International
കൂടുതൽ ആണവായുധങ്ങൾ വികസിപ്പിക്കാൻ പദ്ധതിയിട്ട് ഉത്തര കൊറിയ
ശത്രുക്കള്‍ ഭയപ്പെടുമെന്നും രാജ്യത്തിന്റെ പരമാധികാരത്തെയും വ്യവസ്ഥയെയും ജനങ്ങളെയും പ്രകോപിപ്പിക്കാന്‍ ധൈര്യപ്പെടില്ലെന്നും കിം പറഞ്ഞു.

സിയോള്‍| ആണവ വസ്തുക്കളുടെ ഉത്പാദനം വിപുലീകരിക്കാനും കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ നിര്‍മിക്കാനുമൊരുങ്ങി ഉത്തര കൊറിയ. പദ്ധതി സമഗ്രമായി നടപ്പിലാക്കുന്നതിനായി ആണവ സാമഗ്രികളുടെ ഉത്പാദനം ദീര്‍ഘവീക്ഷണത്തോടെ വിപുലീകരിക്കാന്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോണ്‍ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.
കൂടുതല്‍ ശക്തമായ ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് തുടരാനാണ് കിം ജോണ്‍ പ്രചോദനം നല്‍കിയത്.
ഉത്തര കൊറിയ അതിന്റെ ആണവായുധ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ തയ്യാറാക്കുമ്പോള്‍, ശത്രുക്കള്‍ ഭയപ്പെടുമെന്നും രാജ്യത്തിന്റെ പരമാധികാരത്തെയും വ്യവസ്ഥയെയും ജനങ്ങളെയും പ്രകോപിപ്പിക്കാന്‍ ധൈര്യപ്പെടില്ലെന്നും കിം പറഞ്ഞു.
കൂടാതെ ചൊവ്വാഴ്ച അണ്ടര്‍വാട്ടര്‍ ന്യൂക്ലിയര്‍ അറ്റാക്ക് ഡ്രോണിന്റെ രണ്ടാമത്തെ വിജയകരമായ പരീക്ഷണം നടത്തിയതായും കിം അവകാശപ്പെട്ടു. തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആണവ ആക്രമണത്തെ അനുകരിച്ച് ഉത്തര കൊറിയന്‍ സൈന്യം തിങ്കളാഴ്ച ഫയറിംഗ് അഭ്യാസവും നടത്തിയതായി കിം കൂട്ടിചേര്‍ത്തു.