National
പ്രജ്വലിനെതിരെ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല; ദേശീയ വനിതാ കമീഷന്‍
പ്രജ്വലിനെതിരെ വ്യാജ പരാതി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ടെന്നും വനിതാ കമീഷന്‍
ബെംഗളുരു|ലൈംഗികാതിക്രമക്കേസില്‍ രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ദേശീയ വനിതാ കമീഷന്‍. എന്നാല്‍ പ്രജ്വലിനെതിരെ വ്യാജ പരാതി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ടെന്നും വനിതാ കമീഷന്‍ അറിയിച്ചു. പ്രജ്വലിനെതിരെ പരാതി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്നു പേര്‍ സമീപിച്ചതായാണ് പരാതിക്കാരി വനിതാ കമീഷനെ അറിയിച്ചത്.
കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത നമ്പരുകളില്‍നിന്ന് യുവതിയ്ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. പ്രജ്വലിനെതിരെ 700 സ്ത്രീകള്‍ പരാതി നല്‍കിയിട്ടും വനിതാ കമീഷന്‍ നടപടിയെടുക്കുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കമീഷന്റെ വിശദീകരണം. 700 പേര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും വനിതാ കമീഷന്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
അതേസമയം പ്രജ്വല്‍ രേവണ്ണ നാട്ടില്‍ തിരിച്ചെത്തുക മെയ് 13ന് ശേഷമായിരിക്കുമെന്നാണ് വിവരം. നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷമേ പ്രജ്വല്‍ നാട്ടില്‍ എത്തൂ എന്നാണ് പുറത്തുവരുന്ന വിവരം. പ്രജ്വല്‍ തിരിച്ചെത്തിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ ബെംഗളുരു, മംഗളുരു വിമാനത്താവളങ്ങളില്‍ എസ്ഐടി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.പ്രജ്വലിനെതിരെ കഴിഞ്ഞ ദിവസം ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. കൂടാതെ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിഐഡി സൈബര്‍ സെല്‍ പുതിയ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നതാണ് കേസ്.
പ്രജ്വല്‍ രേവണ്ണക്കെതിരെ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള മൂവായിരത്തോളം വീഡിയോകളാണ് പ്രജ്വല്‍ പകര്‍ത്തിയിരുന്നത്. ഹാസനില്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് 33 കാരനായ പ്രജ്വല്‍ രേവണ്ണ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 26 ന് രണ്ടു ദിവസം മുമ്പേ ഹാസനില്‍ ലൈംഗിക വീഡിയോ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 27 ന് പ്രജ്വല്‍ ജര്‍മനിയിലേക്ക് കടക്കുകയായിരുന്നു.