uthra murder case
ഉത്ര വധക്കേസ്; കൊടുംക്രൂരതയുടെ ചുരുളഴിച്ചത് ക്രൈം ബ്രാഞ്ച്
പഴുതടച്ച അന്വേഷണത്തിൽ ഡമ്മി പരീക്ഷണം വരെ; മാതാപിതാക്കൾ എസ് പി ഹരിശങ്കറിനെ കണ്ടത് വഴിത്തിരിവായി
കൊല്ലം | ക്രൈം ബ്രാഞ്ചിന്റെ നിർണായക ഇടപെടലാണ് ഉത്ര കേസിലെ ദുരൂഹതകളുടെ ചുരുളഴിച്ചത്. കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ അഞ്ചൽ ഏറം വിഷുവിൽ (വെള്ളശേരിൽ) വിജയസേനന്റെ മകൾ ഉത്രക്ക് 2020 മേയ് ആറിന് രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകളുടെ മരണത്തിൽ ദുരൂഹത തോന്നിയ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ ലോക്കൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കൾ കൊല്ലം റൂറൽ എസ് പി ഹരിശങ്കറിനെ കണ്ടതാണ് കേസിൽ വഴിത്തിരിവായത്. അദ്ദേഹം ജില്ലാ ക്രൈം ബ്രാഞ്ചിന് കേസ് കൈമാറി. തുടർന്നാണ് പൈശാചികമായ കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.
നേരത്തേ, ഉത്രയെ അണലിയെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അടുത്ത പദ്ധതി തയാറാക്കിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. 2020 മാർച്ച് രണ്ടിന് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വെച്ച് ഉത്രക്ക് അണലിയുടെ കടിയേറ്റിരുന്നു. അതും കൊലപാതക ശ്രമമായിരുന്നുവെന്ന് കണ്ടെത്തി. ഉത്രയെ രണ്ട് പ്രാവശ്യം പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നത്. മൂർഖൻ പാമ്പിന് ഉത്ര കിടന്ന മുറിയിൽ കയറാനുള്ള പഴുതുകളില്ലായിരുന്നെന്നും ജനൽ വഴി കയറാനുള്ള സാധ്യതയില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ഉത്രയെ അണലിയെ കൊണ്ടും മൂർഖനെ കൊണ്ടും കടിപ്പിക്കുന്നതിന് മുമ്പ് പല തവണ സൂരജ് ഇന്റർനെറ്റിൽ പാമ്പുകളെ കുറിച്ച് തിരഞ്ഞതായും കണ്ടെത്തി. പാമ്പിന്റെ തലയിൽ അമർത്തിപ്പിടിച്ച് വിഷം പുറത്തു വരുത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കാനും പാമ്പിനെ കൊണ്ട് രണ്ട് തവണ കടിപ്പിച്ചതിന്റെ മുറിപ്പാടുകൾ തമ്മിലുള്ള അകലം തെളിയിക്കാനും ഡമ്മി പരീക്ഷണവും നടത്തിയിരുന്നു.
നിർവികാരനായി സൂരജ്
വിധി പ്രസ്താവന പ്രതി സൂരജിനെ വായിച്ചു കേൾപ്പിച്ചപ്പോൾ തൊഴുകൈയോടെ നിർവികാരനായി നിൽക്കുകയായിരുന്നു സൂരജ്. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന്, ഒന്നുമില്ലെന്നായിരുന്നു മറുപടി. പ്രതിയെ അടുത്തുവിളിച്ചു ചെയ്ത ഓരോ കുറ്റങ്ങളും അഞ്ച് മിനുട്ടോളം ജഡ്ജി വായിച്ചു കേൾപ്പിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു ജഡ്ജിയുടെ ചോദ്യം.
വധശിക്ഷ വേണം: പ്രോസിക്യൂട്ടർ
പാന്പിനെ ഉപയോഗിച്ചുള്ള കൊലപാതകം തെളിയിച്ചത് പോലീസിന്റെ മികച്ച അന്വേഷണം കൊണ്ടുമാത്രമാണെന്നും ഇതിൽ വധശിക്ഷ ഒഴികെയുള്ള ഏത് ശിക്ഷയും ചെറിയ ശിക്ഷയാണെന്നും ഉത്ര കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് പറഞ്ഞു. കുറഞ്ഞ ശിക്ഷ നൽകിയാൽ സമൂഹത്തിൽ വേറെ ആർക്കും ഇത്തരത്തിൽ കുറ്റകൃത്യം ചെയ്യാൻ പ്രേരണയായി മാറാം. അതുകൊണ്ട് അത്യപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ ആരോപിച്ച കൊലപാതകം, കൊലപാതക ശ്രമം, വിഷം നൽകി പരുക്കേൽപ്പിക്കുക, തെളിവ് നശിപ്പിക്കുക എന്നീ നാല് കൃത്യത്തിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിയുടെ ചെറിയ പ്രായം, മാനസാന്തരപ്പെടാനുള്ള സമയം എന്നിവ പരിഗണിക്കണമെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാണിച്ചത്. വധശിക്ഷയെ പറ്റിയുള്ള കോടതിയുടേയോ പ്രോസിക്യൂട്ടർമാരുടേയോ വ്യക്തിപരമായ ശരിതെറ്റുകളല്ല ഇക്കാര്യത്തിൽ പരിഗണിക്കേണ്ടത്. ഒരു കേസിലെ പ്രത്യേക സാഹചര്യത്തിൽ വധശിക്ഷ ആവശ്യപ്പെടുന്നുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് സുപ്രീം കോടതി വിധിയുണ്ട്. അതിൽ അഞ്ച് സാഹചര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ നാല് സാഹചര്യങ്ങളും ഈ കേസിലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലും സമാന സംഭവം
പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ ഏറെ ശ്രദ്ധേയമായി വിലയിരുത്തപ്പെടുന്ന ഒന്നാണ് ഉത്രവധക്കേസ്. 2019ൽ രാജസ്ഥാനിലും ഉത്ര വധക്കേസിന് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ജുൻജുനു സ്വദേശിനിയായ സുബോദ ദേവി പാമ്പു കടിയേറ്റ് മരിച്ച സംഭവമാണ് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്. മരുമകളും കാമുകനും സുഹൃത്തും ചേർന്ന് പാമ്പിനെ കൊണ്ട് കടിപ്പിച്ച് സുബോദ ദേവിയെ കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയായ കൃഷ്ണകുമാർ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി, ഇത്തരം കൊലപാതകങ്ങൾ പുതിയ ട്രെന്റായി മാറിയിരിക്കുകയാണെന്നും നിരീക്ഷിച്ചിരുന്നു. 2019 ജൂൺ രണ്ടിനാണ് സുബോദ ദേവി പാമ്പുകടിയേറ്റ് മരിച്ചത്. ഇവർ മരിച്ച് ഒന്നര മാസത്തിന് ശേഷമാണ് സംഭവത്തിൽ കുടുംബം പരാതി നൽകിയത്.
സുബോദ ദേവിയുടെ മരുമകൾ അൽപന, കാമുകൻ മനീഷ് എന്നിവർക്കെതിരെയായിരുന്നു പരാതി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുബോദ ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. 2020 ജനുവരി നാലിന് അൽപന, മനീഷ്, കൃഷ്ണകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.