Connect with us

സാഹിത്യം

കൊറിയൻ മണ്ണിൽ നൊബേൽ വെളിച്ചം...

മനുഷ്യജീവിതത്തിന്റെ ദുർബലതകളെ വെളിപ്പെടുത്തുന്ന അസാധാരണമായ ആഖ്യാനശൈലി എന്നാണ് നൊബേൽ കമ്മിറ്റി ഹാൻ കാംഗിന്റെ എഴുത്തിനെ വിശേഷിപ്പിക്കുന്നത്.അവരുടെ രചനകൾ അങ്ങേയറ്റം അസ്വസ്ഥജനകവും പ്രകോപനപരവുമാണ്. വായനയെ ഒരനുഭൂതി എന്നതിൽ നിന്നും പച്ചയായ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്ന തീക്ഷ്ണമായ അനുഭവമായി ഉടച്ചുവാർക്കുന്ന രചനാരീതിയാണ് അവർ സ്വീകരിച്ചിരിക്കുന്നത്. മാനവികതക്കെതിരെയുള്ള എല്ലാത്തരം കൈയേറ്റങ്ങളേയും നിരാകരിക്കാൻ ആഹ്വാനം ചെയ്യുന്നു കാംഗിന്റെ ഓരോ രചനയും.

Published

|

Last Updated

വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റോക്ക് ഹോമിൽ പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാരം നേടിയ ഹാൻ കാംഗിന് അത് നൽകിയത് ഇരട്ടിമധുരം. സാഹിത്യ നൊബേൽ നേടുന്ന ആദ്യ ഏഷ്യാക്കാരിയായി അവർ. അതോടൊപ്പം കൊറിയൻ മണ്ണിൽ ആദ്യമായി സാഹിത്യ നൊബേലിന്റെ വെളിച്ചം കൊണ്ടുവന്നതിന്റെ ക്രെഡിറ്റും ഇവർക്കു സ്വന്തം.ദക്ഷിണ കൊറിയയിലെ മുൻനിര എഴുത്തുകാരിയാണ് ഹാൻ കാംഗ്.

നോവൽ, ചെറുകഥ, നോവലെറ്റ്, ഉപന്യാസം, കവിത തുടങ്ങി എഴുത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഏറെക്കാലമായി സജീവ സാന്നിധ്യമാണ് ഈ അൻപത്തിനാലുകാരി. സാഹിത്യത്തിനു പുറമെ സംഗീതം, ചിത്രകല എന്നിവയിലും അവർ കഴിവു തെളിയിച്ചിട്ടുണ്ട്. 2016ൽ “The Vegetarian’ എന്ന നോവൽ മാൻ ബുക്കർ പുരസ്‌കാരത്തിന് അർഹമായതോടെയാണ് അന്താരാഷ്ട്രതലത്തിൽ ഇവർ സുപരിചിതയായത്. ഇപ്പോൾ കാംഗിന്റെ ഒട്ടേറെ കൃതികൾ ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിലൂടെ ലോകം മുഴുവനും വായിക്കപ്പെടുന്നുണ്ട്.

The Vegitarian എന്ന നോവൽ നോവലിസ്റ്റ് സി വി ബാലകൃഷ്ണന്റെ ഹൃദ്യമായ പരിഭാഷയിലൂടെ മലയാളത്തിലേക്കും കടന്നെത്തിയിട്ടുണ്ട്.ദക്ഷിണ കൊറിയയിലെ ഗ്വാംഗ്ജു എന്ന പട്ടണത്തിൽ 1970 ലാണ് ഹാൻ കാംഗ് ജനിച്ചത്. പിതാവ് ഹാൻ സ്യൂ വോൻ അധ്യാപകനും കൊറിയയിലെ അറിയപ്പെടുന്ന എഴുത്തുകാരനുമായിരുന്നു. കാംഗിന് പത്ത് വയസ്സായപ്പോൾ, മുഴുവൻ സമയ എഴുത്തിനുവേണ്ടി അധ്യാപനത്തോട് വിടപറഞ്ഞ് പിതാവ് കുടുംബസമേതം തലസ്ഥാന നഗരിയായ സിയോളിലേക്ക് താമസം മാറ്റി.

കുട്ടിക്കാലം മുതൽ പുസ്തകങ്ങളുടെ ലോകത്തായിരുന്നു കാംഗ്. ഒരഭിമുഖത്തിൽ അവർ പറയുന്നു. “എന്റെ കുട്ടിക്കാലത്ത് വീട്ടിൽ കുറേ മാസികകൾ വന്നിരുന്നു. വൈകുന്നേരങ്ങൾ അവക്കൊപ്പമാണ് ചെലവഴിക്കുക. ചിത്രകഥകൾ, കഥകൾ, കവിതകൾ ഒക്കെയുണ്ടാകും. കിട്ടിയതൊക്കെ വായിക്കുമായിരുന്നു. ചിലതൊക്കെ മനസ്സിലായി….

കൊറിയയിലെ യോൻസേ സർവകലാശാലയിൽ കൊറിയൻ സാഹിത്യം പഠിച്ചുകൊണ്ടിരിക്കെ കവിതകൾ എഴുതിക്കൊണ്ടാണ് ഹാൻ കാംഗ് സാഹിത്യലോകത്തേക്ക് പ്രവേശിച്ചത്. ആദ്യകാല രചനകളിൽ 1993ൽ പ്രസിദ്ധീകരിച്ച “Winter in Seoul’ എന്ന കവിത കാംഗിനെ എഴുത്തുകാരി എന്ന നിലയിൽ ശ്രദ്ധേയയാക്കി. 1994 ൽ “The Scarlet Anchor’ എന്ന കഥ സിയോൾ ഷിൻമുൺ സാഹിത്യ പുരസ്‌കാരം നേടി. 1995ൽ ആദ്യ കഥാസമാഹാരം “A Love of Yeosu’ വെളിച്ചം കണ്ടു.

കാംഗിന്റെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യരചനയാണ് The Vegetarian. ഡിബോറ സ്മിത്ത് എന്ന വിവർത്തകയിലൂടെ ഇംഗ്ലീഷ് വായനലോകത്തെത്തിയ ഈ നോവൽ 2016 ലെ മാൻ ബുക്കർ പുരസ്‌കാരം നേടിയതോടെയാണ് ഹാൻ കാംഗ് എന്ന എഴുത്തുകാരിയെ ലോകം അറിഞ്ഞത്. ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത 2016 ലെ മികച്ച പത്ത് പുസ്തകങ്ങളിൽ ഈ നോവലും ഉൾപ്പെടുന്നു.

നോവലിലെ കേന്ദ്ര കഥാപാത്രം യിവോംഗ് ഹെയ് എന്ന തികച്ചും സാധാരണക്കാരിയായ ഒരു വീട്ടമ്മ തന്നെ നിരന്തരം വേട്ടയാടുന്ന അസ്വസ്ഥജനകമായ പേടിസ്വപ്നങ്ങൾക്കൊടുവിൽ മാംസാഹാരം വർജിക്കാൻ തീരുമാനിക്കുന്നു. തുടർന്ന് അവരുടെ കുടുംബത്തിൽ ഉടലെടുക്കുന്ന നിരവധിയായ പ്രശ്‌നങ്ങൾ പ്രതിപാദിച്ചുകൊണ്ട് കൊറിയയുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിലെ പ്രതിസന്ധികളും പ്രതിലോമകരമായ അവസ്ഥാവിശേഷങ്ങളും ചർച്ച ചെയ്യുകയാണ് ഈ നോവൽ. ഹിംസയും അസഹിഷ്ണുതയും നടമാടുന്ന ഒരു സമൂഹത്തിൽ അഹിംസക്ക് വേണ്ടി വാദിക്കുന്നത് എത്ര അപഹാസ്യവും വേദനാജനകവും ഭീഷണവുമാണെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു.

“The White Book’, “Human Acts’, “Greek Lessons’ എന്നിവയാണ് ഈ എഴുത്തുകാരിയുടെ മറ്റു ശ്രദ്ധേയ നോവലുകൾ.മനുഷ്യജീവിതത്തിന്റെ ദുർബലതകളെ വെളിപ്പെടുത്തുന്ന അസാധാരണമായ ആഖ്യാനശൈലി എന്നാണ് നൊബേൽ കമ്മിറ്റി ഹാൻ കാംഗിന്റെ എഴുത്തിനെ വിശേഷിപ്പിക്കുന്നത്.

അവരുടെ രചനകൾ അങ്ങേയറ്റം അസ്വസ്ഥജനകവും പ്രകോപനപരവുമാണ്. വായനയെ ഒരനുഭൂതി എന്നതിൽ നിന്നും പച്ചയായ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്ന തീക്ഷ്ണമായ അനുഭവമായി ഉടച്ചുവാർക്കുന്ന രചനാരീതിയാണ് അവർ സ്വീകരിച്ചിരിക്കുന്നത്. മാനവികതക്കെതിരെയുള്ള എല്ലാത്തരം കൈയേറ്റങ്ങളേയും നിരാകരിക്കാൻ ആഹ്വാനം ചെയ്യുന്നു കാംഗിന്റെ ഓരോ രചനയും. സ്വീഡിഷ് അക്കാദമി അതിനു നൽകിയ അംഗീകാരം തന്നെയാണ് ഈ നൊബേൽ ലബ്ധിയെന്നതിൽ സംശയമില്ല.

Latest