രമല്ല, അറിവിന്റെ ഉത്പാദന കേന്ദ്രം കൂടിയാണ്. അത് കുട്ടികളും പാഠപുസ്തകവും അധ്യാപകരും മാത്രം ചേർന്ന് നിർമിക്കുന്നതല്ല. കുട്ടികളും അധ്യാപകരും വിദ്യാലയ പരിസരവും രക്ഷിതാക്കളും പൊതുസമൂഹവും ഒരുമിച്ച് പങ്കാളികളാകുന്ന അറിവ് ഉത്പാദനത്തിന്റെ കർമമണ്ഡലമാണ് യഥാർഥത്തിൽ വിദ്യാലയം. പുസ്തക പഠനവും അധ്യാപക ഇടപെടലും അതിൽ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ഒരുതരത്തിൽ ഇന്ന് അതു മാത്രമേ നടക്കുന്നുള്ളൂ. അതുപോലും യഥാർഥ അർഥത്തിൽ നടക്കുന്നുമില്ല. ഇവിടെ വിദ്യാർഥിയുടെ മാത്രമല്ല അധ്യാപകരുടെയും സർഗാത്മകതക്കാണ് ഭംഗമേൽക്കുന്നത്. അറിവ് പകർന്നു നൽകുന്നതിൽ സാങ്കേതിക വിദ്യ ഇടനിലയാകുന്നതോടെ സ്വാഭാവികമായും ആ പ്രക്രിയ യാന്ത്രികമാകുന്നുണ്ട്. എത്രമാത്രം ഭാവ സമ്പന്നമാക്കിയാലും കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ അധ്യയനം വിരസമാകുന്നത് അതുകൊണ്ടാണ്.

അധ്യാപക ജീവിതത്തെ പൊതുവെ മഹത്വപൂർണമായിക്കാണുന്ന സമൂഹമാണല്ലോ നമ്മുടേത്. നല്ല അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരല്ല, കുട്ടികളിൽ നിന്ന് പഠിക്കുന്നവരാണ്. ശിഷ്യനായ ഗുരുവിനെ കക്കാട് സ്മരിക്കുന്നുണ്ട്. “വിശപ്പിനാലിന്നലെ തല തിരിഞ്ഞു വഴിക്കു ഞാൻ വീണു പോയ്’ എന്ന പരമുവിന്റെ വെളിപ്പെടുത്തൽ അധ്യാപകനിൽ പുതിയ ജീവിതാവബോധം സൃഷ്്ടിക്കുന്നുണ്ട്. ഇന്നും നമ്മുടെ അധ്യാപകരുടെ കാതിൽ മുഴങ്ങുന്ന ദൈന്യത തന്നെയാകണം പരമുവിന്റെ ദാരിദ്ര്യം. ഈ മധ്യവർഗ ജീവിതത്തിനകത്തും അത് മറക്കാവതല്ല. അതു തിരിച്ചറിയുന്ന അധ്യാപകനാണ് യഥാർഥ അധ്യാപകൻ. പുസ്തകത്തിലെ പാഠങ്ങളല്ല ജീവിതപാഠങ്ങളാണ് അധ്യാപകനിൽ നിന്ന് കുട്ടി പഠിക്കേണ്ടത്. അത്തരം ഒരു ജീവിത ദർശനം കാത്തുസൂക്ഷിക്കുകയെന്നത് അധ്യാപകന്റെ മുഖ്യ കർത്തവ്യമാകണം. സാമൂഹിക മാറ്റങ്ങൾക്കടിയിലൊക്കെ ഒരധ്യാപകന്റെ കൈയൊപ്പു കൂടി പതിഞ്ഞിരിക്കും. അങ്ങനെയാകുമ്പോൾ എത്ര സാങ്കേതിക വളർച്ച ഉണ്ടാകുമ്പോഴും അധ്യാപകരുടെ പ്രസക്തി കുറഞ്ഞു വരില്ല. കൂടുകയാണ് ചെയ്യുക. കാരണം ഉപകരണങ്ങൾ വിശേഷിച്ച് ഒരു മൂല്യബോധവും പകരുന്നില്ല.

വിവരങ്ങൾ വായകൊണ്ട് പറയുന്നതോ ചില അറിവുകൾ സ്‌ക്രീനിൽ കൈമാറുന്നതോ അല്ല വിദ്യാഭ്യാസം. മുഴുവൻ ശരീരം കൊണ്ടും മനസ്സുകൊണ്ടും അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വവും പങ്കാളിത്തവും ഇടപെടലുകളും ക്ലാസ്സ് മുറിയിലും വിദ്യാലയത്തിലും ഉണ്ടാകുകയാണ് പ്രധാനം. ആ നില നഷ്ടപ്പെട്ടു പോയതിന്റെ പ്രശ്‌നങ്ങളാണ് ഒന്നര വർഷമായി നാം നേരിടുന്നത്. സ്‌കൂൾ ഒരു കെട്ടിടമല്ല. അത് ജീവത്തായ സാന്നിധ്യമാണ്. അവിടെ കൂടിച്ചേരലിന്റെയും അനുഭവ കൈമാറ്റത്തിന്റെയും പാരസ്പര്യത്തിന്റെയും സാമൂഹികതയുടെയും ഒരുപാട് തലങ്ങൾ സാധ്യമാകുന്നു. ആ നിലക്ക് നോക്കുമ്പോൾ സിലിബസ് പഠിക്കുകയെന്നത് വിദ്യാലയ ദൗത്യത്തിന്റെ ഒരു ഇത്തരി വൃത്തം മാത്രമാണെന്ന് മനസ്സിലാകും.

പരീക്ഷയല്ല

പരീക്ഷക്ക് വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകളാണ് വിദ്യാഭ്യാസം എന്നൊരു കാഴ്ചപ്പാടും സമൂഹത്തിൽ പ്രബലമായി വന്നിരുന്നു. കാൽ നൂറ്റാണ്ടായിക്കാണും അത്തരമൊരു ചിന്ത വളരെ പതുക്കെപ്പതുക്കെ കേരളീയ സമൂഹത്തിൽ ശക്തി പ്രാപിച്ചുവന്നിട്ട് ഇംഗ്ലീഷ് മീഡിയം, സ്വകാര്യ വിദ്യാലയങ്ങൾ കേരളത്തിൽ മുളച്ചുപൊന്തിയത് അത്തരമൊരു സാഹചര്യത്തിലായിരുന്നു. അതിന് തിരിച്ചടി നൽകിക്കൊണ്ടാണ് കഴിഞ്ഞ അഞ്ചാറ് വർഷമായി കേരളം മുന്നേറിക്കൊണ്ടിരിക്കുന്നത്. എത്രയെത്ര ക്ലബുകൾ, എത്രയെത്ര കലോത്സവങ്ങൾ അതിന്നും പുറത്ത് എന്തെല്ലാം പഠനോത്സവങ്ങൾ, പഠനയാത്രകൾ ഈ വിധം കുട്ടിയുടെ നേതൃഗുണം, സർഗാത്മകത എല്ലാത്തിനെയും ഉജ്ജീവിപ്പിക്കുന്നതായിരുന്നു വിദ്യാലയാന്തരീക്ഷം. അതിന്റെ നഷ്ടം അപരിഹാര്യമായിത്തുടരുകയാണ്.

നമ്മുടെ കുട്ടികൾ ഈ വിധം ധാരാളം ഇല്ലായ്മകളിലൂടെയാണ് കടന്നുപോകുന്നത്. വളരെ സുരക്ഷിതമായി വിദ്യാലയങ്ങൾ തുറക്കുക മാത്രമേ ഇതിന് പരിഹാരമുള്ളൂ. അതിനുള്ള പ്രായോഗികമായ പരിശ്രമങ്ങൾ നടക്കട്ടെ. വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലെത്തുമ്പോഴാണ് അധ്യാപനം അർഥപൂർണമാകുന്നത്. അതിന്റെ സഫലമായ യത്‌നങ്ങൾക്കാകട്ടെ ഈ അധ്യാപകദിനത്തിലെ ചിന്തകൾ.