Connect with us

private bus

മത്സരയോട്ടമല്ല; ബസുകളുടേത് മരണയോട്ടം

കാല്‍നട യാത്രക്കാര്‍ക്കും ചെറുകിട വാഹനങ്ങള്‍ക്കും കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ് ബസുകളുടെ മത്സരയോട്ടം. റോഡപകടങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളും കേരളത്തില്‍ ക്രമാതീതമാം വര്‍ധിച്ചു വരികയാണ്.

Published

|

Last Updated

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ വേറിട്ടൊരു പ്രതിഷേധത്തിനു സാക്ഷിയായി കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ കൂറ്റനാടിന് സമീപം പെരുമണ്ണൂര്‍ പ്രദേശം. സ്‌കൂട്ടര്‍ യാത്രക്കാരിയായ ഒരു പെണ്‍കുട്ടിയാണ് അപകടകരമാം വിധം അമിത വേഗതയില്‍ ഓടിച്ചു പോയ ബസിന്റെ മുമ്പില്‍ തന്റെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് ബസിനെ തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്. ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ തന്റെ സ്‌കൂട്ടറിനെ ഇടിച്ചിടാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി പറയുന്നത്. ചെറുവാഹനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തി അമിതവേഗതയിലായിരുന്നു ബസിന്റെ പോക്കെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അവര്‍ പറയുന്നു. “ഞങ്ങള്‍ ചെറിയ വണ്ടിക്കാര്‍ക്കും റോഡിലൂടെ പോകണ്ടേ? വലിയ വണ്ടിക്കാര്‍ക്ക് എന്ത് തോന്ന്യാസവും കാണിക്കാമെന്നാണോ? ചെറിയ വണ്ടികളെ കണ്ടില്ലെന്ന മട്ടിലാണ് നിങ്ങളുടെ പോക്ക്. രണ്ടാം തവണയാണ് എനിക്ക് ഈ അനുഭവം. പെണ്‍പിള്ളേരല്ലേ, സ്‌കൂട്ടിയല്ലേ, ആരും ചോദിക്കില്ലെന്നാണോ നിങ്ങളുടെ വിചാരം. ബസിടിച്ചു ഞങ്ങള്‍ മരിച്ചാല്‍ കുടുംബം നിങ്ങള്‍ നോക്കുമോ?’ എന്നിങ്ങനെ ബസ് ഡ്രൈവറെ ചോദ്യം ചെയ്തുകൊണ്ടാണ് സാന്ദ്രയെന്ന പെണ്‍കുട്ടിയുടെ പ്രതിഷേധം. ബസ് ഓടിക്കുമ്പോള്‍ ഡ്രൈവര്‍ ചെവിയില്‍ ഹെഡ്‌ഫോണ്‍ വെച്ചിരുന്നതായി യുവതി പറയുന്നു.

ബസുകളുടെ അമിത വേഗത്തിനും മത്സരയോട്ടത്തിനുമെതിരെ മുമ്പും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജന പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് മാസം മുമ്പ് ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ ഒരു പതിനെട്ടുകാരി ബസിടിച്ചു മരിച്ചതിനു പിന്നാലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ ചൂലുമായി വന്ന് പ്രതിഷേധിക്കുകയും റോഡുകള്‍ കുരുതിക്കളമാക്കരുതെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. ചോര വീഴാനുള്ളതല്ല റോഡുകളെന്ന് ഡ്രൈവര്‍മാരെ അവര്‍ ഓര്‍മിപ്പിച്ചു. പോലീസിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണവും റോഡ് സുരക്ഷാ സന്ദേശവും നല്‍കിയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.

കാല്‍നട യാത്രക്കാര്‍ക്കും ചെറുകിട വാഹനങ്ങള്‍ക്കും കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ് ബസുകളുടെ മത്സരയോട്ടം. റോഡപകടങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളും കേരളത്തില്‍ ക്രമാതീതമാം വര്‍ധിച്ചു വരികയാണ്. ജൂലൈ ആദ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതനുസരിച്ച് 35,476 സ്വകാര്യ വാഹനാപകടങ്ങളാണ് ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തുണ്ടായത്. ഇതില്‍ 3,292 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 27,745 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ആയിരം പേര്‍ കാല്‍നട യാത്രക്കാരാണ്. ബസുകളാണ് ഈ അപകടത്തില്‍ നല്ലൊരു പങ്കും വരുത്തിവെച്ചത്. ഒരു മാസം മുമ്പ് തൃശൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ സ്വന്തം ബസിടിച്ച് യുവാവ് മരിച്ച സംഭവമുണ്ടായി. ബസിലേക്ക് ഓടിക്കയറുന്നതിനിടെ പിടിവിട്ട് റോഡിലേക്ക് വീണാണ് രജീഷ് എന്ന ബസുടമ തന്റെ ബസിനടിയില്‍ തന്നെ ചതഞ്ഞു മരിച്ചത്. അദ്ദേഹത്തിന്റെ ബസ് മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
തിരക്കുള്ള റൂട്ടില്‍ സമയക്രമം പാലിക്കുന്നതിനും മറ്റു ബസുകളെ മറികടന്ന് തങ്ങളുടെ ബസില്‍ ആളെ കുത്തിനിറക്കുന്നതിനുമാണ് ബസ് ഡ്രൈവര്‍മാര്‍ അമിത വേഗത്തില്‍ ഓടിക്കുന്നത്. ഈ മരണപ്പാച്ചിലില്‍ കാല്‍നട യാത്രക്കാരെയും ചെറുകിട വാഹനങ്ങളെയും അവര്‍ പരിഗണിക്കുകയോ, ആംബുലന്‍സുകള്‍ക്ക് പോലും പലപ്പോഴും വഴിമാറിക്കൊടുക്കുകയോ ഇല്ല. അമിത വേഗത്തെക്കുറിച്ച് ഉപദേശിക്കുന്നതു പോലും ചില ഡ്രൈവര്‍മാര്‍ക്ക് ഇഷ്ടമില്ല. ഉപദേശിക്കുന്നവരോട് ഡ്രൈവര്‍മാര്‍ തട്ടിക്കയറും. മാത്രമല്ല, അമിത വേഗത്തെ ചോദ്യം ചെയ്തവരെ ഡ്രൈവര്‍മാര്‍ പകയോടെ കാണുകയും തരംകിട്ടിയാല്‍ അപകടപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടാകാറുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ നാലിന് കോഴിക്കോട് മാവൂര്‍ റോഡിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന നടക്കാവ് സ്വദേശി അശ്‌റഫിന്, ബൈക്കില്‍ ബസിടിച്ച് കാലിനു ഗുരുതര പരുക്കേറ്റു. ഇതുസംബന്ധിച്ച് അശ്‌റഫ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്, അപകടം യാദൃച്ഛികമായിരുന്നില്ല, ബസ് ഡ്രൈവര്‍ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നാണ്. അമിത വേഗത്തില്‍ വന്ന ഈ ബസ് ഡ്രൈവറോട് മെല്ലെ പോയാല്‍ പോരേയെന്ന് മാവൂര്‍ റോഡിലെ ബസ് സ്റ്റോപ്പിനടുത്തു വെച്ച് അശ്‌റഫ് ചോദിച്ചിരുന്നുവത്രെ. ഇതിലുള്ള പക വീട്ടുകയായിരുന്നു ബസ് ഡ്രൈവറെന്നും കെ എസ് ആര്‍ ടി സി ടെര്‍മിനലിനു സമീപം വെച്ച് ബസ് മനഃപൂര്‍വം ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നുമാണ് പരാതിയിലുള്ളത്. 2018 ജൂണില്‍ വടകരയിലുമുണ്ടായി സമാന സംഭവം. വടകര-തണ്ണീര്‍പന്തല്‍ റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസിന്റെ അമിത വേഗത്തെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേര്‍ ചോദ്യം ചെയ്തു. തൊട്ടുപിറകെ അതേ ബസിടിച്ച് പരുക്കേറ്റ് രണ്ട് പേരും ആശുപത്രിയിലായി.

പല ബസുകളിലും സ്പീഡ് ഗവര്‍ണറുകള്‍ സ്ഥാപിക്കാത്തതും അധികൃതര്‍ കൃത്യമായി പരിശോധനകള്‍ നടത്താത്തതുമാണ് മത്സരയോട്ടത്തിനും മരണപ്പാച്ചിലിനും കാരണം. സിറ്റികളില്‍ പരമാവധി 35 കി.മീറ്റര്‍ എന്ന് നിയമമുണ്ടെങ്കിലും പാലിക്കുന്നവര്‍ വിരളം. പ്രധാന കവലകളിലും കേന്ദ്രങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ കൃത്യമായി പരിശോധിച്ച് നടപടികള്‍ എടുക്കാറില്ല. അമിത വേഗത എന്തെങ്കിലും ദുരന്തങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അധികൃതര്‍ കര്‍ശന പരിശോധനക്കിറങ്ങുമെങ്കിലും അതേറെ നാള്‍ നീണ്ടുനില്‍ക്കാറില്ല. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഏതാനും അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അധികൃതര്‍ വ്യാപക പരിശോധന നടത്തുകയും മരണപ്പാച്ചില്‍ നടത്തുന്ന ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളും ഡ്രൈവര്‍മാരുടെ ലൈന്‍സന്‍സും റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തു വരുന്നുണ്ട്. ഇത്തരം പരിശോധനകള്‍ കൃത്യമായും തുടര്‍ച്ചയായും നടന്നാല്‍ അമിതവേഗം വലിയൊരു പരിധിവരെ നിയന്ത്രിക്കാനാകും.