International
ഒട്ടും ശുഭകരമല്ല; ലൊസ് ഏഞ്ചല്‍സില്‍ കാര്യങ്ങള്‍ കൈവിടുന്നു
വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് ലോസ് ഏഞ്ചല്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
അമേരിക്കയെയും ലോകത്തെയും ആശങ്കയിലാഴ്ത്തി ലൊസ് ഏഞ്ചല്‍സിലെ കാട്ടുതീ പടരുന്നു. കാര്യങ്ങള്‍ ഒട്ടും ആശ്വാസകരമല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് ലോസ് ഏഞ്ചല്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ആരംഭിച്ച കാട്ടുതീയില്‍ പതിനാറ് മരണങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചു. 12,000-ത്തിലധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിക്കുകയോ ചെയ്തിട്ടുണ്ട്.
ഈറ്റണിലും പാലിസേഡിലുമുള്ള തീപിടുത്തങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ഇവിടെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. പാലിസേഡ്‌സ് തീപിടുത്തത്തില്‍ 22,600 ഏക്കര്‍ കത്തിനശിച്ചു. ഇവിടെ 11 ശതമാനം മാത്രമേ നിയന്ത്രണവിധേയമായിട്ടുള്ളൂ. അതേസമയം അല്‍തഡീന പ്രദേശത്തെ ബാധിച്ച തീപിടുത്തത്തില്‍ 14,000 ഏക്കര്‍ കത്തിനശിച്ചു. 15 ശതമാനം മാത്രമേ ഇതുവരെ നിയന്ത്രണവിധേയമാക്കാനായുള്ളൂ. വരും ദിവസങ്ങളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. ‘തിങ്കള്‍ മുതല്‍ ബുധന്‍ വരെ കാറ്റ് ശക്തമാകുമെന്നത് ആശങ്കയുണ്ടാക്കുന്നു. ഇതിന്റെ ദൈര്‍ഘ്യം പൊതുവേ നല്ലതായി തോന്നുന്നില്ല’ ഒരു കാലാവസ്ഥാ നിരീക്ഷകനെ ഉദ്ധരിച്ച് എല്‍എ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ നാശത്തെ ‘യുദ്ധരംഗം’ പോലെയെന്നാണ് വിശേഷിപ്പിച്ചത്. ഇതിനിടെ മേഖലയില്‍ കൊള്ളയടിയും വ്യാപകമാണ്. കൊള്ളയടി തടയാന്‍ ഒഴിപ്പിച്ച പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊള്ള നടത്തിയതിന് ഇതിനകം കുറഞ്ഞത് രണ്ട് ഡസനോളം അറസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ കാട്ടുതീ അണയ്ക്കാന്‍ ജലക്ഷാമം നേരിടുന്നുണ്ട്. ഇത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. മരിച്ചവരെ കണ്ടെത്തുന്നതിനായി നായ്ക്കളെ ഉപാേഗിച്ച് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന