Kerala
യു ഡി എഫിൽ ചര്‍ച്ചകളില്ല: വിമര്‍ശവുമായി ആര്‍ എസ് പി
ബ്രഹ്മപുരം തീപിടുത്തവും നിയമസഭയിലെ സംഘര്‍ഷവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടായിട്ടും അടിയന്തര മുന്നണി യോഗം ചേരാതിരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഷിബു ബേബി ജോണും എന്‍ കെ പ്രേമചന്ദ്രന്‍ എം പിയും എ എ അസീസും
തിരുവനന്തപുരം | യു ഡി എഫ് മുന്നണിക്കെതിരെ വിമര്‍ശവുമായി ഘടകകക്ഷിയായ ആര്‍ എസ് പി. തീരുമാനങ്ങളെടുക്കുന്നതിന് യു ഡി എഫ് യോഗം ചേരുന്നില്ലെന്നതടക്കമുള്ള പരസ്യ വിര്‍ശവുമായാണ് ആര്‍ എസ് പി നേതാക്കള്‍ രംഗത്തെത്തിയത്. ബ്രഹ്മപുരം തീപിടുത്തവും നിയമസഭയിലെ സംഘര്‍ഷവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങളുണ്ടായിട്ടും യു ഡി എഫ് അടിയന്തര യോഗം ചേരാതിരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ആര്‍ എസ് പി നേതാക്കളായ ഷിബു ബേബി ജോണ്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എ എ അസീസ് എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ മാസങ്ങള്‍ക്കിടയിലാണ് യു ഡി എഫ് യോഗം ചേരുന്നത്. അതുപോരായെന്ന് വ്യക്തമാക്കിയ നേതാക്കള്‍ കൃത്യമായി യോഗം ചേരുകയും കൂടിയാലോചനകള്‍ നടത്തുകയും വേണമെന്ന് ആവശ്യപ്പെട്ടു.
നിയമസഭയില്‍ നടത്തുന്ന മികച്ച പ്രകടനം പുറത്ത് പ്രക്ഷോഭമായി കൊണ്ടുവരാന്‍ യു ഡി എഫിന് സാധിക്കുന്നില്ലെന്നും ആര്‍ എസ് പി കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ പോരായ്മകള്‍ പൊതുജന മുന്നിലെത്തിക്കാന്‍ അത്തരം നടപടികള്‍ ആവശ്യമാണ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കുകയാണ്. ഇതിനെതിരെ അന്നേ ദിവസം യു ഡി എഫ് പ്രക്ഷോഭം നടത്തണമെന്നാണ് ആര്‍ എസ് പി ആവശ്യപ്പെടുന്നത്.
ഫാസിസ്റ്റ് ഭരണകൂട ഭീകരതയാണ് സംസ്ഥാനത്ത് നടക്കുന്നത്. മോദിയുടെ കാര്‍ബണ്‍ പതിപ്പായാണ് നിയമസഭക്ക് അകത്തും പുറത്തും പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത്. അധോലോക മാഫിയകള്‍ സംസ്ഥാന ഭരണത്തെ സ്വാധീനിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതയായ സ്ത്രീ ഉന്നയിച്ച ആരോപണത്തിനെതിരെ സി പി എം പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടിസ് അയച്ചു. അതിനു മുമ്പ് ഇതേ സ്ത്രീ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നിട്ട് ഇതുവരെ നിയമനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. മൗനം കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്നും നേതാക്കള്‍ ആരോപിച്ചു.