Connect with us

National

ആവശ്യത്തിന് പനീര്‍ ലഭിച്ചില്ല; വിവാഹ ചടങ്ങിലേക്ക് മിനി ബസ് ഇടിച്ചുകയറ്റി

വരന്റെ പിതാവിനും വധുവിന്റെ അമ്മാവനും ഉള്‍പ്പെടെ ആറ് പേര്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

ലഖ്‌നോ | വിവാഹാഘോഷത്തില്‍ ആവശ്യത്തിന് പനീര്‍ ലഭിച്ചില്ലെന്നാരോപിച്ച് യുവാവ് വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ആറ് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.

ഭക്ഷണത്തില്‍ ആവശ്യത്തിന് പനീര്‍ വിളമ്പാത്തതില്‍ കുപിതനായി മിനിബസ് ഡ്രൈവറായ ധര്‍മേന്ദ്ര യാദവാണ് വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയത്. ധര്‍മേന്ദ്രയുടെ വാഹനത്തിലാണ് അതിഥികള്‍ വിവാഹത്തിനെത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ കൗണ്ടറില്‍ നിന്ന് കൂടുതല്‍ പനീര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ക്ക് ലഭിച്ചില്ല. ഇതോടെ യാദവ് പ്രകോപിതനായി മിനിബസ് വിവാഹ മണ്ഡപത്തിലെ അതിഥികള്‍ക്കിടയിലേക്ക്് ബസ് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ വരന്റെ പിതാവിനും മറ്റ് അഞ്ച് പേര്‍ക്കുമാണ് പരുക്കേറ്റത്. വധുവിന്റെ അമ്മാവനും പരുക്കുണ്ട്. ആറ് പേരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയില്‍ നടക്കാനിരുന്ന വിവാഹം ഞായറാഴ്ച പുലര്‍ച്ചെ നടത്തി. ലോക്കല്‍ പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപവത്കരിച്ചു.