farmers' agitation
പേടിച്ചിട്ടല്ല; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് മോദിയുടെ മഹാമനസ്‌കതയെന്ന് ജെ പി നദ്ദ
18 കോടി ജനങ്ങളുടെ പാര്‍ട്ടിയാണിത്. അതിനാല്‍ തങ്ങള്‍ക്ക് ഒന്നിനേയും ഭയക്കേണ്ടെന്നും നദ്ദ പറഞ്ഞു
ന്യൂഡല്‍ഹി | വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നല്ല വിവാദമായി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ തങ്ങള്‍ പിന്‍വലിച്ചതെന്ന് ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാമനസ്‌കതയാണെന്നും നദ്ദ സ്വകാര്യ ചാനല്‍ നടത്തിയ സംവാദ പരിപാടിയില്‍ അവകാശപ്പെട്ടു.
കര്‍ഷകരെ തങ്ങളെ കേള്‍ക്കാന്‍ കൂട്ടാക്കാത്തപ്പോഴും നിയമങ്ങള്‍ പിന്‍വലിച്ചത് പ്രധാനമന്ത്രിയുടെ ഔദാര്യവും മഹാമനസ്‌കതയുമാണ്. അത് വലിയൊരു സൂചനയായിരുന്നു. തങ്ങള്‍ക്ക് ഭയമൊന്നുമില്ല. 18 കോടി ജനങ്ങളുടെ പാര്‍ട്ടിയാണിത്. അതിനാല്‍ തങ്ങള്‍ക്ക് ഒന്നിനേയും ഭയക്കേണ്ടെന്നും നദ്ദ പറഞ്ഞു.
അതൊരു ദേശീയ പ്രക്ഷോഭമൊന്നുമായിരുന്നില്ല. ചില പ്രദേശങ്ങളില്‍ ചില ആളുകള്‍ മാത്രം കൂടിച്ചേര്‍ന്ന് നടത്തിയതാണ്. പ്രക്ഷോഭം നടക്കുമ്പോള്‍ തന്നെ ആറ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നു. അതില്‍ മൂന്നിടത്തും ബി ജെ പിയും സഖ്യകക്ഷികളും ഭരണത്തിലെത്തി. ബംഗാളില്‍ വോട്ട് വിഹിതം മൂന്നില്‍ നിന്ന് 38 ശതമാനമായി ഉയര്‍ന്നെന്നും ബി ജെ പി ദേശീയ പ്രസിഡന്റ് അവകാശവാദം ഉന്നയിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് തോറ്റത്. അവിടെ തങ്ങള്‍ അധികാരത്തില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. ഈ സമയത്ത് 100 ഉപതിരഞ്ഞെടുപ്പ് നടന്നു. അതില്‍ 60 ഇടത്ത് വിജയിച്ചു. യു പിയില്‍ ശിലാപരിഷദ് തിരഞ്ഞെടുപ്പിലും രാജസ്ഥാനിലും തങ്ങള്‍ ജയിച്ചുവെന്നും നദ്ദ പറഞ്ഞു.