International
ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തര കൊറിയ;ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി
രാജ്യത്തുനിന്നും 3,000 കിലോമീറ്റര്‍ അകലെ പസഫിക് സമുദ്രത്തിലാണ് മിസൈല്‍ പതിച്ചതെന്ന് ജപ്പാന്‍ അധികൃതര്‍ പറഞ്ഞു. ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ടോക്കിയോ | മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തര കൊറിയ. രാജ്യത്തുനിന്നും 3,000 കിലോമീറ്റര്‍ അകലെ പസഫിക് സമുദ്രത്തിലാണ് മിസൈല്‍ പതിച്ചതെന്ന് ജപ്പാന്‍ അധികൃതര്‍ പറഞ്ഞു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ജപ്പാന്‍ അറിയിച്ചു. 2017 ന് ശേഷം ഇതാദ്യമായാണ് ജപ്പാനിലേക്ക് മിസൈല്‍ അയച്ച് ഉത്തര കൊറിയ പ്രകോപനമുണ്ടാക്കുന്നത്.
സംഭവത്തില്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച ജപ്പാന്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മേഖലയിലെ ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളോട് വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വടക്കന്‍ ജപ്പാനിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ചു.
ഉത്തര കൊറിയയുടെ ആക്രമണ മനോഭാവത്തെ ശക്തമായി അപലപിച്ച് ജപ്പാന്‍ പ്രധാന മന്ത്രി ഫുമിയോ കിഷിദ രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് കിഷിദ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.