Connect with us

International

സമാധാനത്തിനുള്ള നൊബേൽ ഇറാൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്

ഇറാനിലെ സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിനും എല്ലാവർക്കും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുമാണ് പുരസ്കാരം

Published

|

Last Updated

സ്റ്റോക്ക്ഹോം | 2023 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിലെ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്. ഇറാനിലെ സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിനും എല്ലാവർക്കും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുമാണ് പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു.

ഇറാൻ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയും ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ (ഡിഎച്ച്ആർസി) ഡെപ്യൂട്ടി ഡയറക്ടറുമാണ് 51 കാരിയായ നർഗസ് മുഹമ്മദി. നിലവിൽ ഇറാനിൽ തടവിൽ കഴിയുകയാണ് അവർ.  സർക്കാരിനെതിരെ കുപ്രചരണം നടത്തിയെന്നാരോപിച്ചാണ് ഇറാൻ നർഗീസിനെ അറസ്റ്റ് ചെയ്തത്. 13 തവണ അവർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

വൈറ്റ് ടോർച്ചർ എന്ന പേരിൽ ഒരു പുസ്തകവും നർഗീസ് എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തിൽ ഇറാനിൽ തടവിലാക്കപ്പെട്ട സ്ത്രീകളുടെ അഭിമുഖങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയാണ് മുഹമ്മദി.

Latest