russia-ukrine war
യുക്രൈന് പുറത്ത്കടക്കാന്‍ വാഹനമില്ല; പ്രതിസന്ധിയിലായി ഇന്ത്യക്കാര്‍
താമസത്തിനും ഭക്ഷണത്തിനും സൗകര്യമില്ലാതെ അതിര്‍ത്തികള്‍; പോളണ്ട് അതിര്‍ത്തിയില്‍ വിദ്യാര്‍ഥികളെ തടഞ്ഞ് ഉക്രൈന്‍
കീവ് | റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനില്‍ നിന്നും മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തിയിലെത്താന്‍ പ്രയാസപ്പെട്ട് ഇന്ത്യക്കാര്‍. യുദ്ധം തുടങ്ങി മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ വലിയ പ്രയാസമായണ് മലയാളികടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളും മറ്റും അഭിമുഖീകരിക്കുന്നത്.
മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18,000ത്തോളം പേരാണ് യുക്രൈനിലെ വിവിധ ഭാഗങ്ങളിലുള്ളത്. എന്നാല്‍, യുക്രൈന്‍ അതിര്‍ത്തികടക്കുക എന്നത് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കിഴക്കന്‍ യുക്രൈന്‍ മേഖലകളില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ ദുരിതം. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഇവിടങ്ങളില്‍ നിന്ന് രക്ഷാദൗത്യം നടക്കുന്ന പ്രദേശങ്ങളിലേക്ക് എത്തേണ്ടത് പോരാട്ടം രൂക്ഷമായ മേഖലകളിലൂടെയാണ് എന്നതും സാഹചര്യങ്ങള്‍ രൂക്ഷമാക്കുന്നത്. വാഹനങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു. സ്വകാര്യ വാഹനങ്ങളില്‍ പോളണ്ട്, റുമാനിയ അതിര്‍ത്തികളില്‍ എത്തുക എന്നതും വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണ്.
പല സ്ഥലത്ത് നിന്നും ബസ്, ട്രയിന്‍ സര്‍വീസുകളില്ല. ആകെ ഒരു ട്രെയിന്‍ സര്‍വീസ് മാത്രമാണ് യുദ്ധം തുടങ്ങിയ ശേഷം അതിര്‍ത്തിയിലേക്കുണ്ടായത്. ഇതില്‍ വലിയ ജനക്കൂട്ടമാണ് കയറിക്കൂടിയത്. സ്വകാര്യ ടാക്‌സികളും മറ്റും വലിയ പണം ഈടാക്കുന്നതായും ആരോപണമുണ്ട്.
ഏറെ പ്രയാസപ്പെട്ട് അതിര്‍ത്തിയിലെത്തിയാലും പ്രതസന്ധി തുടരുന്നു. പല രാജ്യങ്ങളും അതിര്‍ത്തിക്കടക്കുന്നതിന് ഇന്ത്യയുമായി ധാരണയിലെത്തിയിട്ടില്ല. ഇതിനാല്‍ മണിക്കൂറുകളോളം വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് കൊടുംതണുപ്പില്‍ അതിര്‍ത്തിയില്‍ കഴിയേണ്ടി വരുന്നതായും ഇവര്‍ പറയുന്നു. അതിര്‍ത്തിയില്‍ താമസത്തിനും ഭക്ഷണത്തിനും പ്രയാസം നേരിടുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു.
പോളണ്ട് അതിര്‍ത്തിയില്‍ വിദ്യാര്‍ഥികളെ ഉക്രൈന്‍ സേന തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 247 മലയാളികള്‍ പോളണ്ട് അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. ഒമ്പത് മണിക്കൂറായി ഇവര്‍ എത്തിയിട്ടെന്നും എന്നാല്‍ അതിര്‍ത്തികടക്കാന്‍ ഉക്രൈന്‍ അനുവദിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. പ്രധാനമായും പുരുഷന്‍മാരയൊണ് തടയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.