Kerala
അരാഷ്ട്രീയ നിക്ഷപക്ഷ വോട്ടുകള്‍ തൃക്കാക്കരയില്‍ വിധി നിര്‍ണയിക്കും
ട്വന്റി-20 മത്സര രംഗത്തില്ലെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവര്‍ സമാഹരിച്ച വോട്ടുകള്‍ ആര്‍ക്കു പോകും എന്നതു നിര്‍ണായകമായിരിക്കും. യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസിനുള്ള സഹതാപ വോട്ടുകളായി അതു പരിണമിക്കുമോ അല്ല, പ്രഫഷണല്‍ രംഗത്തു നിന്നുള്ള ഡോ. ജോ ജോസഫിനു ലഭിക്കുമോ എന്നതാണ് പ്രധാനം.
കോഴിക്കോട് | തൃക്കാക്കരയില്‍ ട്വന്റി-20 യുടെ പിന്മാറ്റം തിരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുമെന്നു വിലയിരുത്തല്‍. മണ്ഡലത്തിലെ അരാഷ്ട്രീയ മധ്യമവര്‍ഗമാണ് ട്വന്റി-20- എ എ പി രാഷ്ട്രീയത്തെ പിന്‍തുണക്കുന്നവര്‍. ഇവര്‍ മത്സര രംഗത്തില്ലെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവര്‍ സമാഹരിച്ച വോട്ടുകള്‍ ആര്‍ക്കു പോകും എന്നതു നിര്‍ണായകമായിരിക്കും. യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസിനുള്ള സഹതാപ വോട്ടുകളായി അതു പരിണമിക്കുമോ അല്ല, പ്രഫഷണല്‍ രംഗത്തു നിന്നുള്ള ഡോ. ജോ ജോസഫിനു ലഭിക്കുമോ എന്നതാണ് പ്രധാനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13,773 വോട്ടാണ്. ഈ വോട്ടുകള്‍ ഒരിക്കലും സംഘടനാ പരമായ വോട്ടുകള്‍ അല്ലാത്തതിനാല്‍ സാബു ജേക്കബ് അടക്കമുള്ള സംഘടനയുടെ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം ഈ വോട്ടുകള്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്കു മറിക്കാന്‍ കഴിയില്ലെന്നുറപ്പാണ്.
ഇരു മുന്നണികളുടേയും രാഷ്ട്രീയത്തോടു വിയോജിപ്പുള്ളവരാണ് ഈ മധ്യവര്‍ഗം. ഇടതു മുന്നണി മുന്നോട്ടു വയ്ക്കുന്ന കെ റെയില്‍ പോലുള്ള വലിയ വികസന ലക്ഷ്യങ്ങള്‍, ഭരണത്തുടര്‍ച്ച ലഭിച്ച സര്‍ക്കാറിന്റെ കാഴ്ചപ്പാടുകള്‍ എന്നിവയില്‍ ഈ മധ്യവര്‍ഗ സമൂഹം എന്തു നിലപാടു സ്വീകരിക്കും എന്നതു ഫലത്തെ സ്വാധീനീക്കും. അതിനാല്‍ തന്നെ ഈ വോട്ടുകള്‍ ഇരു മുന്നണികളും ഈ അരാഷ്ട്രീയ വോട്ടുകള്‍ സമാഹരിക്കാനുള്ള തന്ത്രങ്ങളാണ് മെനയുക.
സാബു ജേക്കബിനെതിരെ ഇടതു പക്ഷം നടത്തുന്ന നീക്കങ്ങളും അന്തരിച്ച പി ടി തോമസിന്റെ നിലപാടുകള്‍ ഒരേ ദിശയിലായിരുന്നു. അതിനാല്‍ തന്നെ ഇരു മുന്നണികളുമായി ഏതെങ്കിലും തരത്തിലുള്ള ഒത്തു തീര്‍പ്പുകള്‍ക്കു സാബു ജേക്കബ് നീക്കം നടത്തില്ലെന്നാണു കരുതുന്നത്. യൂഡിഎഫുമായുള്ള അഡ്ജസ്റ്റ്മെന്റ് ആണെങ്കില്‍ പി ടിയുടെ ആത്മാവ് കോണ്‍ഗ്രസ്സുകാരോട് പൊറുക്കില്ലെന്ന് ഇടതുപക്ഷം ഒരു മുളം മുമ്പെ എറിഞ്ഞുകഴിഞ്ഞു.
ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നാണു ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചത്. കെ റെയിലും രാഷ്ട്രീയ കൊലപാതകങ്ങളും ഉള്‍പ്പെടെ കണക്കിലെടുത്തായിരിക്കും തൃക്കാക്കരയിലെ ജനങ്ങള്‍ ഇത്തവണ വോട്ടു രേഖപ്പെടുത്തുകയെന്ന് അദ്ദേഹം പറയുമ്പോള്‍ അതില്‍ ചില ലക്ഷ്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. അണികളുടെ വോട്ട് ആര്‍ക്കെന്ന തീരുമാനം ആവശ്യമെങ്കില്‍ പതിനഞ്ചാം തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയിലെത്തും. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്റി ട്വന്റിയും ആം ആദ്മിയും പ്രധാന്യം നല്‍കുന്നത്. ഇവിടെ നക്കുന്ന പ്രഖ്യാപനം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
കഴിഞ്ഞ തവണ എഎപിക്കും ട്വന്റി ട്വന്റിക്കും വോട്ട് ചെയ്ത ജനങ്ങള്‍ ഇത്തവണ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നാണു മന്ത്രി പി രാജീവ് പറയുന്നത്. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തിലെത്തണമെന്ന് വിചാരിക്കുന്ന ഒരു വിഭാഗം വോട്ടര്‍മാര്‍ തൃക്കാക്കരയിലുണ്ട്. അവര്‍ നിര്‍ണായകമായിരിക്കുമെന്നും എല്‍ ഡി എഫ് വിലയിരുത്തുന്നു.