NORTH KOREA
ഉത്തര കൊറിയ വീണ്ടും ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷണം നടത്തി; ഭീഷണിയെന്ന് യു എസ്
മിസൈല്‍ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയയും സ്ഥിരീകരിച്ചു
വാഷിങ്ടണ്‍ | ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷണവുമായി വീണ്ടും ഉത്തര കൊറിയ. ഏകേദശം 1500 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്ന മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മിസൈല്‍ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയയും സ്ഥിരീകരിച്ചു. സൈനിക ശക്തി വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഉത്തരകൊറിയയുടെ ഈ നടപടി. പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.
അതേ സമയം അയല്‍ രാജ്യങ്ങള്‍ക്കും രാജ്യാന്തര സമൂഹത്തിനും പരീക്ഷണം ഭീഷണിയാണെന്ന് യുഎസ് ഇന്‍ഡോ പസഫിക് കമാന്‍ഡ് മേധാവി വ്യക്തമാക്കി.ശത്രുക്കള്‍ക്കെതിരായ രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആയുധമായാണ് ക്രൂയിസ് മിസൈലുകളെ കാണുന്നതെന്ന് നോര്‍ത്ത് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുന്ന തരത്തില്‍ ന്യൂക്ലിയര്‍, ബാലിസ്റ്റിക് പരീക്ഷണങ്ങള്‍ നടന്നിട്ടില്ലെന്നും ഉത്തരകൊറിയ വിശദീകരിച്ചു. ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഉത്തര കൊറിയ ബാലിസ്റ്റിക് പരീക്ഷണങ്ങള്‍ പുനരാരംഭിച്ചത്.