From the print
ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം പാടില്ല; ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം
നിര്‍ദേശം ആര്‍ എസ് എസ് പരിശീലനം നടത്തുന്നുവെന്ന ഹരജിയില്‍.
കൊച്ചി | ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും മാസ് ഡ്രില്ലും നടത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ തടഞ്ഞ ഉത്തരവ് നടപ്പാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
ശാര്‍ക്കര ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കും ഉത്തരവ് നടപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം ശാര്‍ക്കര ദേവിക്ഷേത്ര പരിസരത്ത് ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനവും മാസ് ഡ്രില്ലും നടത്തുന്നുവെന്നാരോപിച്ച് നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശമുണ്ടായത്. ആര്‍ എസ് എസിന്റെ പ്രവര്‍ത്തനം ഭക്തരായ സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഭക്തരാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ക്ഷേത്ര പരിസരത്ത് നടത്തുന്ന പ്രവര്‍ത്തനം യാതൊരുവിധ അംഗീകാരവുമില്ലാതെയാണെന്ന് ഹരജിയില്‍ ആരോപിച്ചു.