Connect with us

Articles

വടക്ക് കിഴക്കന്‍ രാഷ്ട്രീയം സങ്കീര്‍ണതകളിലേക്കോ?

നവംബറില്‍ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി മിസോറാമിലെ തിരഞ്ഞെടുപ്പിന് അധികാര രാഷ്ട്രീയത്തിനപ്പുറം മറ്റു ചില രാഷ്ട്രീയ മാനങ്ങള്‍ കൂടിയുണ്ടായിരുന്നു. മേഖലയുടെ രാഷ്ട്രീയ സ്വഭാവം തന്നെ തീരുമാനിക്കപ്പെടുന്നതിലേക്ക് ഈ തിരഞ്ഞെടുപ്പ് ഫലം വഴിമരുന്നിടും എന്ന് നിരീക്ഷിക്കപ്പെട്ടത് പ്രദേശത്തെ സവിശേഷമായ ഈ രാഷ്ട്രീയ സാഹചര്യം മൂലമാണ്. അതിനെ ശരിവെക്കുന്ന തരത്തിലാണ് ഇന്നലെ പുറത്തുവന്ന ജനവിധി.

Published

|

Last Updated

വടക്ക് കിഴക്കന്‍ മേഖലയില്‍ മണിപ്പൂര്‍ കലാപം പൊള്ളുന്ന ചര്‍ച്ചാ വിഷയമായി ഉയരുകയും നീണ്ട ഇടവേളക്ക് ശേഷം അത് വിഘടന വാദത്തിന് തീപകരുകയും ചെയ്ത അരക്ഷിതാവസ്ഥക്കിടയിലാണ് മിസോറാം തിരഞ്ഞെടുപ്പിലേക്ക്പ്രവേശിച്ചത്. അതുകൊണ്ട് തന്നെ നവംബറില്‍ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി മിസോറാമിലെ തിരഞ്ഞെടുപ്പിന് അധികാര രാഷ്ട്രീയത്തിനപ്പുറം മറ്റു ചില രാഷ്ട്രീയ മാനങ്ങള്‍ കൂടിയുണ്ടായിരുന്നു. മേഖലയുടെ രാഷ്ട്രീയ സ്വഭാവം തന്നെ തീരുമാനിക്കപ്പെടുന്നതിലേക്ക് ഈ തിരഞ്ഞെടുപ്പ് ഫലം വഴിമരുന്നിടും എന്ന് നിരീക്ഷിക്കപ്പെട്ടത് പ്രദേശത്തെ സവിശേഷമായ ഈ രാഷ്ട്രീയ സാഹചര്യം മൂലമാണ്. അതിനെ ശരിവെക്കുന്ന തരത്തിലാണ് ഇന്നലെ പുറത്തുവന്ന ജനവിധി.

1989 മുതല്‍ ഒരു പാര്‍ട്ടിക്ക് ഒരു പതിറ്റാണ്ട് എന്നതാണ് മിസോകളുടെ കീഴ് വഴക്കം. കോണ്‍ഗ്രസ്സും പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷനല്‍ ഫ്രണ്ടുമാണ് (എം എന്‍ എഫ്) ഇക്കാലയളവിലത്രയും അധികാരം പങ്കിട്ടത്. പതിവ് രീതി വെച്ച് നോക്കിയാല്‍ ഇത്തവണ എം എന്‍ എഫ് തന്നെ അധികാരം നിലനിര്‍ത്തേണ്ടതാണ്. ഈ കീഴ് വഴക്കം തെറ്റിച്ചാണ് 2017ല്‍ സ്ഥാപിതമാകുകയും 2019ല്‍ രാഷ്ട്രീയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്ത സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് ഇപ്പോള്‍ അധികാരം പിടിച്ചിരിക്കുന്നത്. 40 സീറ്റുള്ള അസംബ്ലിയില്‍ ചതുഷ്‌കോണ മത്സരം നടന്നിട്ടും 37 ശതമാനത്തിലധികം വോട്ടും 27 സീറ്റുകളും ഉറപ്പിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് ലാല്‍ദുഹോമയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുക. 26 സീറ്റുമായി അധികാരത്തിലുണ്ടായിരുന്ന എം എന്‍ എഫ് 10 സീറ്റിലേക്ക് ചുരുങ്ങിയിട്ടും വോട്ട് വിഹിതത്തില്‍ 2.6 ശതമാനം മാത്രമാണ് ചോര്‍ന്നു പോയത്. ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്തെ മൊത്തം വോട്ട് വിഹിതത്തില്‍ 73 ശതമാനത്തോളം മണിപ്പൂരിലെ പ്രാദേശിക പാര്‍ട്ടികള്‍ തന്നെ പിടിച്ചുവെച്ചിട്ടുണ്ട്. ഈ കണക്കാണ് സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുന്നത്. നേരത്തേ കോണ്‍ഗ്രസ്സിനുണ്ടായിരുന്ന വോട്ട് ബേങ്ക് വലിയ അളവില്‍ അവസാനം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലായി ചോര്‍ന്ന് പോകുന്ന കാഴ്ചയാണ് മിസോറാമിലെ തിരഞ്ഞെടുപ്പ് ചിത്രത്തിന്റെ ഏറ്റവും വലിയ ദയനീയത. പത്ത് വര്‍ഷത്തിനിടെ 24 ശതമാനം വോട്ടാണ് കോണ്‍ഗ്രസ്സില്‍ നിന്ന് അകന്നുപോയത്. 20 ശതമാനം വോട്ടുണ്ടായിട്ടും കോണ്‍ഗ്രസ്സ് ഒരു സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍ അഞ്ച് ശതമാനം മാത്രം വോട്ട് നേടിയ ബി ജെ പി രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. ഇത് കോണ്‍ഗ്രസ്സിന്റെ എല്ലാ തരത്തിലുമുള്ള വീഴ്ചകളെ അടയാളപ്പെടുത്തുന്നതാണ്. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ വലിയ അളവില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടും ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് ബി ജെ പിക്ക് നേടാനായ രണ്ട് സീറ്റ് മിസോ രാഷ്ട്രീയം പറയുന്ന രണ്ട് പ്രാദേശിക പാര്‍ട്ടികള്‍ക്കും ഭാവിയില്‍ വലിയ തലവേദനയാകും.

2018ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തില്‍ തന്നെ 22.9 ശതമാനം വോട്ട് നേടി എട്ട് സീറ്റുകള്‍ പിടിച്ചെടുത്താണ് തിരഞ്ഞെടുപ്പ് രംഗത്ത് സോറാം പീപ്പിള്‍സ് മൂവ്മന്റ് അരങ്ങേറ്റം ഗംഭീരമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഈ വിജയത്തിനപ്പുറം വോട്ട് ശതമാനം 37.70 എന്ന സംസ്ഥാനത്ത് ഏറ്റവും വലിയ വോട്ട് വിഹിതവും നേടിയാണ് ലാല്‍ദുഹോമയുടെ മുന്നേറ്റം. മുഖ്യമന്ത്രിയും എ എന്‍ എഫിന്റെ അമരക്കാരനുമായ സോറംതംഗയുടെ തോല്‍വിയും സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മണിപ്പൂരിലെ കലാപം തിരിച്ചടിക്കുമെന്ന് ഉറപ്പുണ്ടായത് കൊണ്ടാണ് നേരത്തേ തന്നെ ബി ജെ പിയുടെ കൂട്ടുകെട്ട് ഉപേക്ഷിച്ച് സോറംതംഗ ഒറ്റക്ക് നിന്നത്. എന്നിട്ടും ഫലമുണ്ടായില്ല എന്നത് മണിപ്പൂര്‍ പ്രശ്‌നം എത്രമാത്രം അളവില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്നതിന്റെ നേര്‍ചിത്രമാണ്. മാത്രമല്ല 79കാരനായ സോറംതംഗക്ക് ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടായിക്കൊള്ളണം എന്നില്ല. അതുകൊണ്ട് തന്നെ ഈ തോല്‍വി അദ്ദേഹത്തെ രാഷ്ട്രീയ വനവാസത്തിലേക്ക് കൂടി നയിച്ചേക്കാം.

മണിപ്പൂര്‍ കലാപം കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടും ബി ജെ പിയുടെ ഗ്രാഫ് മുന്നോട്ടാണ് എന്നതാണ് മിസോറാമിലെ തിരഞ്ഞെടുപ്പ് ഫലത്തിലെ ഞെട്ടിപ്പിക്കുന്ന വസ്തുത. മൂന്ന് ശതമാനം വോട്ട് കുറഞ്ഞെങ്കിലും ബി ജെ പിയുടെ വടക്ക് കിഴക്കന്‍ പദ്ധതികളുടെ വിജയ തുടര്‍ച്ച തന്നെയാണ് ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിലും കാണാന്‍ കഴിയുന്നത്. മണിപ്പൂരിലെ കലാപ ഭൂമിയിലേക്ക് ആദ്യമെത്തിയ നേതാവായിരുന്നു രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് റാലികളില്‍ കോണ്‍ഗ്രസ്സ് കാര്യമായി സംസാരിച്ചതും മണിപ്പൂരിലെ പ്രശ്‌നങ്ങളായിരുന്നു. എന്നിട്ട് പോലും മിസോറാമിലെ ഭൂരിപക്ഷ ക്രിസ്ത്യന്‍ സമൂഹം കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാതിരുന്നത് ന്യൂനപക്ഷ വോട്ട് ബേങ്കിന് കോണ്‍ഗ്രസ്സില്‍ വിശ്വാസമില്ലാതായിരിക്കുന്നു എന്നതിന്റെ തെളിവാണ്. മിസോ സമൂഹത്തില്‍ നിന്ന് ഒരു എം എല്‍ എയെ കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസ്സിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ സംസ്ഥാനത്ത് തങ്ങള്‍ പരിഗണിക്കപ്പെട്ടതില്‍ ബി ജെ പിക്ക് സന്തോഷിക്കാന്‍ വകയുണ്ട്. മിസോറാം തിരഞ്ഞെടുപ്പ് ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കോ കോണ്‍ഗ്രസ്സിനോ എന്തെങ്കിലും പ്രതീക്ഷ നല്‍കുന്നില്ലെങ്കിലും ഈ ഫലം വടക്ക് കിഴക്കന്‍ മേഖലയിലെ വിഘടന വാദത്തിന് വലിയ ഊര്‍ജം നല്‍കും എന്നിടത്താണ് ഈ തിരഞ്ഞെടുപ്പ് ഫലം വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുക.

Latest