Kerala
നൂറനാട്ടെ സിപിഐ- കോണ്‍ഗ്രസ് സംഘര്‍ഷം; പബ്ലിക് പ്രോസിക്യൂട്ടര്‍ അടക്കം ആറ് പേര്‍ അറസ്റ്റില്‍
സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗം കൂടിയാണ് സോളമന്‍
ആലപ്പുഴ | നൂറനാട്ടെ സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍. മാവേലിക്കര കോടതിയിലെ പബ്‌ളിക് പ്രോസിക്യൂട്ടറായ അഡ്വ. സോളമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസുകാരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗം കൂടിയാണ് സോളമന്‍. അറസ്റ്റ് ചെയ്ത സോളമനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സോളമനെ കേസില്‍ പ്രതി ചേര്‍ത്തത്. അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. സിപിഐ പ്രവര്‍ത്തകരെയും പോലീസിനെയും ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസുകാരുടെ എണ്ണം ഏഴായി.കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സിപിഐ കൊടിമരം നാട്ടിയതാണ് നൂറനാട്ടെ സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. കൊടി പിഴുതി മാറ്റിയതില്‍ പ്രതിഷേധിച്ച് സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് തകര്‍ത്തതോടെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു