articles
നൊബേൽ ജേതാക്കൾ കണ്ടെത്തിയ ഇന്ത്യ; കേരളവും
നൊബേൽ ജേതാക്കളുടെ കണ്ടെത്തലുകൾ നയരൂപകർത്താക്കൾക്ക് വ്യക്തമായ സന്ദേശം നൽകുന്നുണ്ട്. സുസ്ഥിര സാമ്പത്തിക വളർച്ചക്ക് ന്യായവും സുതാര്യവുമായ സ്ഥാപനങ്ങൾ നിർണായകമാണ്. ഒരു രാഷ്ട്രത്തിന്റെ ഭരണകൂടം അവസര സമത്വം ഉറപ്പാക്കുമ്പോൾ മാത്രമാണ് ദീർഘകാല വികസനം സാധ്യമാകുക. സാമൂഹിക സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയുക. അത് അവഗണിക്കുന്ന ഒരു വികസന പ്രവർത്തനവും സുസ്ഥിരമല്ല.
2024ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് ശാസ്ത്രജ്ഞരാണ് ഇത്തവണ പുരസ്‌കാരം പങ്കിടുന്നത്. ഡാരൺ അസെമോഗ്‌ലു, സൈമൺ ജോൺസൺ, ജെയിംസ് എ റോബിൻസൺ. ഡാരോൺ അസെമോഗ്‌ലുവും സൈമൺ ജോൺസണും അമേരിക്കയിലെ കേംബ്രിഡ്ജിലുള്ള മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർമാരാണ്.
ജെയിംസ് എ റോബിൻസൺ അമേരിക്കയിലെ ചിക്കാഗോ സർവകലാശാലയിലെ അധ്യാപകനും. ഒരു രാജ്യത്തിന്റെ വളർച്ചയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അവിടുത്തെ സാമൂഹിക, സാമ്പത്തിക സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും അവ ഒരു സമൂഹത്തെ എങ്ങനെ മുന്നോട്ടു നയിക്കുന്നുവെന്നുമുള്ള അന്വേഷണമാണ് ഇവരുടെ ഗവേഷണത്തിന്റെ കാതൽ. ഈ വിഷയത്തിൽ നിരവധി സാമ്പത്തിക ശാസ്ത്രജ്ഞർ അനേകം ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ചരിത്രപരമായ കാരണങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, സാംസ്്കാരിക സവിശേഷതകൾ എന്ന് തുടങ്ങി നിരവധി ഘടകങ്ങളുടെ പരസ്പരബന്ധത്തെക്കുറിച്ച് പഠിക്കുമ്പോഴും അതിനു പിന്നിലെ ഏറ്റവും പ്രധാന ഘടകം എന്താണെന്ന വസ്തുത മനസ്സിലാക്കുന്നതിൽ പലരും പരാജയപ്പെട്ടു. ഒരു സമൂഹത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, നീതിന്യായ സംവിധാനങ്ങളുടെ സ്വാധീനമാണ് കൂടുതൽ ശക്തമെന്നതാണ് ഇവരുടെ പഠനം തെളിയിക്കുന്നത്.
ഡാരോൺ അസെമോഗ്‌ലുവും ജെയിംസ് റോബിൻസണും രചിച്ച “Why Nations Fail’ എന്ന പുസ്തകത്തിൽ, ചില രാജ്യങ്ങൾ വികസിക്കുന്നതും മറ്റു ചിലവ പരാജയപ്പെടുന്നതും എന്തുകൊണ്ടെന്നതിന്റെ കാരണം ആഴത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിൽ വിവിധ ഇൻസ്റ്റിറ്റ്യൂഷനുകളുടെ പങ്ക് അതീവ പ്രധാനമാണെന്നാണ് അവരുടെ പഠനം വ്യക്തമാക്കുന്നത്. വാസ്തവത്തിൽ, എന്താണ് സ്ഥാപനം (Institution) എന്ന പദപ്രയോഗം കൊണ്ട് അർഥമാക്കുന്നത്? ഒരു സമൂഹത്തിന്റെ നിയമങ്ങളും പ്രവർത്തനങ്ങളും നിർവചിക്കുന്ന അടിസ്ഥാന ഘടനകളാണ് സ്ഥാപനങ്ങൾ. അതിൽ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും നീതിന്യായ വ്യവസ്ഥകളും എന്ന് തുടങ്ങി സമൂഹത്തെ ബാധിക്കുന്ന നിഖില മേഖലകളും ഉൾപ്പെടുന്നുണ്ട്. സ്ഥാപനങ്ങൾ എന്ന ആശയത്തെ ഇവർ രണ്ടായി തരം തിരിക്കുന്നു.
അവസരങ്ങൾ എല്ലാവർക്കും ഒരുപോലെ നൽകുന്ന സ്ഥാപനങ്ങൾ അഥവാ സമഗ്ര സ്ഥാപനങ്ങൾ (Inclusive institutions), അവസരങ്ങൾ ചിലരിൽ മാത്രമായി ഒതുങ്ങി മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള സ്ഥാപനങ്ങൾ അഥവാ ചൂഷണാത്മക സ്ഥാപനങ്ങൾ (Extractive Institutions). ഇവ രണ്ടും ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. എല്ലാവർക്കും സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാനും സ്വത്തവകാശങ്ങൾ സംരക്ഷിക്കാനും നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും അവസരങ്ങൾ നൽകുന്ന വ്യവസ്ഥിതിയാണ് സമഗ്ര സ്ഥാപനങ്ങൾ. യു എസ് പോലുള്ള ഒരു രാജ്യം ഉദാഹരണമായി മുന്നിൽവെക്കാം. അതിന്റെ സ്ഥാപനങ്ങളും നിയമവ്യവസ്ഥിതികളും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും മറ്റു വികസന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. പുതുമയുള്ള ആശയങ്ങളുമായി വരുന്ന ഏതൊരാൾക്കും അവിടെ സ്വന്തം കഴിവുകൾ പരീക്ഷിക്കാനും വലിയ സാമ്രാജ്യങ്ങൾ പടുത്തുയർത്താനുമുള്ള തുല്യ അവസരങ്ങൾ അവിടുത്തെ മാർക്കറ്റ് സംവിധാനം ഉറപ്പാക്കുന്നുണ്ട്. ഇത് സംരംഭകത്വത്തെ
പ്രോത്സാഹിപ്പിക്കുകയും സമ്പദ്്വ്യവസ്ഥയുടെ വളർച്ചക്ക് ആക്കംകൂട്ടുകയും ചെയ്യുന്നു. അത് യു എസിന്റെ സ്റ്റാറ്റിസ്റ്റിക്കൽ റിപോർട്ടുകളിൽ നിന്ന് സുവ്യക്തമാണ്. 2024ൽ 28.78 ട്രില്യൺ ഡോളറാണ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ജി ഡി പി. അതുപോലെ ആഗോള ഇന്നൊവേഷൻ സൂചികയിൽ രണ്ടാം സ്ഥാനത്താണ് അമേരിക്ക. ലോക ബേങ്ക് റിപോർട്ട് പ്രകാരം, ബിസിനസ്സ് ആരംഭിക്കാനും കരാറുകൾ നടപ്പാക്കാനും നിക്ഷേപകരെ സംരക്ഷിക്കാനും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു എസ് ആറാം സ്ഥാനത്താണ്.
ചുരുക്കം ചിലരുടെ സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംവിധാനമാണ് ചൂഷണാത്മക സ്ഥാപനങ്ങൾ. അഴിമതിയും കുത്തകയും ഇത്തരം സ്ഥാപനങ്ങളുടെ സുപ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നതാണ്. സമ്പത്തും അധികാരവും ചുരുക്കം ചിലരുടെ കൈവശം കേന്ദ്രീകരിക്കപ്പെടാൻ ഇവ കാരണമായി മാറുന്നു. ചൂഷണാത്മക സ്ഥാപന സംവിധാനം പിന്തുടരുന്ന രാജ്യങ്ങളിൽ സാധാരണയായി സാമ്പത്തിക അസമത്വവും ദാരിദ്ര്യവും വലിയ തോതിൽ കാണപ്പെടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഉത്തരകൊറിയ പോലുള്ള രാജ്യങ്ങളിൽ, ഗവൺമെന്റാണ് സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നത്. ഇത് വ്യക്തിഗത സാമ്പത്തിക സ്വാതന്ത്ര്യത്തെ വലിയ തോതിൽ ബാധിക്കുന്നു. മാത്രമല്ല ചൂഷണാത്മക സംവിധാനം നിലനിൽക്കുന്ന ഒരു വ്യവസ്ഥിതി ആയതിനാൽ സാമ്പത്തിക അസമത്വവും വലിയ തോതിൽ പ്രകടമാണ്. ഉത്തര കൊറിയയുടെ സ്ഥിതി വിവര റിപോർട്ടുകൾ പരിശോധിക്കുകയാണെങ്കിൽ, 29.6 ബില്യൺ ഡോളർ മാത്രമാണ് രാഷ്ട്രത്തിന്റെ ജി ഡി പി. താഴ്ന്ന മാനുഷിക വികസന സൂചികയും ഈ വാദം ശരിവെക്കുന്നുണ്ട്.
വെറും 1,000 ഡോളർ മാത്രമാണ് ഉത്തര കൊറിയയുടെ ആളോഹരി വരുമാനം. ഉത്തര കൊറിയയുടെ അടഞ്ഞ സമ്പദ്‌വ്യവസ്ഥയും സ്വേച്ഛാധിപത്യ ഭരണകൂടവും കാരണം, ആഗോള ഇന്നൊവേഷൻ സൂചികയിൽ രാജ്യത്തിന് ഇടമില്ല. ഒരു കാലത്ത് ഒരുമിച്ചായിരുന്ന ദക്ഷിണ കൊറിയയുമായി താരതമ്യം ചെയ്യുമ്പോൾ ഉത്തര കൊറിയയിലെ സമ്പദ്‌വ്യവസ്ഥയുടെ പിന്നാക്കാവസ്ഥ കൂടുതൽ വ്യക്തമാകും. ദക്ഷിണ കൊറിയയുടെ ജി ഡി പി ഏകദേശം രണ്ട് ട്രില്യൺ ഡോളറാണ്. മാത്രമല്ല ആഗോള ഇന്നൊവേഷൻ സൂചികയിൽ പത്താം സ്ഥാനത്തും.
പ്രതിശീർഷ വരുമാനം ഏകദേശം 40,000 ഡോളറുമാണ്. മാത്രമല്ല ഇരു രാഷ്ട്രങ്ങളുടെയും സ്ഥാപന സംവിധാനങ്ങളും വ്യത്യസ്തമാണ്. അഥവാ സമഗ്ര സ്ഥാപന സംവിധാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രമാണ് ദക്ഷിണ കൊറിയ. അതേസമയം ചൂഷണാത്മക സംവിധാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രമാണ് ഉത്തര കൊറിയ. രാഷ്ട്രത്തിന്റെ വളർച്ചയിൽ സ്ഥാപന സംവിധാനങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന സത്യം ഇരു രാജ്യങ്ങളുടെ ഉദാഹരണങ്ങളിൽ നിന്ന് കൃത്യമാണ്.
നൊബേൽ സമ്മാന ജേതാക്കളുടെ പഠനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വെളിച്ചത്തിൽ എങ്ങനെ വായിക്കാമെന്ന് പരിശോധിക്കാം. രണ്ട് തരം സ്ഥാപന സംവിധാനങ്ങളുടെ സാന്നിധ്യവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പ്രകടമാണ്. കൃത്യമായ നയങ്ങൾ നിലവിലുണ്ടായിട്ടും മറ്റു പല കാരണങ്ങളാലും അതിനെ പ്രയോഗവത്കരിക്കുന്ന വിഷയത്തിൽ പലപ്പോഴും സർക്കാർ പരാജയപ്പെടുന്നുണ്ട്. അതിൽ പ്രധാന പങ്കുവഹിക്കുന്ന പ്രതിഭാസമാണ് ക്രോണി കാപിറ്റലിസം (Crony Capitalism). അഥവാ സർക്കാർ- ബിസിനസ്സ് സഖ്യം. അനധികൃത ലാഭം കൊയ്യുന്നതിന് വേണ്ടി സർക്കാറിനെ ബിസിനസ്സ് ഭീമൻമാർ വലയിലാക്കുന്ന പ്രതിഭാസമാണിത്. ഇത് മാർക്കറ്റിലെ മത്സരത്തെ തകർക്കുകയും കുത്തക കമ്പനികളുടെ ഉദയത്തിന് വഴിയൊരുക്കുകയും പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. സമ്പദ്‌വ്യവസ്ഥയുടെ ഇത്തരം പ്രവർത്തനങ്ങൾ ചൂഷണാത്മക സ്ഥാപന സംവിധാനത്തിന്റെ ഗണത്തിൽ ഉൾപ്പെടുന്നവയാണ്.
അഥവാ അവസരങ്ങൾ ചിലരിൽ മാത്രമായി ഒതുങ്ങിക്കൂടുന്ന സ്ഥിതി വിശേഷം. അത് രാഷ്ട്രത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയെ ഗണ്യമായി ബാധിക്കുന്നുണ്ട്. അതേസമയം, ശക്തമായ ജനാധിപത്യ സംവിധാനം സമഗ്ര സ്ഥാപന സംവിധാനത്തിന്റെ സവിശേഷതയിൽ ഉൾപ്പെടുന്നതാണ്. ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ശക്തമാണെങ്കിൽപ്പോലും സ്ഥാപനങ്ങളുടെ കാര്യക്ഷമതയിലുള്ള പോരായ്മകൾ സ്ഥാപനപരമായ പരിഷ്‌കാരങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യൻ സ്ഥാപന സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ എടുത്തുപറയേണ്ട ഒരു കാര്യമാണ് കേരളത്തിന്റെ വികസന മാതൃക. ചരിത്രപരമായ നേട്ടങ്ങളോ മറ്റു സാംസ്‌കാരിക സവിശേഷതകളോ അല്ല സംസ്ഥാനത്തിന്റെ വികസനത്തിന് പിന്നിൽ. മറിച്ച്, സമഗ്രമായ സ്ഥാപന മാതൃകകളുടെയും ഫലപ്രദമായ ഭരണസംവിധാനത്തിന്റെയും ഫലമാണ് ഈ നേട്ടം. ശക്തമായ പൊതുജനാരോഗ്യ സംവിധാനവും മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളും സമർഥമായ സാമൂഹിക സുരക്ഷാ പദ്ധതികളും കൃത്യമായ നീതിന്യായ വ്യവസ്ഥിതിയുമാണ് ഈ വികസനത്തിന്റെ അടിസ്ഥാന ഹേതു. ഏത് വികസന സൂചികകൾ പരിശോധിച്ചാലും അത് വ്യക്തമാണ്.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന മാനവ വികസന സൂചിക (HDI) ഉള്ള സംസ്ഥാനമാണ് കേരളം. 96.2 ശതമാനം സാക്ഷരതാ നിരക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേട്ടങ്ങളെ എടുത്തുകാണിക്കുന്നുണ്ട്. കേരളത്തിലെ ആയുർദൈർഘ്യം 75.2 വർഷമാണ്. അത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കും ഏറ്റവും ഉയർന്ന ലിംഗാനുപാതവും തുടങ്ങിയ റിപോർട്ടുകൾ ആരോഗ്യ മേഖലയുടെ വിജയത്തെ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ദാരിദ്ര്യനിരക്ക് വെറും 0.71 ശതമാനം മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
നൊബേൽ സമ്മാന ജേതാക്കളുടെ കണ്ടെത്തലുകൾ നയരൂപകർത്താക്കൾക്ക് വ്യക്തമായ സന്ദേശം നൽകുന്നുണ്ട്. സുസ്ഥിര സാമ്പത്തിക വളർച്ചക്ക് ന്യായവും സുതാര്യവുമായ സ്ഥാപനങ്ങൾ നിർണായകമാണ്. ഒരു രാഷ്ട്രത്തിന്റെ ഭരണകൂടം അവസര സമത്വം ഉറപ്പാക്കുമ്പോൾ മാത്രമാണ് ദീർഘകാല വികസനം സാധ്യമാകുക. സാമൂഹിക സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയുക. അത് അവഗണിക്കുന്ന ഒരു വികസന പ്രവർത്തനവും സുസ്ഥിരമല്ല. കെട്ടിടത്തിന്റെ അടിത്തറ ശക്തമല്ലെങ്കിൽ അത് ഉയരത്തിലെത്തുമ്പോൾ തകർന്നു വീഴുന്നതുപോലെ, സമൂഹത്തിന്റെ അടിസ്ഥാനം ശക്തമാക്കാതെ വികസനം നടത്തുന്നത് അസ്ഥിരമായ ഒന്നായിരിക്കും.