International
നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി
പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ്റെ പ്രസ് സെക്രട്ടറി ജോയ്നൽ ആബിദീനാണ് ഇക്കാര്യം അറയിച്ചത്.

ധാക്ക | ആഭ്യന്തര സംഘർഷത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തിൽ രൂപീകരിക്കുന്ന ഇടക്കാല സർക്കാറിനെ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ്റെ പ്രസ് സെക്രട്ടറി ജോയ്നൽ ആബിദീനാണ് ഇക്കാര്യം അറയിച്ചത്. സൈനിക പിന്തുണയോടെയാണ് സർക്കാർ രൂപവത്കരണം.
വിദ്യാർത്ഥി പ്രതിഷേധ നേതാക്കൾ, രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളിലെ മേധാവികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ യോഗത്തിലാണ് ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്.
തൊഴിൽ സംവരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ബംഗ്ലാദേശിൽ ഇതുവരെ 400ൽ അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. സംഘർഷം രൂക്ഷമായതിന് പിന്നാലെ തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടത്. നിലവിൽ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയുള്ളത്.