literature
കുലീനത്വം എഴുത്തിലും ജീവിതത്തിലും
ഏർചെലിന്റെ മാസ്റ്റർപീസായി അക്ഷരലോകം വിലയിരുത്തുന്നത് The Gardenins; Their Retainers, Their Friends, and Their Enemies എന്ന രണ്ട് വോള്യങ്ങളുള്ള നോവലാണ്. 1889 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ ദക്ഷിണ- മധ്യ റഷ്യയിലെ വലിയൊരു എസ്റ്റേറ്റിലെ ജനജീവിതത്തിന്റെ വിശാലമായ ചിത്രമാണ് ആവിഷ്‌കരിക്കുന്നത്.
അലക്‌സാണ്ടർ ഇവാനവിച്ച് ഏർചെൽ (Alexander Ivanovich Ertel) എന്ന പേര് റഷ്യക്ക് പുറത്ത് അത്ര പരിചിതമല്ല. ഈ എഴുത്തുകാരന്റെ വളരെ കുറച്ചു രചനകൾ മാത്രമേ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ലോക ഭാഷകളിലേക്ക് കടന്നുവന്നിട്ടുള്ളൂ എന്നതാണ് അതിനു കാരണം. എന്നാൽ അതിന്റെ അർഥം ഏർചെൽ വലിയ എഴുത്തുകാരനല്ല എന്നതുമല്ല. റഷ്യൻ സാഹിത്യത്തിൽ സമുന്നതമായ സ്ഥാനമാണ് ഈ എഴുത്തുകാരനുള്ളത്. 1880 കളുടെ അവസാനകാലത്തും തൊണ്ണൂറുകളുടെ ആദ്യത്തിലും റഷ്യൻ സാഹിത്യത്തിൽ ഉന്നത സ്ഥാനം നേടിയ എഴുത്തുകാരൻ എന്നാണ് പ്രശസ്ത സാഹിത്യചരിത്രകാരനായ ഡി എസ് മിർസ്‌കി ഏർചെലിനെ വിശേഷിപ്പിക്കുന്നത്. ഈ വസ്തുത ശക്തമായി അടയാളപ്പെടുത്തുന്നവയാണ് ഏർചെലിന്റെ രചനകൾ.
തെക്കു പടിഞ്ഞാറൻ റഷ്യയിലെ തീരദേശ പട്ടണമായ വെറോണഷിൽ 1855 ജൂലൈ 19നാണ് അലക്‌സാണ്ടർ ഇവാനവിച്ച് ഏർചെൽ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ലുഡ് വിഗ് ഏർചെൽ ജർമൻ പൗരനായിരുന്നു. നെപ്പോളിയന്റെ സൈന്യത്തിലെ ഭടനായിരുന്ന അയാളെ സ്മോളെൻസ്‌കിൽ വെച്ചുള്ള ഏറ്റുമുട്ടലിൽ യുദ്ധത്തടവുകാരനായി പിടികൂടി റഷ്യൻ സൈന്യം വെറോണഷിലേക്ക് കൊണ്ടുവന്നു. പിന്നീടുള്ള കാലം അവിടെ ജീവിച്ച ലുഡ് വിഗ് റഷ്യൻ ഓർത്തഡോക്‌സ് സഭയിൽ അംഗമാവുകയും ഒരു റഷ്യൻ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതിരുന്നതിനാൽ പിന്നീട് സ്വന്തമായി പഠിക്കുകയായിരുന്നു അദ്ദേഹം. 1894ൽ വിപ്ലവ പ്രസ്ഥാനങ്ങളുമായുള്ള ബന്ധത്തിന്റെ പേരിൽ ഏർചെലിനെ തടവിലിടുകയും പിന്നീട് മോസ്‌കോയിൽനിന്നും നൂറ്റിയെൺപത് കിലോമീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ത്വേർ പ്രവിശ്യയിലേക്ക് നാടുകടത്തുകയും ചെയ്തു. നാല് വർഷത്തോളം എഴുത്തും വായനയുമായി ഏർചെൽ അവിടെ കഴിച്ചുകൂട്ടി. 1908 ഫെബ്രുവരി ഏഴിന് അൻപത്തിരണ്ടാമത്തെ വയസ്സിൽ ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളിൽ റഷ്യ മുഴുവനും ശ്രദ്ധ നേടിയ എഴുത്തുകാരനാണ് അലക്‌സാണ്ടർ ഇവാനവിച്ച് ഏർചെൽ. 1880 മുതൽ 1890 വരെയുള്ള ഒരു ദശാബ്ദമാണ് അദ്ദേഹത്തിന്റെ സർഗജീവിതത്തിന്റെ ഏറ്റവും പുഷ്‌കലമായ കാലഘട്ടം. ഏർചെലിന്റെ ആദ്യ കഥാസമാഹാരം Notes from the Steppes 1883ൽ പ്രസിദ്ധീകരിച്ചു. തുടർന്ന് ഒരു ദശാബ്ദത്തിലേറെക്കാലം നിരവധി ചെറുകഥകളും നോവലെറ്റുകളും നോവലുകളും പ്രസിദ്ധീകരിച്ചു. നോവലെറ്റുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട A Greedy Peasant 1886 ലാണ് വെളിച്ചം കണ്ടത്. The Gardenins (1889), Change (1891) എന്നിവ പ്രധാനപ്പെട്ട നോവലുകളാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിൽ റഷ്യൻ സാഹിത്യത്തിൽ ഉടലെടുത്ത സർഗപരമായ മാന്ദ്യത്തിനിടയിലാണ് ഏർചെൽ കടന്നുവന്നത്. ചെഖോവിനെപ്പോലെ വളരെ കുറച്ചു പേർ മാത്രമാണ് ആ സമയത്ത് റഷ്യൻ സാഹിത്യത്തെ മുന്നോട്ടുനയിച്ചിരുന്നത്.
ടോൾസ്റ്റോയ് തന്റെ എഴുത്തിന്റെ ആദ്യഘട്ടം കഴിഞ്ഞുള്ള ദീർഘ മൗനത്തിലായിരുന്നു. ഗർഷിനും കൊറെലെൻകോയും പ്രശസ്തിയിലേക്ക് വരുന്നതേയുണ്ടായിരുന്നുള്ളൂ. ആ കാലത്ത് റഷ്യൻ സാഹിത്യത്തെ മുന്നോട്ടുകൊണ്ടുപോയ മഹാരഥന്മാരിൽ പ്രധാനിയായിരുന്നു അലക്‌സാണ്ടർ ഏർചെൽ.
ഏർചെലിന്റെ മാസ്റ്റർപീസായി അക്ഷരലോകം വിലയിരുത്തുന്നത് The Gardenins; Their Retainers, Their Friends, and Their Enemies എന്ന രണ്ട് വോള്യങ്ങളുള്ള നോവലാണ്. 1889 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ ദക്ഷിണ- മധ്യ റഷ്യയിലെ വലിയൊരു എസ്റ്റേറ്റിലെ ജനജീവിതത്തിന്റെ വിശാലമായ ചിത്രമാണ് ആവിഷ്‌കരിക്കുന്നത്. ആത്മകഥാപരമായ ഈ നോവലിന്റെ നായക കഥാപാത്രം, നോവലിസ്റ്റിനെപ്പോലെ ഒരു എസ്റ്റേറ്റ് ഏജന്റിന്റെ മകനാണ്. ഈ നോവലിന്റെ രണ്ടാം പതിപ്പ് 1908 ൽ പ്രസിദ്ധീകരിച്ചത് ടോൾസ്റ്റോയിയുടെ അവതാരികയോടെയാണ്. അതിൽ അദ്ദേഹം ഈ എഴുത്തുകാരനെ മുക്തകണ്ഠം പ്രശംസിക്കുന്നു. റഷ്യൻ സാഹിത്യത്തിന്റെ മഹത്തരമായ ഭൂതകാലത്തെ പുതിയ കാലവുമായി ബന്ധിപ്പിക്കുന്ന നല്ലൊരു പാലമാണ് ഈ നോവലെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ലാത്ത നോവലാണിത്. നോവലിന്റെ അസാധാരണ ദൈർഘ്യവും ആഖ്യാനത്തിലെ സങ്കീർണതയും തത്വചിന്തയും മറ്റു വീക്ഷണങ്ങളും രചനയുടെ വിവർത്തനത്തിന് വലിയ വെല്ലുവിളിയുയർത്തുന്ന പ്രധാന ഘടകങ്ങളാണ്.
എഴുത്തിൽ ലിയോ ടോൾസ്റ്റോയിയുടെ പാത പിന്തുടർന്ന ഏർചെൽ ചെഖോവ്, ബൂനിൻ തുടങ്ങിയ എഴുത്തുകാരുമായി ഉറ്റ ബന്ധം പുലർത്തിയിരുന്നു. ഈ എഴുത്തുകാരന്റെ സ്വഭാവത്തിലെ കുലീനത്വവും അന്തസ്സാർന്ന പെരുമാറ്റവും ബുനിൻ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. എർചെലിന്റെ ഭാഷയെക്കുറിച്ച് ടോൾസ്റ്റോയ് ഇങ്ങനെ എഴുതി. “എർചെലിനെപ്പോലെ ഇത്ര നല്ല റഷ്യൻ ഒരെഴുത്തുകാരനും എഴുതിയിട്ടില്ല. അത് പഴയ തലമുറയിലായാലും പുതിയ തലമുറയിലായാലും. തന്റെ ജനതയുടെ ഭാഷ അതിന്റെ യഥാർഥ ശക്തിയിലും സൗന്ദര്യത്തിലും അങ്ങേയറ്റം വൈവിധ്യത്തിലും അദ്ദേഹം അവതരിപ്പിക്കുന്നു. റഷ്യക്കാരായ ജനങ്ങളുടെ യഥാർഥ ഭാഷ അറിയാനാഗ്രഹിക്കുന്നവർ ഏർചെലിന്റെ രചനകൾ വായിച്ചാൽ മാത്രം പോരാ, പഠിക്കുകയും വേണം’