National
പൊതുസ്ഥലത്ത് കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ല; മദ്രാസ് ഹൈക്കോടതി
ഇത്തരം അന്ധവിശ്വാസങ്ങള്‍ ഈ കാലഘട്ടത്തിലും നിലനില്‍ക്കുന്നത് പരിതാപകരമാണെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ചെന്നൈ| പൊതുസ്ഥലത്ത് കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം അന്ധവിശ്വാസങ്ങള്‍ ഈ കാലഘട്ടത്തിലും നിലനില്‍ക്കുന്നത് പരിതാപകരമാണെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു. വഴിയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി വിഗ്രഹാരാധന നടത്തി വന്നിരുന്ന കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം.
തന്റെ പുരയിടത്തിന് പുറത്ത് അയല്‍ക്കാരന്‍ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കപ്പേട്ട് സ്വദേശി ശക്തി മുരുഗനാണ് ഹരജി സമര്‍പ്പിച്ചത്. കല്ല് തുണികൊണ്ട് പുതപ്പിച്ച് പൂജിക്കാന്‍ തുടങ്ങിയെന്നും തന്റെ പുരയിടത്തിലേക്ക് പ്രവേശിക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും ശക്തി മുരുഗന്റെ ഹരജിയില്‍ പറയുന്നു. കല്ല് നീക്കാന്‍ പോലീസ് സംരക്ഷണം വേണമെന്നും മുരുഗന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹരജിയില്‍ വാദം കേട്ട ശേഷം ഒരാഴ്ചക്കകം കല്ല് നീക്കം ചെയ്യണമെന്ന് പോലീസിനും റവന്യൂവകുപ്പിനും കോടതി നിര്‍ദേശം നല്‍കി. ഇത്തരം കേസ് സമയം കളയുന്നതാണെന്നും കോടതി വിമര്‍ശിച്ചു.