International
വൈദ്യശാസ്ത്ര നോബേല്‍; ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൂറ്റിയാനും പുരസ്‌കാരം
എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പര്‍ശവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം.
സ്വീഡന്‍| ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് തുടക്കം. വൈദ്യശാസ്ത്ര നോബേലാണ് ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൂറ്റിയാനുമാണ് പുരസ്‌കാരം. ഊഷ്മാവും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്റ്ററുകളെ പറ്റിയുള്ള പഠനത്തിനാണ് നോബേല്‍ ലഭിച്ചത്.
ചൂടും, തണുപ്പും, സ്പര്‍ശവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മള്‍ മനസിലാക്കുന്നത്. എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പര്‍ശവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര സമിതി വ്യക്തമാക്കി.
അമേരിക്കന്‍ സ്വദേശിയായ ഡേവിഡ് ജൂലിയസ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറാണ്. ലെബനോനില്‍ ജനിച്ച ആദം പാറ്റ്പൂറ്റിയാനും വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം, കാലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് റിസര്‍ച്ച് സെന്ററിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.