Connect with us

pravasi vote

പ്രവാസികൾക്ക് ബൂത്തിലെത്താതെ വോട്ട്: കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്

കേരള പ്രവാസി അസ്സോസിയേഷനാണ് ഹരജി സമർപ്പിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | വോട്ടർപട്ടികയിൽ പേരുള്ള പ്രവാസി ഇന്ത്യക്കാർക്ക് തിരഞ്ഞെടുപ്പിൽ ബൂത്തിലെത്താതെ വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബഞ്ച് കേന്ദ്ര സർക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ് അയച്ചത്. കേരള പ്രവാസി അസ്സോസിയേഷനാണ് ഹരജി സമർപ്പിച്ചത്.

1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 20 എ വകുപ്പ് പ്രകാരം, വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം വിനിയോഗിക്കാൻ പ്രത്യേക വ്യവസ്ഥകൾ നൽകുന്നുണ്ട്. എന്നാൽ, ചട്ടങ്ങളിൽ അനുബന്ധ വ്യവസ്ഥകളില്ലാത്തതിനാൽ നിയമ നിർമാണത്തിന്റെ ലക്ഷ്യം പരാജയപ്പെട്ടുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. 2010ലെ ജനപ്രാതിനിധ്യ (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പ്രവാസികൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവരുടെ മണ്ഡലങ്ങളിൽ നേരിട്ട് ഹാജരാകണം. ഇത് ഭരണഘടനാ അനുഛേദം 14, 19, 21 എന്നിവ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

പ്രവാസികൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ വോട്ട് ചെയ്യാൻ അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംസീർ വയലിൽ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹരജികൾക്കൊപ്പം കേരള പ്രവാസി അസ്സോസിയേഷൻ നൽകിയ ഹരജിയും പരിഗണിക്കാമെന്ന് ബഞ്ച് വ്യക്തമാക്കി.

---- facebook comment plugin here -----

Latest