K Muraleedharan
ഉടനെ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കെ മുരളീധരന്‍
വയനാട്ടില്‍ മത്സരിക്കാന്‍ ഒരുപാടു നേതാക്കളുണ്ട്
കോഴിക്കോട് | ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശൂരില്‍ പരാജയപ്പെട്ട മുരളീധരനെ വയനാട്ടിലോ പാലക്കാട്ടോ മത്സരിപ്പിക്കാമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് മുരളീധരന്റെ പ്രതികരണം.
തനിക്കു വയനാടിന്റെ ആവശ്യമില്ല. വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്സിന് ഒരുപാട് നേതാക്കളുണ്ട്. രാജ്യസഭയിലേക്കും പോകാനില്ല. ഞാന്‍ രാജ്യസഭക്ക് എതിരാണ്. രാജ്യസഭയിലേക്കു പോയാല്‍ എന്റെ ആരോഗ്യത്തിന് എന്തോ കുഴപ്പമുണ്ട് എന്നു വിചാരിച്ചാല്‍ മതി. തൃശൂരിലെ പരാജയം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെവയ്ക്കുന്നതില്‍ വിശ്വാസമില്ല. മുമ്പും പലേ കമ്മിഷനുകളും ഉണ്ടായിട്ടുണ്ട്. അതിലൊന്നും നടപടികളുണ്ടായിട്ടില്ല.
തൃശൂരിലെ തോല്‍വിയുടെ പേരില്‍ പ്രവര്‍ത്തകര്‍ തമ്മിലടിക്കരുത്. പഞ്ചായത്ത് ഇലക്ഷന്‍ വരാന്‍ പോവുകയാണ്. ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വരും. കഴിഞ്ഞതു കഴിഞ്ഞു. അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടായാല്‍ കോണ്‍ഗ്രസ്സിന്റെ മുഖം വികൃതമാവും. അപ്രതീക്ഷിത തിരിച്ചടിയുണ്ടാവുമ്പോള്‍ പ്രവര്‍ത്തകര്‍ പ്രതികരിക്കും. പ്രതികരിക്കേണ്ട സമയത്തെ പ്രതികരിക്കാന്‍ പാടുള്ളൂ. അടിയും പോസ്റ്റര്‍ യുദ്ധവും പാടില്ല.
18 സീറ്റ് നേടിയ സാഹചര്യത്തില്‍ കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്ന മാറ്റേണ്ട ആവശ്യമില്ല. തദ്ദേശ ഭരണ തിരഞ്ഞെടുപ്പും സുധാകരന്‍ നയിക്കണം. തൃശൂരില്‍ ആരും വോട്ടുമറിച്ചതല്ല. കെ മുരളീധരനെതിരെ വോട്ടുമറിക്കാന്‍ ശേഷിയുള്ള നേതാവ് ഉണ്ടെന്നു പറഞ്ഞാല്‍ അത്തരക്കാര്‍ക്ക് അംഗീകാരം നല്‍കലായിരിക്കും. തൃശൂരില്‍ ഒരു കേന്ദ്രമന്ത്രി വരണമെന്ന് യുവാക്കള്‍ ചിന്തിച്ചു. അത് സുരേഷ്‌ഗോപിക്ക് അനുകൂലമായി. കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ടുകള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചു. പരാജയത്തിന്റെ പേരില്‍ ഒരു നടപടിയും ആവശ്യപ്പെടുന്നില്ല. എല്ലാം പാര്‍ട്ടി തീരുമാനിക്കണം. താന്‍ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കണമെന്നു പറയുന്നത് വിമര്‍ശനമല്ലെന്നും മുരളീധരന്‍ പറഞ്ഞു.