From the print
സുനിതയും വിൽമോറുമില്ല; സ്റ്റാർലൈനർ ഭൂമിയിൽ
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ പുലർച്ചെ ഭൂമിയിലേക്കു പുറപ്പെട്ട പേടകം ന്യൂമെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്‌പേസ് ഹാർബറിൽ ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ഇറങ്ങിയത്
വാഷിംഗ്ടൺ | സുനിതാ വില്യംസും ബുച് വിൽമോറുമായി ബഹിരാകാശത്തേക്കു പോയ ബോയിംഗ് സ്റ്റാർലൈനർ ഇരുവരുമില്ലാതെ ഭൂമിയിൽ തിരിച്ചെത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ പുലർച്ചെ ഭൂമിയിലേക്കു പുറപ്പെട്ട പേടകം ന്യൂമെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്‌പേസ് ഹാർബറിൽ ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ഇറങ്ങിയത്. ആറ് മണിക്കൂർ കൊണ്ടാണ് ഭൂമിയിലെത്തിയത്.
ഭ്രമണപഥത്തിലെ ലാബിൽ നിന്ന് അൺഡോക്ക് ചെയ്ത ശേഷം ആളില്ലാ പേടകം സ്വയം നിയന്ത്രിത മോഡിലാണ് സഞ്ചരിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ശേഷം പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗം കുറച്ചാണ് പേടകം ഭൂമിയിലിറങ്ങിയത്.
ജൂൺ അഞ്ചിനാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച് വിൽമറിനെയും വഹിച്ച് ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശത്തെത്തിയത്. മനുഷ്യരെ വഹിച്ചുള്ള ബോയിംഗിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യം യാത്രക്കിടെയുണ്ടായ ഹീലിയം ചോർച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണം മാസങ്ങൾ നീണ്ടു.
ഇരുവരെയും വഹിച്ച് സ്റ്റാർലൈനർ തിരിച്ചിറക്കുന്നതിൽ ആശങ്കയുണ്ടെന്ന് നാസയുടെ വിദഗ്ധ സംഘം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാർലൈനർ തനിച്ച് മടങ്ങിയത്. ബഹിരാകാശ യാത്രികരുടെ മടക്കം അടുത്ത ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് നാസ അറിയിച്ചത്. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണിന്റെ പേടകത്തിലായിരിക്കും ഇരുവരുടെയും മടങ്ങിവരവ്.
402 കിലോമീറ്റർ അകലെ ഏകദേശം ഫുട്‌ബോൾ മൈതാനത്തിന്റെ വലിപ്പമുള്ള സയൻസ് ലാബ് ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ എസ് എസ്). വിവിധ പേടകങ്ങളിലായി വ്യത്യസ്ത സമയങ്ങളിൽ എത്തിയ ഏഴ് ബഹിരാകാശ യാത്രികരാണ് ഇപ്പോൾ നിലയത്തിലുള്ളത്.