Connect with us

International

പത്ത് ദിവസം ആരും ചിരിക്കരുത്, ഷോപ്പിംഗോ മദ്യപാനമോ പാടില്ലെന്നും ഉത്തര കൊറിയ

മുന്‍ നേതാവ് കിം ജോങ്-ഇലിന്റെ പത്താം ചരമവാര്‍ഷികമാണ് ഇന്ന്. ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്ത് പത്ത് ദിവസത്തെ ദുഃഖാചരണമുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കടുത്ത വിലക്കുകള്‍.

Published

|

Last Updated

പോംഗ്യാങ്| ഉത്തരകൊറിയയില്‍ ഇനി പത്ത് ദിവസം ആരും ചിരിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം. ഒപ്പം ഷോപ്പിംഗ് നടത്താനോ, മദ്യപിക്കാനോ പാടില്ലെന്നും ഒഴിവുവേളകളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടാനും ആളുകള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ നേതാവ് കിം ജോങ്-ഇലിന്റെ പത്താം ചരമവാര്‍ഷികമാണ് ഇന്ന്. ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്ത് പത്ത് ദിവസത്തെ ദുഃഖാചരണമുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള കടുത്ത വിലക്കുകള്‍.

1994 തൊട്ട് 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്ന നേതാവാണ് കിം ജോങ്-ഉനിന്റെ പിതാവ് കിം ജോങ് ഇല്‍. ചരമദിനത്തിന്റെ അന്ന് പലചരക്ക് ഷോപ്പിംഗ് സ്റ്റാന്‍ഡുകളും നിരോധിച്ചിട്ടുണ്ട്. ഇത് ആരെങ്കിലും പാലിക്കാതിരുന്നാല്‍ അവരെ ജയിലില്‍ അടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍, ഈ നിയമങ്ങള്‍ ലംഘിച്ചവരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോയിരുന്നു. എന്നാല്‍, പിന്നീടൊരിക്കലും അവരെ ആരും കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുഃഖാചരണ സമയത്ത് സ്വന്തം കുടുംബത്തിലെ ആരെങ്കിലും മരണപ്പെട്ടാല്‍ പോലും ഉറക്കെ കരയാന്‍ ആളുകളെ അനുവദിക്കില്ല എന്നാണ് റേഡിയോ ഫ്രീ ഏഷ്യ പറയുന്നത്. ഈ സമയത്ത് ജന്മദിനങ്ങള്‍ ആഘോഷിക്കരുതെന്നും പറയുന്നു.

ഈ ദിവസങ്ങളില്‍ ദുഃഖം പ്രകടിപ്പിക്കാതെ കറങ്ങി നടക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന്റെ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, രാജ്യത്തിന്റെ ദുഃഖാചരണത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുമുണ്ട്. കിം ജോങ് ഇല്ലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരില്‍ ഫോട്ടോഗ്രാഫിയുടെയും കലയുടെയും ഒരു പൊതു പ്രദര്‍ശനം, ഒരു കോണ്‍സെര്‍ട്ട് എന്നിവയെല്ലാം അതില്‍പ്പെടുന്നു.

 

Latest