nobel prize 2023
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ജോണ്‍ ഫോസ്സിക്ക്
ശബ്ദമില്ലാത്തവർക്ക് ശബ്ദം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ നവീന നാടകങ്ങളും കഥകളുമെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി.
സ്റ്റോക്ക്‌ഹോം | ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ സാഹിത്യകാരന്‍ ജോണ്‍ ഫോസ്സിക്ക്. സ്വീഡിഷ് അക്കാദമിയാണ് പ്രഖ്യാപനം നടത്തിയത്. ശബ്ദമില്ലാത്തവർക്ക് ശബ്ദം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ നൂതന നാടകങ്ങളും കഥകളുമെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി.
നോവെലെഴുത്തിലൂടെ ‘ഫോസ്സി മിനിമലിസം’ എന്ന ശൈലി തന്നെ അദ്ദേഹം രൂപപ്പെടുത്തി. 1985ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ രണ്ടാം നോവലായ സ്‌റ്റെംഗ്ദ് ഗിറ്റാറില്‍ ഇക്കാര്യം ദര്‍ശിക്കാനാകും. നമ്മുടെ സ്വന്തം ജീവിതത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ദൈനംദിന സന്ദര്‍ഭങ്ങള്‍ അദ്ദേഹം എഴുത്തില്‍ അവതരിപ്പിക്കുന്നു.
ഭാഷാപരവും ഭൗമശാസ്ത്രപരവുമായ ശക്തമായ പ്രാദേശിക ബന്ധങ്ങള്‍ ആധുനിക കലാ സങ്കേതങ്ങളുമായി വിളക്കിച്ചേര്‍ക്കുന്നതില്‍ അഗ്രഗണ്യനാണ് ഫോസ്സി. ഭാഷയും നാടകീയ പ്രകടനങ്ങളും എഴുത്തില്‍ കുറച്ചുകൊണ്ടുവന്ന് ഉത്കണ്ഠയുടെയും അശക്തതയുടെയും കരുത്തുറ്റ മനുഷ്യ വികാരങ്ങള്‍ ലളിതമായ വാക്കുകളില്‍ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.
നോര്‍വേയുടെ പടിഞ്ഞാറന്‍ തീരത്ത് 1959ലാണ് ഫോസ്സിയുടെ ജനനം. നോര്‍വീജിയന്‍ നൈനോഴ്‌സ്‌കിലാണ് അദ്ദേഹത്തിന്റെ എഴുത്ത്. നാടകം, നോവല്‍, കവിതകള്‍, ലേഖനങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനം അടക്കം എഴുത്തിന്റെ വിവിധ തലങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതിഭാത്വം തിളങ്ങിനില്‍ക്കുന്നു.