Connect with us

Kerala

ശിബിരത്തില്‍ പങ്കെടുക്കാനാകാതിരുന്നത് ഹൃദയ വേദനയുണ്ടാക്കി; വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്താതെ മുല്ലപ്പള്ളി

വിട്ടുനിന്നതിന്റെ കാരണങ്ങള്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ ആ നിലക്ക് കൈകാര്യം ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്നത് സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിട്ടുനിന്നതിന്റെ കാരണങ്ങള്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ ആ നിലക്ക് കൈകാര്യം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. താന്‍ കളിച്ചുനടന്ന, പഠിച്ചു വളര്‍ന്ന നാടാണ് കോഴിക്കോട്. അവിടെ പാര്‍ട്ടിയുടെ ഇത്രയും പ്രധാനപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ കടുത്ത വിഷമമുണ്ട്. അത്യന്തം ഹൃദയ വേദനയോടെയാണ് ശിബിരത്തില്‍ നിന്ന് വിട്ടുനിന്നത്.

എന്നാല്‍, ശിബിരത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. താനുമായി അടുത്തുനില്‍ക്കുന്നവര്‍ക്കു പോലും തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. പാര്‍ട്ടി കൂറുള്ള, സത്യസന്ധനായ ഒരു പ്രവര്‍ത്തകന്‍ എന്ന നിലക്ക് അവരെ ശരിയായ കാരണം ബോധ്യപ്പെടുത്താനാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പാര്‍ട്ടിയിലെ ഒരു നേതാവിനോടും വ്യക്തിപരമായ വൈരാഗ്യമില്ല. ആശയപരമായ വിയോജിപ്പുകള്‍ മാത്രമാണുള്ളത്. ചിന്തന്‍ ശിബിരം നല്ല ഒരു ഇടപെടലാണെന്നും അതില്‍ നടന്ന ചര്‍ച്ചകളും തീരുമാനങ്ങളും ഏറെ പ്രാധാന്യമുള്ളതാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.