Connect with us

ARTICLE.

ഒറ്റയ്ക്കല്ല; ഒറ്റക്കെട്ടായി

കോണ്‍ഗ്രസ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ നിതീഷ് കുമാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെക്കുറെ ഫലം കണ്ടുതുടങ്ങും എന്ന് തന്നെയാണ് പ്രതീക്ഷ.

Published

|

Last Updated

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ബാക്കി നില്‍ക്കെ തന്നെ പതിവിന് വിപരീതമായി പ്രതിപക്ഷ മുന്നണിയില്‍ മുന്നേറ്റത്തിന്റെ വലിയ ചലനങ്ങളുണ്ടാകുന്നുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൂടി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നത് ആ ചലനങ്ങള്‍ക്ക് വലിയ വേഗത കൊണ്ടുവരികയും ചെയ്തിരിക്കുകയാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പതുക്കെ പിന്‍വാങ്ങി തുടങ്ങിയ മുന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ശേഷം കോണ്‍ഗ്രസ്സിന്റെ സ്‌പേസിനെക്കൂടി ഹൈജാക്ക് ചെയ്യുന്ന തരത്തിലായിരുന്നു പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണുവെച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നീക്കങ്ങള്‍. എന്നാല്‍ അത് കോണ്‍ഗ്രസ്സിനെപ്പോലെ തന്നെ ഇടതുപക്ഷത്തെയും നന്നായി ചൊടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യം വെക്കുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മമതയുടെ പ്ലാനിന് സമാനമായാണ് നീങ്ങിയത്. ദേശീയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്.

ഇവരുടെ പ്ലാനില്‍ കോണ്‍ഗ്രസ്സ് ഇല്ല എന്നതാണ് വലിയ പ്രശ്‌നം. മാത്രവുമല്ല കഴിഞ്ഞ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തങ്ങളോട് കൂടിയാലോചിക്കാതെയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് എന്ന ഒറ്റക്കാരണം കൊണ്ടാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയെ പിന്തുണക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ്സ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബംഗാളില്‍ സര്‍ക്കാറുമായി വലിയ പോര് നടത്തിയ ഗവര്‍ണറായിരുന്നു എന്‍ ഡി എയുടെ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍ഖര്‍. എന്നിട്ടും മമതയുടെ പിന്‍വലിയല്‍ നടപടി പ്രതിപക്ഷ ക്യാമ്പില്‍ ടി എം സിയുടെ വിശ്വാസ്യത വലിയ രീതിയില്‍ തകര്‍ത്തിട്ടുണ്ട്. മമത ബി ജെ പി ചാരനാണെന്ന് വരെ ബംഗാള്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും നിരന്തരം ആരോപണവും ഉയര്‍ത്താറുണ്ട്. അതുകൊണ്ട് കൂടിയാണ് ഈ ശ്രമങ്ങള്‍ ലക്ഷ്യം കാണാതിരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യങ്ങളില്‍ നിന്ന് മാറ്റമുണ്ടായത്, കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍ പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന അസംബ്ലി തിരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് വലിയ രീതിയില്‍ അനുകൂലമാകുകയും തുടര്‍ന്ന് വന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് അതേ ട്രെന്‍ഡ് നിലനിര്‍ത്തി പ്രതിപക്ഷ മുന്നണിയുടെ ഉറച്ച വോട്ടുകള്‍ കൂടി ചോര്‍ത്തിയെടുക്കുകയും ചെയ്തതോടെയാണ്. മഹാരാഷ്ട്രയിലെ എന്‍ സി പി-ശിവസേന-കോണ്‍ഗ്രസ്സ് മഹാ സഖ്യത്തെ ബി ജെ പി അട്ടിമറിച്ച രീതിയും പ്രതിപക്ഷത്തെ വലിയ രീതിയില്‍ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകണം. അതാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ഇന്ധനം നല്‍കിയത്. നിതീഷ് കുമാറിന്റെയും ലാലു പ്രസാദ് യാദവിന്റെയും നേതൃത്വത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനവും ഇതാണ്.

മുന്‍ ഉപപ്രധാനമന്ത്രിയും ഐ എന്‍ എല്‍ ഡി സ്ഥാപകനുമായ ദേവിലാലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച ഹരിയാനയിലെ ഫത്തേഹാബാദില്‍ ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഐ എന്‍ എല്‍ ഡിയുടെ റാലിയും ഈ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്‍ സി പി നേതാവ് ശരദ് പവാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സി പി എം നേതാവ് സീതാറാം യെച്ചൂരി, ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്, ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍, ശിവസേന നേതാവ് അരവിന്ദ് സാവന്ത് എന്നിവരുള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ റാലിയില്‍ ഒത്തുകൂടിയിരുന്നു. കോണ്‍ഗ്രസ്സിന്റെ അസാന്നിധ്യം കൊണ്ട് കൂടി ചര്‍ച്ചയായ റാലിയില്‍ നിതീഷ് കുമാറിന്റെ പ്രതികരണങ്ങള്‍ ശ്രദ്ധേയമാണ്. താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയ കുമാര്‍ മൂന്നാം മുന്നണിയുടെ ചോദ്യമില്ലെന്നും കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന ഒരു മുന്നണിയുണ്ടാകണമെന്നും എങ്കില്‍ മാത്രമേ 2024ല്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ കഴിയൂ എന്നും ഉറപ്പിച്ചു പറയുന്നുണ്ട്.

കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തി മൂന്നാം മുന്നണിക്ക് ശ്രമിക്കുന്ന മമതയെയും കെ സി ആറിനെയും കൂടെ കൂട്ടാമെന്നും ബി ജെ പിയെ പുറത്ത് നിന്ന് പിന്തുണക്കാന്‍ സാധ്യതയുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ്സിനെയും ബിജു ജനതാദളിനെയും ഒപ്പം നിര്‍ത്താമെന്നും നിതീഷിന് ആത്മവിശ്വാസമുണ്ട്. ശക്തമായ കോണ്‍ഗ്രസ്സ് വിരുദ്ധ പാര്‍ട്ടികളായ ടി ആര്‍ എസ്, എ എ പി, ഐ എന്‍ എല്‍ ഡി, അകാലിദള്‍ എന്നിവരെ നിതീഷ് ഈ ഫ്രെയിമിനുള്ളില്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതും സഖ്യ ശ്രമങ്ങളില്‍ നിര്‍ണായകമാകും. അടിയന്തരാവസ്ഥ കാലത്ത് ഉയര്‍ന്നുവന്ന മഹാ പ്രതിപക്ഷത്തിന്റെയും തൊണ്ണൂറുകളിലെ ഹൃസ്വകാല സര്‍ക്കാറുകളുടെയും ചരിത്രം ലാലു-നിതീഷ് കൂട്ടുകെട്ടിന് നന്നായറിയാം. ആ അനുഭവങ്ങള്‍ അവരെ കൂടുതല്‍ കരുത്തരാക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പിന് മുമ്പ് ധാരണ, തിരഞ്ഞെടുപ്പിന് ശേഷം സഖ്യം എന്നതാണ് നിതീഷ് ലക്ഷ്യം വെക്കുന്നത്. ഇടതുപക്ഷവും ആര്‍ ജെ ഡിയും ഇതിനോട് പച്ചക്കൊടി കാണിക്കുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ്സ് നയിക്കുന്ന യു പി എ എന്നതാണോ കോണ്‍ഗ്രസ്സ് കൂടി ഉള്‍പ്പെടുന്ന വിശാല പ്രതിപക്ഷമാണോ എന്നത് സംബന്ധിച്ച് സഖ്യചിത്രം ഇപ്പോള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സ് നിര്‍ണായക സ്ഥാനത്ത് തന്നെ ഉണ്ടാകുമെന്നുറപ്പാണ്. കാരണം എന്‍ ഡി എ സഖ്യം വിടാനുള്ള തീരുമാനം മുതല്‍ കൃത്യമായ ഇടവേളകളില്‍ നിതീഷ് സോണിയാ ഗാന്ധിയുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഹരിയാനയിലെ റാലിക്ക് ശേഷവും നിതീഷ് കുമാറും ലാലുവും സോണിയാ ഗാന്ധിയെ അവരുടെ വസതിയില്‍ ചെന്ന് കണ്ടിരുന്നു. കോണ്‍ഗ്രസ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ ചര്‍ച്ചയാകാം എന്ന ധാരണയിലാണ് കൂടിക്കാഴ്ച പിരിഞ്ഞതും. സോണിയയുടെ ആരോഗ്യവും പഴയ രാഷ്ട്രീയ ചടുലതയും ചോര്‍ന്ന് പോയിട്ടുണ്ടെങ്കിലും എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സ്വീകാര്യനായ ശരദ് പവാറിന്റെ ഫ്‌ളക്‌സിബിലിറ്റിയും നിതീഷ്-ലാലു കൂട്ടുകെട്ടിന്റെ കരുത്തും പ്രതിപക്ഷത്തിന് ഇപ്പോള്‍ വലിയമൂലധനം തന്നെയാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പും 2024ലേക്കുള്ള പ്രതിപക്ഷ ശ്രമങ്ങളില്‍ നിര്‍ണായകമാണ്. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കുന്നില്ല എന്ന പ്രഖ്യാപനം തന്നെ കോണ്‍ഗ്രസ്സ് ക്യാമ്പില്‍ നവീകരണ സാധ്യതകള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഒടുവിലത്തെ റിപോര്‍ട്ട് പ്രകാരം അധ്യക്ഷ സ്ഥാനത്തേക്ക് മത്സര രംഗത്തുള്ള ശശി തരൂരിനേക്കാള്‍ വിജയ സാധ്യത കൂടുതലുള്ളത് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കാണ്. സംഘടനാ പ്രവര്‍ത്തന പരിചയവും രാഷ്ട്രീയ മെയ് വഴക്കവും അളവില്‍ കൂടുതലുള്ള നേതാവാണ് അദ്ദേഹം. ആ നിലക്ക് കോണ്‍ഗ്രസ്സിനെയും പ്രതിപക്ഷത്തെയും നയിക്കാന്‍ മാത്രം കരിഷ്മയുള്ള നേതാവുമാണ് ഖാര്‍ഗെ. കോണ്‍ഗ്രസ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ നിതീഷ് കുമാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെക്കുറെ ഫലം കണ്ടുതുടങ്ങും എന്ന് തന്നെയാണ് പ്രതീക്ഷ. കോണ്‍ഗ്രസ്സുമായുള്ള നയസമീപനത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, ചന്ദ്രശേഖര്‍ റാവു തുടങ്ങിയ നേതാക്കള്‍ ഇപ്പോള്‍ നിതീഷിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്.

2004ല്‍ യു പി എ രൂപവത്കരണ കാലത്ത് സഖ്യരൂപവത്കരണത്തിലും സര്‍ക്കാറുണ്ടാക്കുന്നതിലും മുന്നില്‍ നിന്ന സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന് സമാനമായ റോള്‍ വഹിക്കാന്‍ ഇപ്പോള്‍ സീതാറാം യെച്ചൂരിക്ക് കഴിയും. സുര്‍ജിത്തിനെ പോലെ മറ്റു പാര്‍ട്ടികള്‍ക്കിടയില്‍ കൂടി ഒരു ഡീസന്റ് പൊളിറ്റീഷ്യന്‍ ടാഗ് യെച്ചൂരിക്കുമുണ്ട്. ഈ ശ്രമങ്ങളുടെ പരീക്ഷണ വേദിയായി വരുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പുകള്‍ മാറ്റാനും കഴിയും. ഗുജറാത്ത് ഏറെക്കാലമായി ബി ജെ പിയുടെ ഉറച്ച കോട്ടയായി നിലകൊള്ളുന്നുണ്ടെങ്കിലും ഭരണവിരുദ്ധ വികാരം ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ ഗുജറാത്തില്‍ ബി ജെ പിക്ക് വലിയ ക്ഷീണമുണ്ടാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞേക്കും. എന്നാല്‍ അതിനേക്കാള്‍ വേഗത്തില്‍ പ്രതിപക്ഷത്തിന് മുന്നേറാന്‍ കഴിയുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഏറെക്കാലമായി ബി ജെ പിയും കോണ്‍ഗ്രസ്സും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ബി ജെ പിയെ തുടരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രതിപക്ഷത്തിന് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം. രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് രംഗത്ത് ഏറെ മുന്നിലുള്ള ആം ആദ്മി പാര്‍ട്ടിയെ കൂടി കോണ്‍ഗ്രസ്സ് നയിക്കുന്ന പ്രതിപക്ഷ മുന്നണിയുടെ ഭാഗമാക്കുകയോ ഒരു പൊതുധാരണ വെച്ച് പരസ്പരമുള്ള മത്സരം ഒഴിവാക്കുകയോ ചെയ്താല്‍ തന്നെ അത് വലിയ ഫലമുണ്ടാക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പ് കൂടി അവസാനിച്ചതോടെ ഇത് പ്രതിപക്ഷത്തിന് അവസാനത്തെ ഡ്രസ്സ് റിഹേഴ്‌സലാണ്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് 2024ലെ പൊതു തിരഞ്ഞെടുപ്പിനുള്ള ട്രെന്‍ഡ് സൃഷ്ടിക്കാനുള്ള അവസരം കൂടിയാണ് എന്നിടത്താണ് പ്രതിപക്ഷ സ്വപ്‌നങ്ങള്‍ ബാക്കിയാകുക.

Latest